---
title: "കൊളവല്ലൂരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിന്റെ പേരിൽ ക്രൂരമർദനമേറ്റ സംഭവം ; ആറ് പ്ലസ് ടു വിദ്യാർത്ഥികൾക്ക്  സസ്പെൻഷൻ"
english_title: "Kolavallur Ragging Case: Plus One Student Attacked, 6 Plus Two Students Suspended"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375192/kolavallur-ragging-case-plus-one-student-attacked-6-plus-two-students-suspended"
published_at: "2026-07-28T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a68a04f98a89_kolavallur-ragging-plus-one-student-attacked-six.jpg"
keywords: ["Kolavallur", "Ragging", "Plus One Student", "PRM School", "School Violence", "Suspension", "Police Case"]
---

# കൊളവല്ലൂരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിന്റെ പേരിൽ ക്രൂരമർദനമേറ്റ സംഭവം ; ആറ് പ്ലസ് ടു വിദ്യാർത്ഥികൾക്ക്  സസ്പെൻഷൻ

> **Lead Summary:** കൊളവല്ലൂർ: കൊളവല്ലൂരിൽ റാഗിങ്ങിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദനം. കൊളവല്ലൂർ പി.ആർ.എം. ഹയർ സെക്കൻഡറി സ്കൂളിലെ 16-കാരനായ പ്ലസ് വൺ വിദ്യാർത്ഥിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.

## Article Content

കൊളവല്ലൂർ: കൊളവല്ലൂരിൽ റാഗിങ്ങിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദനം. കൊളവല്ലൂർ പി.ആർ.എം. ഹയർ സെക്കൻഡറി സ്കൂളിലെ 16-കാരനായ പ്ലസ് വൺ വിദ്യാർത്ഥിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.

സ്കൂളിലെ സീനിയർ വിദ്യാർത്ഥികളായ പ്ലസ് ടു വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. റാഗിങ്ങിന്റെ ഭാഗമായി വിദ്യാർത്ഥിയെ മർദിച്ചതിന് പിന്നാലെ കല്ല് ഉപയോഗിച്ച് തലയ്ക്ക് അടിച്ചതായും ഇതുമൂലം തലയിൽ ഗുരുതരമായി പരിക്കേറ്റതായും വിദ്യാർത്ഥി വെളിപ്പെടുത്തി. ആക്രമണത്തിന് ശേഷം വിദ്യാർത്ഥിയെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചു.

സംഭവത്തെ തുടർന്ന് വിദ്യാർത്ഥിയുടെ ബന്ധുക്കൾ പരാതി നൽകി.

പരാതി ഗൗരവമായി കണ്ട സ്കൂൾ അധികൃതർ പ്രാഥമിക അന്വേഷണത്തിന് ശേഷം ആക്രമണത്തിൽ ഉൾപ്പെട്ടതായി കണ്ടെത്തിയ ആറ് പ്ലസ് ടു വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. തുടർ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.

സ്കൂൾ പരിസരത്ത് വീണ്ടും റാഗിങ് പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കൂടുതൽ ജാഗ്രതാ നടപടികൾ സ്വീകരിക്കുമെന്നും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അധ്യാപകരുടെയും രക്ഷിതാക്കളുടെയും സംയുക്ത യോഗം വിളിച്ചുചേരാനാണ് ആലോചനയെന്നും അധികൃതർ അറിയിച്ചു.

സംഭവം പ്രദേശത്ത് വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. സ്കൂളുകളിൽ റാഗിങ്ങിനെതിരെ ശക്തമായ ബോധവൽക്കരണവും കർശനമായ നിരീക്ഷണവും ഉറപ്പാക്കണമെന്ന ആവശ്യം രക്ഷിതാക്കളും പൊതുജനങ്ങളും ഉയർത്തുന്നുണ്ട്. അതേസമയം കൊളവല്ലൂർ പൊലീസും സംഭവത്തിൽ ഇടപെടുന്നുണ്ട്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് രക്ഷിതാക്കളെ വിളിച്ചു വരുത്തി. പ്രതിപ്പട്ടികയിലുള്ളവരുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായും പറയപ്പെടുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375192/kolavallur-ragging-case-plus-one-student-attacked-6-plus-two-students-suspended)