---
title: "തളിപ്പറമ്പിൽ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു  കൊന്നു ; പുലിയാവാൻ സാധ്യതയെന്ന് വനം വകുപ്പ്"
english_title: "Taliparamba Chuzhali Calf Killed by Wild Animal Suspected Leopard Forest Dept Alert"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/373752/taliparamba-chuzhali-calf-killed-by-wild-animal-suspected-leopard-forest-dept-alert"
published_at: "2026-07-21T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f41c2449e8_taliparamba-chuzhali-calf-killed-leopard-suspected.jpg"
keywords: ["Taliparamba", "Chuzhali", "Leopard Attack", "Kerala Forest Department", "Calf Killed", "Taliparamba Range Forest"]
---

# തളിപ്പറമ്പിൽ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു  കൊന്നു ; പുലിയാവാൻ സാധ്യതയെന്ന് വനം വകുപ്പ്

> **Lead Summary:** തളിപ്പറമ്പ്: കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് ചുഴലി പടിഞ്ഞാറെ മൂലയിൽ പശുക്കിടാവിനെ അജ്ഞാത ജീവി ആക്രമിച്ച് കൊന്ന സംഭവം നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. ചുഴലി സ്വദേശി ടി.വി. വിനോദിന്റെ ഉടമസ്ഥതയിലുള്ള പശുക്കിടാവാണ് ചത്തത്.

## Article Content

തളിപ്പറമ്പ്: കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് ചുഴലി പടിഞ്ഞാറെ മൂലയിൽ പശുക്കിടാവിനെ അജ്ഞാത ജീവി ആക്രമിച്ച് കൊന്ന സംഭവം നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. ചുഴലി സ്വദേശി ടി.വി. വിനോദിന്റെ ഉടമസ്ഥതയിലുള്ള പശുക്കിടാവാണ് ചത്തത്.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം നടന്നത്. രാവിലെ ഉടമസ്ഥൻ കിടാവിനെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ശരീരത്തിൽ ആഴത്തിലുള്ള കടിയേറ്റ പാടുകളും ചോരയും കണ്ടതിനെ തുടർന്ന് ഉടൻ തന്നെ വിവരം തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസിനെ അറിയിച്ചു.

വിവരം ലഭിച്ചയുടൻ റേഞ്ച് ഫോറസ്റ്റ് ഓഫീസർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കാൽപാടുകളും ആക്രമണത്തിന്റെ രീതിയും വിലയിരുത്തിയ ഉദ്യോഗസ്ഥർ ഇത് പുലിയുടെ ആക്രമണം ആകാനുള്ള സാധ്യതയാണ് കൂടുതലെന്ന് പ്രാഥമിക നിഗമനത്തിൽ പറഞ്ഞു.

സംഭവത്തെ തുടർന്ന് ചുഴലി, പടിഞ്ഞാറെ മൂല, പരിസര പ്രദേശങ്ങളിലെ ജനങ്ങൾ രാത്രി സമയത്ത് പുറത്തിറങ്ങരുതെന്നും കന്നുകാലികളെ സുരക്ഷിതമായി കെട്ടണമെന്നും വനം വകുപ്പ് നിർദ്ദേശം നൽകി.

ആക്രമണം നടന്ന സ്ഥലത്തും സമീപത്തെ കാട്ടുപാതകളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. വനം വകുപ്പിന്റെ സംഘം സ്ഥലത്ത് പട്രോളിംഗ് ശക്തമാക്കിയിട്ടുമുണ്ട്. കൂടുതൽ പരിശോധനകൾക്കായി വനം വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/373752/taliparamba-chuzhali-calf-killed-by-wild-animal-suspected-leopard-forest-dept-alert)