---
title: "ലോകകപ്പിലെ സ്പെയിനാരവം ; കണ്ണൂരിൽ  വിദ്യാർഥികൾക്ക് ഇന്ന് സൗജന്യ ബസ് യാത്രയും, മന്തിയും..!"
english_title: "Kannur Private Buses Announce Free Travel for Students After World Cup Final"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/373617/kannur-private-buses-announce-free-travel-for-students-after-world-cup-final"
published_at: "2026-07-21T08:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5ede2fe8d59_6a5ebe1115ccd_kannur-private-buses-free-travel-students-world-cup.jpg"
keywords: ["Kannur", "World Cup", "Free Bus Travel", "Students", "Geethanjali", "Harishree", "Kasarmulla"]
---

# ലോകകപ്പിലെ സ്പെയിനാരവം ; കണ്ണൂരിൽ  വിദ്യാർഥികൾക്ക് ഇന്ന് സൗജന്യ ബസ് യാത്രയും, മന്തിയും..!

> **Lead Summary:** കണ്ണൂർ: ലോകകപ്പ് ഫൈനൽ ആവേശം കണ്ണൂരിലും. വിജയാഘോഷത്തിന്റെ ഭാഗമായി ഇന്ന് ചൊവ്വാഴ്ച വിദ്യാർഥികൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് കണ്ണൂരിലെ പ്രമുഖ സ്വകാര്യ ബസുകൾ.ഗീതാഞ്ജലി, ഹരിശ്രീ, കിസ്മത്ത്, കസർമുല്ല എന്നീ ബസുകളാണ് വിദ്യാർഥികൾക്കായി സൗജന്യ സർവീസ് നടത്തുന്നത്.

## Article Content

കണ്ണൂർ: ലോകകപ്പ് ഫൈനൽ ആവേശം കണ്ണൂരിലും. വിജയാഘോഷത്തിന്റെ ഭാഗമായി ഇന്ന് ചൊവ്വാഴ്ച വിദ്യാർഥികൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് കണ്ണൂരിലെ പ്രമുഖ സ്വകാര്യ ബസുകൾ.ഗീതാഞ്ജലി, ഹരിശ്രീ, കിസ്മത്ത്, കസർമുല്ല എന്നീ ബസുകളാണ് വിദ്യാർഥികൾക്കായി സൗജന്യ സർവീസ് നടത്തുന്നത്.

തൃക്കടാരിപൊയിൽ – തലശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന ഹരിശ്രീ ബസാണ് ആദ്യം പ്രഖ്യാപനം നടത്തിയത്. നേരത്തെ സ്പെയിൻ ജയിച്ചാൽ മാത്രം സൗജന്യ യാത്ര എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഇപ്പോൾ ഏത് ടീം ജയിച്ചാലും ഇന്ന് വിദ്യാർഥികൾക്ക് സൗജന്യ യാത്ര നൽകുമെന്ന് ബസ് അധികൃതർ അറിയിച്ചു.

കൂത്തുപറമ്പ് – മട്ടന്നൂർ – കൂളിക്കടവ് റൂട്ടിലെ ഗീതാഞ്ജലി ബസും വിദ്യാർഥികൾക്ക് സൗജന്യ യാത്ര ഒരുക്കുന്നുണ്ട്.കണ്ണൂർ – കൂത്തുപറമ്പ് റൂട്ടിലെ കസർമുല്ല ബസിന്റേതാണ് ഏറ്റവും വ്യത്യസ്തമായ പ്രഖ്യാപനം. കസർമുല്ലയ്ക്ക് 9 ബസുകളുണ്ട്. ഇതിൽ റോസ് നിറത്തിലുള്ള ഒരു ബസും നീല നിറത്തിലുള്ള ഒരു ബസും ഉൾപ്പെടുന്നു. സ്പെയിൻ ജയിച്ചാൽ റോസ് നിറത്തിലുള്ള ബസിലും, അർജന്റീന ജയിച്ചാൽ സ്കൂൾ കുട്ടികൾ പോകുന്ന സമയത്ത് സർവീസ് നടത്തുന്ന നീല നിറത്തിലുള്ള ബസിലും സൗജന്യ യാത്ര നൽകുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം.

ജീവനക്കാരുടെ നിർദേശപ്രകാരമാണ് തീരുമാനമെന്ന് മാനേജ്മെന്റ് പ്രതിനിധി മുഹമ്മദ് ഷെഫീഖ് പറഞ്ഞു. ഫലം അനുസരിച്ച് ഇന്ന് റോസ് നിറത്തിലുള്ള ബസിൽ എല്ലാ വിദ്യാർഥികൾക്കും സൗജന്യ യാത്ര നൽകുമെന്നും അദ്ദേഹം അറിയിച്ചു.

ലോകകപ്പ് ഫൈനൽ പുലർച്ചെ നടക്കുന്നതിനാൽ തിങ്കളാഴ്ച സംസ്ഥാന സർക്കാർ വിദ്യാർഥികൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. അതിനാലാണ് സൗജന്യ യാത്ര ചൊവ്വാഴ്ചയിലേക്ക് മാറ്റിയതെന്ന് ബസ് അധികൃതർ വ്യക്തമാക്കി.

അതേസമയം സ്പെയിൻ ജയിച്ചാൽ കണ്ണൂരിലെ ചില ഹോട്ടലുകൾ വിദ്യാർഥികൾക്ക് സൗജന്യമായി മന്തി നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ലോകപ്പ് ആവേശം നാടിനാകെ ആഘോഷമാക്കുകയാണ് കണ്ണൂർ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/373617/kannur-private-buses-announce-free-travel-for-students-after-world-cup-final)