---
title: "തൊണ്ടയിൽ മീൻമുള്ള്  തറച്ചു ; ചികിത്സയിൽ പിഴവെന്ന് പരാതി - കണ്ണൂർ സ്വകാര്യ ആശുപത്രി ഡോക്ടർക്കെതിരെ കേസ്"
english_title: "Kannur Doctor Booked for Medical Negli"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/374076/kannur-doctor-booked-for-medical-negli"
published_at: "2026-07-23T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61b01b26427_kannur-doctor-case-medical-negligence-.jpg"
keywords: ["KIMS Srichand Hospital", "Medical negligence", "Doctor case", "Kannur Town Police"]
---

# തൊണ്ടയിൽ മീൻമുള്ള്  തറച്ചു ; ചികിത്സയിൽ പിഴവെന്ന് പരാതി - കണ്ണൂർ സ്വകാര്യ ആശുപത്രി ഡോക്ടർക്കെതിരെ കേസ്

> **Lead Summary:** കണ്ണൂർ: തൊണ്ടയിൽ മീൻമുള്ള് തറച്ചതിനെ തുടർന്ന് നൽകിയ ചികിത്സയിൽ അശ്രദ്ധയും വീഴ്ചയും സംഭവിച്ചെന്ന പരാതിയിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.

## Article Content

കണ്ണൂർ: തൊണ്ടയിൽ മീൻമുള്ള് തറച്ചതിനെ തുടർന്ന് നൽകിയ ചികിത്സയിൽ അശ്രദ്ധയും വീഴ്ചയും സംഭവിച്ചെന്ന പരാതിയിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.

കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രിയിലെ ഡോ. ഗൗരവിനെതിരെയാണ് (35) കേസ് രജിസ്റ്റർ ചെയ്തത്. കാസർകോട് പിലിക്കോട് ഏച്ചിക്കോവിൽ സ്വദേശിനി പി.വി. സാവിത്രി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

കഴിഞ്ഞ ജൂൺ 16-നാണ് തൊണ്ടയിൽ മീൻമുള്ള് തറച്ചതിനെ തുടർന്ന് സാവിത്രി കിംസ് ശ്രീചന്ദ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഡോ. ഗൗരവാണ് പ്രാഥമിക ചികിത്സ നൽകിയത്. എന്നാൽ ചികിത്സയ്ക്ക് ശേഷവും തൊണ്ടയിലെ വേദനയും അസ്വസ്ഥതകളും മാറിയില്ലെന്നും മറിച്ച് ശാരീരിക ബുദ്ധിമുട്ടുകൾ കൂടുതൽ വർദ്ധിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.

തുടർന്ന് സാവിത്രി മറ്റ് ആശുപത്രികളിൽ വിദഗ്ധ ചികിത്സ തേടി. അവിടെ നടത്തിയ പരിശോധനയിലാണ് പ്രാഥമിക ചികിത്സയിൽ വീഴ്ച സംഭവിച്ചതായി സംശയം ഉണ്ടായത്. ഇതോടെയാണ് സാവിത്രി കണ്ണൂർ റേഞ്ച് ഡിഐജിക്ക് പരാതി സമർപ്പിച്ചത്.

പരാതി ലഭിച്ചതിന് പിന്നാലെ ഡിഐജിയുടെ നിർദ്ദേശപ്രകാരം കണ്ണൂർ ടൗൺ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി. ചികിത്സയിൽ അശ്രദ്ധ ഉണ്ടായതായി പ്രാഥമികമായി കണ്ടെത്തിയതിനെ തുടർന്നാണ് ഡോക്ടർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/374076/kannur-doctor-booked-for-medical-negli)