---
title: "കണ്ണൂരിലെ നിതിന്‍ രാജിന്റെ മരണം; മുഖ്യപ്രതി ഡോ. എം.കെ. റാം കർണാടകയിൽ നിന്ന് പിടിയിൽ"
english_title: "Anjarakandy Medical College Case: Main Accused Dr MK Ram Arrested from Coorg"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/373447/anjarakandy-medical-college-case-main-accused-dr-mk-ram-arrested-from-coorg"
published_at: "2026-07-20T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5da93999847_anjarakandy-nithin-raj-death-case-dr-mk-ram-arrest.jpg"
keywords: ["Nitin Raj", "Anjarakandy Medical College", "Dr MK Ram", "Arrest", "Kerala High Court", "Kannur"]
---

# കണ്ണൂരിലെ നിതിന്‍ രാജിന്റെ മരണം; മുഖ്യപ്രതി ഡോ. എം.കെ. റാം കർണാടകയിൽ നിന്ന് പിടിയിൽ

> **Lead Summary:** കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം.കെ. റാമിനെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം.കെ. റാമിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കർണാടകയിലെ കുടകിൽ നിന്നാണ് ഇയാളെ ഇന്നലെ രാത്രി കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ ഇന്ന് കണ്ണൂരിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്യും.

നിതിൻ രാജിന്റെ കുടുംബവും വിദ്യാർത്ഥി സംഘടനകളും നീണ്ട നാളുകളായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന അറസ്റ്റാണ് ഇപ്പോൾ നടന്നിരിക്കുന്നത്. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും നേരത്തെ തള്ളിയിരുന്നു.

> പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. "സുപ്രീംകോടതി മുൻകൂർ ജാമ്യം നിഷേധിച്ചിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതെന്തുകൊണ്ട്" എന്ന് കോടതി ചോദിച്ചു. "പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസിന് രണ്ട് നീതിയാണ്. കൈ വിറയ്ക്കുന്ന പൊലീസിന് എങ്ങനെ നീതി നടപ്പാക്കാനാവും" എന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വിമർശിച്ചു.

അന്വേഷണ ഉദ്യോഗസ്ഥൻ എഡിജിപി എച്ച്. വെങ്കിടേഷിനെതിരെയും ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പ്രതിയെ പിടിക്കാത്തതിൽ ഉത്തരവാദി എഡിജിപിയാണെന്നും പരാതി ഗൗരവമായി കൈകാര്യം ചെയ്യണമെന്നും കോടതി നിർദേശിച്ചു.

ഇക്കഴിഞ്ഞ പതിമൂന്നാം തീയതി സുപ്രീംകോടതി റാമിന്റെ ജാമ്യാപേക്ഷ തള്ളുമ്പോൾ, ക്ലാസ് മുറിയിൽ വെച്ച് മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് നിതിൻ അധിക്ഷേപിക്കപ്പെട്ടുവെന്ന് നിരീക്ഷിച്ചിരുന്നു.

തിരുവനന്തപുരം ആര്യനാട് സ്വദേശി നിതിൻ രാജ് ഇക്കഴിഞ്ഞ ഏപ്രിൽ 10-ന് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. അധ്യാപകരിൽ നിന്നുണ്ടായ ജാതി അധിക്ഷേപത്തിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ മൊഴി നൽകിയിരുന്നു. കേസിലെ രണ്ടാം പ്രതി അധ്യാപിക സംഗീത നമ്പ്യാർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/373447/anjarakandy-medical-college-case-main-accused-dr-mk-ram-arrested-from-coorg)