---
title: "250-ഓളം കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും നാദാപുരം പോലീസിന്റെ പിടിയിൽ"
english_title: "Infamous Thief with 250 Cases Arrested by Nadapuram Police in Kasaragod"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/373645/infamous-thief-with-250-cases-arrested-by-nadapuram-police-in-kasaragod"
published_at: "2026-07-21T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5efd8b6d5ba_Untitled-2_copy.jpg"
keywords: ["Nadapuram", "Theft Case", "Inter State Thief", "Kerala Police", "Arrest"]
---

# 250-ഓളം കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും നാദാപുരം പോലീസിന്റെ പിടിയിൽ

> **Lead Summary:** നാദാപുരം: കേരളത്തിനകത്തും പുറത്തുമായി 250-ഓളം മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും ഒടുവിൽ നാദാപുരം പോലീസിന്റെ പിടിയിൽ. ഇരിങ്ങണ്ണൂരിലെ രണ്ട് മോഷണങ്ങളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

## Article Content

നാദാപുരം: കേരളത്തിനകത്തും പുറത്തുമായി 250-ഓളം മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും ഒടുവിൽ നാദാപുരം പോലീസിന്റെ പിടിയിൽ. ഇരിങ്ങണ്ണൂരിലെ രണ്ട് മോഷണങ്ങളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

കടമേരി സ്വദേശി എടച്ചേരി വീട്ടിൽ റിജാസ്(37), തൊട്ടിൽപ്പാലം മൊയിലോത്തറ സ്വദേശി നാരോള്ള പറമ്പത്ത് ഷിജു എന്ന ഷൈജു(44) എന്നിവരെയാണ് നാദാപുരം ഡിവൈ.എസ്.പി കെ.ജി. പ്രവീൺകുമാറിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് കാസർകോട് ഉപ്പളയിൽ നിന്ന് പിടികൂടിയത്.

ഇന്റർ സ്റ്റേറ്റ് മോഷണ സംഘം പിടിയിലായ റിജാസ് കേരളത്തിലെ വിവിധ ജില്ലകൾക്ക് പുറമെ കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 250-ഓളം മോഷണക്കേസുകളിലെ പ്രതിയാണ്. ഇയാൾക്കൊപ്പമുള്ള ഷൈജുവും സംസ്ഥാനത്ത് നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയായ കർണാടക സ്വദേശി അഷ്റഫിനായി പോലീസ് അന്വേഷണം തുടരുകയാണ്.

**ഒരാഴ്ചയിൽ രണ്ട് മോഷണങ്ങൾ**.കഴിഞ്ഞ ആഴ്ച ഇരിങ്ങണ്ണൂർ സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ ഷോപ്പിന്റെ ഷട്ടർ കുത്തിത്തുറന്ന് 22,000 രൂപ കവർന്നിരുന്നു. ഇതിന് പിന്നാലെ അമ്പലകുളങ്ങരയിലെ ഒരു ആക്രിക്കടയിൽ കയറി 1.67 ലക്ഷം രൂപയും ഇവർ കവർന്നു. ഈ മോഷണത്തിൽ ഷൈജുവിനും റിജാസിനും പുറമെ അഷ്റഫും ഉണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചു.

സിസിടിവി ദൃശ്യങ്ങൾ നിർണായകമായി.  ഇരിങ്ങണ്ണൂർ മേഖലയിലെ മുഴുവൻ ബാങ്കുകളുടെയും കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് കാസർകോട് പോലീസിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉപ്പളയിൽ വെച്ച് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അറസ്റ്റിലായവരെ നാദാപുരം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നാദാപുരം ഇൻസ്പെക്ടർ എ. അനിൽ, കുറ്റ്യാടി ഇൻസ്പെക്ടർ എം.പി. ഷാജി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/373645/infamous-thief-with-250-cases-arrested-by-nadapuram-police-in-kasaragod)