---
title: "നവീൻ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം കേന്ദ്ര പരിഗണയിൽ"
english_title: "Naveen Babu Death Case: CBI Probe Decision Pending with Central Government"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/372349/naveen-babu-death-case-cbi-probe-decision-pending-with-central-government"
published_at: "2026-07-14T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5603cb57b2c_naveen-babu-death-case-cbi-probe-central-consideration.jpg"
keywords: ["Naveen"]
---

# നവീൻ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം കേന്ദ്ര പരിഗണയിൽ

> **Lead Summary:** മുൻ എ.ഡി.എം. കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ആയിട്ടില്ലെന്ന് സൂചന.

## Article Content

മുൻ എ.ഡി.എം. കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ആയിട്ടില്ലെന്ന് സൂചന.

കേസ് സിബിഐക്ക് വിടാൻ കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്യാൻ ജൂൺ 4-ന് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചിരുന്നു. കുടുംബത്തിന്റെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനം. അന്വേഷണം ഏറ്റെടുക്കാൻ സിബിഐയോട് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ച ശേഷം, ഡൽഹി സ്പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിലെ 6-ാം വകുപ്പ് പ്രകാരമുള്ള അപേക്ഷ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.കേസിന്റെ ഗൗരവം വിലയിരുത്തിയ ശേഷം മാത്രമേ സിബിഐ അന്വേഷണം ഏറ്റെടുക്കുന്ന കാര്യത്തിൽ കേന്ദ്രം തീരുമാനമെടുക്കൂ.

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നേരത്തെ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നെങ്കിലും ഹർജികൾ തള്ളിയിരുന്നു. സംസ്ഥാനത്ത് ഭരണ മാറ്റം വന്നതിന് ശേഷം കുടുംബം മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നേരിട്ട് നിവേദനം നൽകുകയായിരുന്നു.

2024 ഒക്ടോബർ 15-ന് കണ്ണൂർ കളക്ടറേറ്റിലെ ക്വാർട്ടേഴ്സിൽ നവീൻ ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതാണ് സംഭവം. യാത്രയയപ്പ് യോഗത്തിൽ നൽകിയ പരാമർശത്തിന്റെ പേരിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.പി. ദിവ്യയാണ് പോലീസ് കുറ്റപത്രം നൽകിയ കേസിലെ ഏക പ്രതി. കേസിന്റെ പുരോഗതിയും സിബിഐ അന്വേഷണ സാധ്യതയും സംബന്ധിച്ച് കുടുംബവും നാടും ആശങ്കയോടെയാണ് കാത്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/372349/naveen-babu-death-case-cbi-probe-decision-pending-with-central-government)