---
title: "കുരച്ചെത്തിയ  തെരുവുനായയിൽ നിന്നും അസാമാന്യ ധൈര്യത്തോടെ  അനിയത്തിയെ രക്ഷിച്ച് നാലാം ക്ലാസുകാരി ;  പാനൂർ യൂപി സ്കൂളിലെ  സാൻവികക്ക് അഭിനന്ദന പ്രവാഹം"
english_title: "4th Grade Girl Sanvika Saves Sister From Stray Dog Attack in Panur, Praised"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/372815/4th-grade-girl-sanvika-saves-sister-from-stray-dog-attack-in-panur-praised"
published_at: "2026-07-16T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a58ee55c5101_panur-class-4-girl-sanvika-saves-sister-stray.jpg"
keywords: ["Stray Dog Attack", "Panoor", "Panoor up school"]
---

# കുരച്ചെത്തിയ  തെരുവുനായയിൽ നിന്നും അസാമാന്യ ധൈര്യത്തോടെ  അനിയത്തിയെ രക്ഷിച്ച് നാലാം ക്ലാസുകാരി ;  പാനൂർ യൂപി സ്കൂളിലെ  സാൻവികക്ക് അഭിനന്ദന പ്രവാഹം

> **Lead Summary:** പാനൂർ: കുരച്ചെത്തിയ തെരുവുനായയിൽ നിന്ന് അനിയത്തിയെ അസാമാന്യ ധൈര്യത്തോടെ രക്ഷിച്ച് പാനൂർ യു.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി സാൻവിക.

## Article Content

പാനൂർ: കുരച്ചെത്തിയ തെരുവുനായയിൽ നിന്ന് അനിയത്തിയെ അസാമാന്യ ധൈര്യത്തോടെ രക്ഷിച്ച് പാനൂർ യു.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി സാൻവിക.

നാലാം ക്ലാസുകാരിയുടെ സമയോചിതമായ ഇടപെടലും അസാമാന്യ ധൈര്യവും വലിയൊരു അപകടം ഒഴിവാക്കിയ സംഭവം പാനൂരിൽ. തെരുവ് നായയുടെ ആക്രമണത്തിൽ നിന്ന് അനിയത്തിയെയും തന്നെയും പരിക്കേൽക്കാതെ രക്ഷിച്ചത് പാനൂർ യു.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയായ സാൻവികയാണ്. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് സംഭവം നടന്നത്.

കഴിഞ്ഞ ദിവസം സ്കൂൾ വിട്ട് അനിയത്തിക്കൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു നാടകീയ സംഭവം. മുത്താറിപിടികയിലെ വീട്ടിന് സമീപമെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന രണ്ട് തെരുവ് നായകളിൽ ഒന്ന് പെട്ടെന്ന് കുരച്ചുകൊണ്ട് കുട്ടികൾക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.

അപ്രതീക്ഷിതമായ ആക്രമണശ്രമത്തിൽ ഭയന്നുപോകാതെ സാൻവിക കയ്യിലുണ്ടായിരുന്ന വാട്ടർ ബോട്ടിൽ നായയ്ക്ക് നേരെ ശക്തമായി എറിഞ്ഞു. ഇതോടെ നായയുടെ ആക്രമണം ഒരു നിമിഷം തടസ്സപ്പെട്ടു. കുട്ടികളുടെ നിലവിളി കേട്ട് വീട്ടിലുണ്ടായിരുന്ന ബന്ധുവും സമീപത്ത് വാഹനം നിർത്തിയെത്തിയ ഒരാളും ഓടിയെത്തിയതോടെ നായ ഭയന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതോടെ വലിയൊരു അപകടമാണ് ഒഴിവായത്.

സാൻവികയുടെ ധൈര്യവും സമയോചിതമായ തീരുമാനവുമാണ് അനിയത്തിയെ അപകടത്തിൽ നിന്ന് രക്ഷിച്ചതെന്ന് നാട്ടുകാർ പറയുന്നു. ചെറിയ പ്രായത്തിൽ തന്നെ കാട്ടിയ മനസ്സാന്നിധ്യത്തിന് പ്രദേശവാസികൾ അഭിനന്ദനവുമായി രംഗത്തെത്തി.

അതേസമയം, മുത്താറിപിടിക ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ തെരുവ് നായകളുടെ ശല്യം ദിനംപ്രതി വർധിച്ചുവരുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. സ്കൂൾ കുട്ടികളും മുതിർന്നവരും ഒരുപോലെ ഭീതിയോടെയാണ് ഈ വഴിയിലൂടെ സഞ്ചരിക്കുന്നതെന്നും തെരുവ് നായകളെ നിയന്ത്രിക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/372815/4th-grade-girl-sanvika-saves-sister-from-stray-dog-attack-in-panur-praised)