---
title: "അനസ്തേഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് പയ്യന്നൂരിലെ  ഒന്നരവയസുകാരൻ  മരിച്ച സംഭവത്തിൽ  ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു ; കർശന നടപടിയെന്ന് മുന്നറിയിപ്പ്"
english_title: "Payyannur Toddler Death: Child Rights Commission Takes Suo Motu Case, Doctor Booked"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/372356/payyannur-toddler-death-child-rights-commission-takes-suo-motu-case-doctor-booked"
published_at: "2026-07-14T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a560977d9af0_payyannur-toddler-death-child-rights-commission-.jpg"
keywords: ["Baby memorial hospital", "Kannur", "Child Death", "Anesthesia doctor"]
---

# അനസ്തേഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് പയ്യന്നൂരിലെ  ഒന്നരവയസുകാരൻ  മരിച്ച സംഭവത്തിൽ  ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു ; കർശന നടപടിയെന്ന് മുന്നറിയിപ്പ്

> **Lead Summary:** കണ്ണൂർ: പയ്യന്നൂരിൽ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ ചികിത്സയ്ക്കിടെ മരിച്ച സംഭവത്തിൽ കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഗുരുതരമായ വിഷയമാണിതെന്ന് ചൂണ്ടിക്കാട്ടിയ കമ്മീഷൻ ഇന്ന് കുട്ടിയുടെ വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തും. സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്നും കമ്മീഷൻ വ്യക്തമാക്കി.

## Article Content

കണ്ണൂർ: പയ്യന്നൂരിൽ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ ചികിത്സയ്ക്കിടെ മരിച്ച സംഭവത്തിൽ കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഗുരുതരമായ വിഷയമാണിതെന്ന് ചൂണ്ടിക്കാട്ടിയ കമ്മീഷൻ ഇന്ന് കുട്ടിയുടെ വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തും. സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്നും കമ്മീഷൻ വ്യക്തമാക്കി.

കളിക്കുന്നതിനിടെ വീണ് ചുണ്ടിന് മുറിവേറ്റതിനെ തുടർന്നാണ് ദേവാൻഷിനെ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ കുട്ടി വേദന കൊണ്ട് കരഞ്ഞതോടെ അനസ്തേഷ്യ നൽകാൻ തീരുമാനിക്കുകയായിരുന്നു.

എന്നാൽ അനസ്തേഷ്യ നൽകിയ ഉടൻ കുട്ടി ബോധരഹിതനായി. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അനസ്തേഷ്യ ഡോക്ടർ ഡോ. അഞ്ജലി പൊതുവാളിനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 125 പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. പീഡിയാട്രീഷ്യൻ ഡോ. ആശ, പ്ലാസ്റ്റിക് സർജൻ ഡോ. ആരതി അന്തർജനം എന്നിവരുടെ മൊഴിയും എടുത്തു. കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അനസ്തേഷ്യ നൽകിയ ഡോ. അഞ്ജലി പൊതുവാളിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. കേസിൽ ഇവർ മാത്രമാണ് പ്രതി.

സംഭവത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പോലീസ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറിയിട്ടുണ്ട്. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയതോടെയാണ് സംഭവം വലിയ ചർച്ചയായത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/372356/payyannur-toddler-death-child-rights-commission-takes-suo-motu-case-doctor-booked)