---
title: "തളിപ്പറമ്പിൽ അനധികൃത മദ്യക്കടത്ത് ; സ്കൂട്ടറുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടയാൾക്കെതിരെ കേസ്"
english_title: "Liquor Smuggling Case in Taliparamba | 8 Litres Seized by Excise, Accused Escapes"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/373946/liquor-smuggling-case-in-taliparamba-8-litres-seized-by-excise-accused-escapes"
published_at: "2026-07-22T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a609639c32f2_taliparamba-liquor-smuggling-excise-raid-scooter-seized.jpg"
keywords: ["Excise raid Kerala", "liquor smuggling", "Arun Kumar", "Abkari case", "Mayyil"]
---

# തളിപ്പറമ്പിൽ അനധികൃത മദ്യക്കടത്ത് ; സ്കൂട്ടറുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടയാൾക്കെതിരെ കേസ്

> **Lead Summary:** തളിപ്പറമ്പ്: അനധികൃതമായി മദ്യം കടത്തുന്നതിനിടെ എക്സൈസ് സംഘത്തെ കണ്ടതോടെ സ്കൂട്ടർ ഉപേക്ഷിച്ച് കടത്തുകാരൻ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ അബ്കാരി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

## Article Content

തളിപ്പറമ്പ്: അനധികൃതമായി മദ്യം കടത്തുന്നതിനിടെ എക്സൈസ് സംഘത്തെ കണ്ടതോടെ സ്കൂട്ടർ ഉപേക്ഷിച്ച് കടത്തുകാരൻ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ അബ്കാരി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

ചട്ടുകപ്പാറ മരുതിയോടൻ വീട്ടിൽ താമസിക്കുന്ന അരുൺ കുമാർ (45) ആണ് കേസിലെ പ്രതി. KL-59-AB-8921 നമ്പർ ഇലക്ട്രിക് സ്കൂട്ടറിൽ 8 ലിറ്റർ മദ്യം കടത്തുന്നതിനിടെയാണ് എക്സൈസ് സംഘം ഇയാളെ തടയാൻ ശ്രമിച്ചത്.

മയ്യിൽ, ചട്ടുകപ്പാറ മേഖലകളിൽ തളിപ്പറമ്പ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ടി.ആർ. രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് സംഭവം. സംഘത്തെ കണ്ടതോടെ അരുൺ കുമാർ സ്കൂട്ടർ റോഡരികിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന 8 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും വാഹനവും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പ്രതി മുൻപും അബ്കാരി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

പ്രിവന്റീവ് ഓഫീസർ കെ.കെ. കൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർ സനേഷ്, ഡ്രൈവർ സി.വി. അനിൽ കുമാർ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. കടത്തിയ മദ്യത്തിന്റെ ഉറവിടത്തെക്കുറിച്ചും പ്രതി ആർക്ക് വിതരണം ചെയ്യാനായിരുന്നു ഉദ്ദേശിച്ചതെന്നും സംബന്ധിച്ച് എക്സൈസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. തളിപ്പറമ്പ് മേഖലയിൽ അനധികൃത മദ്യ വിൽപ്പനയും കടത്തും തടയുന്നതിന്റെ ഭാഗമായി ശക്തമായ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/373946/liquor-smuggling-case-in-taliparamba-8-litres-seized-by-excise-accused-escapes)