---
title: "ഓപ്പറേഷൻ തൂഫാൻ ; മയക്കുമരുന്ന് കേസിലെ മുഖ്യപ്രതിയെ ബാംഗ്ലൂരിൽ നിന്നും ഇരിട്ടി പൊലീസ് തൂക്കി"
english_title: "Operation Thoofan: Iritty Police Arrest Main Accused in Methamphetamine Smuggling Case from Bangalore"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375114/operation-thoofan-iritty-police-arrest-main-accused-in-methamphetamine-smuggling-case-from-bangalore"
published_at: "2026-07-28T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a685e5d234f4_operation-thoofan-iritty-police-arrest-.jpg"
keywords: ["Operation Thoofan", "Iritty Police", "Methamphetamine", "Drug Smuggling", "Bangalore"]
---

# ഓപ്പറേഷൻ തൂഫാൻ ; മയക്കുമരുന്ന് കേസിലെ മുഖ്യപ്രതിയെ ബാംഗ്ലൂരിൽ നിന്നും ഇരിട്ടി പൊലീസ് തൂക്കി

> **Lead Summary:** ഇരിട്ടി: മയക്കുമരുന്ന് മാഫിയകൾക്കെതിരെ കേരള പൊലീസ് ശക്തമാക്കിയ 'ഓപ്പറേഷൻ തൂഫാൻ' നടപടികളുടെ ഭാഗമായി ബംഗളുരുവിൽ നിന്ന് ടൂറിസ്റ്റ് ബസിൽ കേരളത്തിലേക്ക് മെത്താംഫെറ്റമിൻ കടത്തിയ കേസിലെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ.

## Article Content

ഇരിട്ടി: മയക്കുമരുന്ന് മാഫിയകൾക്കെതിരെ കേരള പൊലീസ് ശക്തമാക്കിയ 'ഓപ്പറേഷൻ തൂഫാൻ' നടപടികളുടെ ഭാഗമായി ബംഗളുരുവിൽ നിന്ന് ടൂറിസ്റ്റ് ബസിൽ കേരളത്തിലേക്ക് മെത്താംഫെറ്റമിൻ കടത്തിയ കേസിലെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ.

ബംഗളുരു ഭുവനേശ്വരി നഗർ സ്വദേശി അമീർ ബാഷ (22)യെയാണ് ഇരിട്ടി പൊലീസ് ഇൻസ്പെക്ടർ വി. സിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഭുവനേശ്വരി നഗറിൽ വെച്ച് അറസ്റ്റ് ചെയ്തത്.

ടൂറിസ്റ്റ് ബസിൽ മെത്താംഫെറ്റമിൻ കടത്തിയ കേസിൽ നേരത്തെ അറസ്റ്റിലായ പടിയൂർ സ്വദേശി ഡെന്നി എബ്രഹാം, കരിക്കോട്ടക്കരി സ്വദേശി ഫസലുദ്ദീൻ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മുഖ്യ സൂത്രധാരനെ കുറിച്ച് നിർണായക വിവരം ലഭിച്ചത്.

ഇരിട്ടി പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് അന്തർ സംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാന കണ്ണി പിടിയിലായത്. കേരളത്തിലേക്ക് മെത്താംഫെറ്റമിൻ എത്തിക്കുന്നതിന് ഫസലുദ്ദീൻ അമീർ ബാഷയുമായി ബന്ധപ്പെട്ടു. തുടർന്ന് അമീർ ബാഷ ബംഗളുരുവിൽ നിന്ന് മയക്കുമരുന്ന് വാങ്ങി ബസ് ഡ്രൈവറായ ഡെന്നി എബ്രഹാമിന് നൽകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

എ.എസ്.ഐ ബിജു, സിവിൽ പൊലീസ് ഓഫിസർമാരായ ഷിജിത്ത്, ആദർശ്, എസ്.പിയുടെ ലഹരി വിരുദ്ധ സേന എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375114/operation-thoofan-iritty-police-arrest-main-accused-in-methamphetamine-smuggling-case-from-bangalore)