---
title: "പാറക്കടവിൽ കുളത്തിൽ മുങ്ങിതാണ നാലാം ക്ലാസുകാരന് പുതുജീവൻ ; അതിസാഹസിക രക്ഷാപ്രവർത്തനത്തിന് അധ്യാപകന് നാടിന്റെ  ആദരം"
english_title: "Parakkadavu Teacher Saves Class 4 Student from Drowning; Honored for Brave Rescue"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/373873/parakkadavu-teacher-saves-class-4-student-from-drowning-honored-for-brave-rescue"
published_at: "2026-07-22T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6058be9f256_Untitled-2_copy.jpg"
keywords: ["Rescue Story", "CPR", "Nadapuram MLA Abhijith", "Sirajul Huda", "Accident"]
---

# പാറക്കടവിൽ കുളത്തിൽ മുങ്ങിതാണ നാലാം ക്ലാസുകാരന് പുതുജീവൻ ; അതിസാഹസിക രക്ഷാപ്രവർത്തനത്തിന് അധ്യാപകന് നാടിന്റെ  ആദരം

> **Lead Summary:** പാറക്കടവ്:പാറക്കടവിൽ കുളത്തിൽ മുങ്ങിത്താഴ്ന്ന നാലാം ക്ലാസ് വിദ്യാർത്ഥിക്ക് സിറാജുൽ ഹുദാ അധ്യാപകന്റെ സമയോചിതമായ ഇടപെടൽ പുതുജീവൻ നൽകി. കൊടക് സ്വദേശി ഇർഷാദ് സഖാഫിയുടെ അതിസാഹസികമായ രക്ഷാപ്രവർത്തനമാണ് ഒരു കുടുംബത്തിന് പ്രതീക്ഷ നൽകിയത്.

## Article Content

പാറക്കടവ്:പാറക്കടവിൽ കുളത്തിൽ മുങ്ങിത്താഴ്ന്ന നാലാം ക്ലാസ് വിദ്യാർത്ഥിക്ക് സിറാജുൽ ഹുദാ അധ്യാപകന്റെ സമയോചിതമായ ഇടപെടൽ പുതുജീവൻ നൽകി. കൊടക് സ്വദേശി ഇർഷാദ് സഖാഫിയുടെ അതിസാഹസികമായ രക്ഷാപ്രവർത്തനമാണ് ഒരു കുടുംബത്തിന് പ്രതീക്ഷ നൽകിയത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് പാറക്കടവ് ചാക്യാർകുന്ന് പള്ളിക്ക് സമീപമുള്ള കുളത്തിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് നാലാം ക്ലാസ് വിദ്യാർത്ഥി ബിലാൽ ആഴമുള്ള ഭാഗത്തേക്ക് വീണത്. കുട്ടി മുങ്ങിപ്പോകുന്നത് കണ്ട് മറ്റ് വിദ്യാർത്ഥികൾ ബഹളം വച്ചതോടെ പള്ളിക്കുള്ളിലുണ്ടായിരുന്ന ഇർഷാദ് സഖാഫി ഉടൻ ഓടിയെത്തി.

ഒരു നിമിഷം പോലും കളയാതെ കൈയിലുണ്ടായിരുന്ന മൊബൈലും സാധനങ്ങളും മാറ്റിവച്ച് വസ്ത്രം അഴിക്കാതെ തന്നെ അദ്ദേഹം കുളത്തിലേക്ക് ചാടി. പടവുകളില്ലാത്ത ഭാഗത്തേക്ക് നീന്തിയെത്തിയ ഇർഷാദ് കുട്ടിയെ കരയിലേക്ക് കൊണ്ടുപോകുന്നതിനു പകരം വെള്ളത്തിൽ നിന്നുകൊണ്ടു തന്നെ CPR നൽകി. ഏകദേശം 5 മിനിറ്റോളമുള്ള പരിശ്രമത്തിനൊടുവിൽ ബിലാലിന് ശ്വാസം തിരിച്ചുകിട്ടി. പിന്നീട് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.

ധീരമായ രക്ഷാപ്രവർത്തനത്തിന് ഇർഷാദ് സഖാഫിയെ ആദരിക്കാൻ പാറക്കടവ് സിറാജുൽ ഹുദാ ക്യാമ്പസിൽ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു. നാദാപുരം എം.എൽ.എ അഭിജിത്ത് സ്ഥാപനത്തിന്റെ ഉപഹാരം അദ്ദേഹത്തിന് സമ്മാനിച്ചു.

ചടങ്ങിൽ സംസാരിച്ച ഇർഷാദ് സഖാഫി, എസ്.വൈ.എസ് സ്വാന്തനം വളണ്ടിയറായി ലഭിച്ച പരിശീലനമാണ് പ്രതിസന്ധി ഘട്ടത്തിൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ സഹായിച്ചതെന്ന് പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/373873/parakkadavu-teacher-saves-class-4-student-from-drowning-honored-for-brave-rescue)