---
title: "അണിയാരത്തെ ഭാരത് ഗ്യാസ് ഏജൻസി പൊയിലൂരേക്ക്  മാറ്റുന്നു ; പ്രതിഷേധവുമായി യുഡിഎഫ് പെരിങ്ങളം മേഖലാ കമ്മിറ്റി"
english_title: "Bharat Gas Agency Shift from Aniyaram to Poyiloor: UDF Protest in Peringalam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/373696/bharat-gas-agency-shift-from-aniyaram-to-poyiloor-udf-protest-in-peringalam"
published_at: "2026-07-21T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f20fa7d217_Untitled-4_copy.jpg"
keywords: ["Aniyaram", "Bharat Gas", "UDF Protest", "Peringathur", "Gas Agency"]
---

# അണിയാരത്തെ ഭാരത് ഗ്യാസ് ഏജൻസി പൊയിലൂരേക്ക്  മാറ്റുന്നു ; പ്രതിഷേധവുമായി യുഡിഎഫ് പെരിങ്ങളം മേഖലാ കമ്മിറ്റി

> **Lead Summary:** പെരിങ്ങത്തൂർ: പെരിങ്ങത്തൂർ അണിയാരത്ത് പ്രവർത്തിക്കുന്ന ഭാരത് ഗ്യാസ് ഏജൻസിയുടെ പ്രവർത്തനം പൊയിലൂരിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി യു.ഡി.എഫ് പെരിങ്ങളം മേഖലാ കമ്മിറ്റി. ഉപഭോക്താക്കൾക്ക് വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുന്ന തീരുമാനമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

## Article Content

പെരിങ്ങത്തൂർ: പെരിങ്ങത്തൂർ അണിയാരത്ത് പ്രവർത്തിക്കുന്ന ഭാരത് ഗ്യാസ് ഏജൻസിയുടെ പ്രവർത്തനം പൊയിലൂരിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി യു.ഡി.എഫ് പെരിങ്ങളം മേഖലാ കമ്മിറ്റി. ഉപഭോക്താക്കൾക്ക് വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുന്ന തീരുമാനമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

അണിയാരം ഭാരത് ഗ്യാസ് ഏജൻസിക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം യു.ഡി.എഫ് പെരിങ്ങളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു. കെ. രമേശൻ, അലി കുയ്യാലിൽ, നിഷിതാ ചന്ദ്രൻ, എൻ.പി. അബ്ദുൽ മുനീർ, ഹരീന്ദ്രൻ അണിയാരം, അജീഷ് കാരപ്പൊയിൽ, പി.പി. സലിം എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, പെരിങ്ങത്തൂർ അണിയാരത്ത് പ്രവർത്തിക്കുന്ന ഭാരത് ഗ്യാസ് ഏജൻസിയിലെ നിരവധി ഉപഭോക്താക്കളെ ഇതിനകം പൊയിലൂരിലെ ഏജൻസിയിലേക്ക് മാറ്റിയിട്ടുണ്ട്. നഗരസഭാ പരിധിയിലെ പൂക്കോം പ്രദേശവും പൊയിലൂർ ഏജൻസിക്ക് കീഴിലാക്കിയതായും, പെരിങ്ങത്തൂർ മേഖലയെയും മറ്റൊരു ഏജൻസിക്ക് കീഴിലാക്കാനുള്ള നീക്കമുണ്ടെന്നും യു.ഡി.എഫ് ആരോപിക്കുന്നു.

ഇത്തരം മാറ്റം യാഥാർഥ്യമായാൽ ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാകുമെന്ന് നേതാക്കൾ പറഞ്ഞു. നിലവിൽ നഗരസഭാ പരിധിയിലെ ഉപഭോക്താക്കൾക്ക് ഏകദേശം 25 ദിവസത്തിനുള്ളിൽ ഗ്യാസ് ബുക്ക് ചെയ്യാൻ കഴിയുമ്പോൾ, പഞ്ചായത്ത് പരിധിയിലുള്ള ഏജൻസിക്ക് കീഴിലായാൽ 45 ദിവസം കഴിഞ്ഞ് മാത്രമേ ബുക്കിംഗ് സാധ്യമാകൂ എന്ന ആശങ്കയും അവർ പങ്കുവെച്ചു.

പരാതികൾ, രേഖാ തിരുത്തലുകൾ, മറ്റ് സേവനങ്ങൾ എന്നിവയ്ക്കായി ദൂരെയുള്ള ഏജൻസിയെ ആശ്രയിക്കേണ്ടി വരുന്നതും ഉപഭോക്താക്കൾക്ക് അധിക ബാധ്യതയാകുമെന്നും യുഡിഎഫ് നേതാവ് കെ.രമേശൻ കുറ്റപ്പെടുത്തി.

> "ഉപഭോക്താക്കളുടെ അഭിപ്രായം പോലും തേടാതെയും അവരുടെ സൗകര്യങ്ങൾ പരിഗണിക്കാതെയും ഏജൻസി മാറ്റാനുള്ള തീരുമാനം അംഗീകരിക്കാനാവില്ല. തീരുമാനം പിൻവലിച്ചില്ലെങ്കിൽ യു.ഡി.എഫിന്റെ നേതൃത്വത്തിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും കൗൺസിലർ നിഷിത ചന്ദ്രനും, അലി കുയ്യാലിലും പറഞ്ഞു.

ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കുന്ന തരത്തിൽ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് യു.ഡി.എഫ് പ്രതിഷേധം ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/373696/bharat-gas-agency-shift-from-aniyaram-to-poyiloor-udf-protest-in-peringalam)