---
title: "മരുന്നുകളും ഫ്ലൂയിഡുകളും വരാന്തയിൽ കൂട്ടിയിട്ട് കണ്ണൂർ മെഡിക്കൽ കോളേജ്; രോഗികൾക്ക് ദുരിതം"
english_title: "Medicines Dumped in Corridor at Kannur Govt Medical College; Patients Face Hardship"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/372295/medicines-dumped-in-corridor-at-kannur-govt-medical-college-patients-face-hardship"
published_at: "2026-07-14T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a55d3ac8dd0c_kannur-govt-medical-college-medicines-dumped-corridor-complaint.jpg"
keywords: ["Kannur Medical College", "Medicines Dumped", "Hospital Negligence", "Health Department", "Patient Safety"]
---

# മരുന്നുകളും ഫ്ലൂയിഡുകളും വരാന്തയിൽ കൂട്ടിയിട്ട് കണ്ണൂർ മെഡിക്കൽ കോളേജ്; രോഗികൾക്ക് ദുരിതം

> **Lead Summary:** കണ്ണൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഏഴാം നിലയിലെ വരാന്തയിൽ മരുന്നുകളും ഫ്ലൂയിഡുകളും അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നതായി പരാതി.

## Article Content

കണ്ണൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഏഴാം നിലയിലെ വരാന്തയിൽ മരുന്നുകളും ഫ്ലൂയിഡുകളും അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നതായി പരാതി.

ആശുപത്രിയുടെ ഏഴാം നിലയിലെ വരാന്തയിലെ തറയിലാണ് മരുന്നുപെട്ടികൾ കുന്നുകൂട്ടി വച്ചിരിക്കുന്നത്. പല പെട്ടികളും പൊട്ടിയ നിലയിലാണ്. പായ്ക്ക് ചെയ്ത പെട്ടികളിൽ നിന്ന് ചില ഫ്ലൂയിഡ് കുപ്പികൾ പുറത്തേക്ക് വീണുകിടക്കുന്നതും കാണാം.

ഇത് അലക്ഷ്യമായി കൈകാര്യം ചെയ്തപ്പോൾ നിലത്തു വീണതാണോ അതോ വരാന്തയിലൂടെ ഓടിനടക്കുന്ന എലിയും മറ്റും കടിച്ച് പുറത്തിട്ടതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

വരാന്തയിൽ കൂട്ടിയിട്ടിരിക്കുന്ന മരുന്നുപെട്ടികൾക്കിടയിൽ ഇഴജീവികളുടെ ശല്യം രൂക്ഷമാണെന്നും പരാതിയുണ്ട്. ഇത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരുപോലെ വലിയ സുരക്ഷാഭീഷണി ഉയർത്തുന്നു.

വരാന്ത മുഴുവൻ മരുന്നുപെട്ടികൾ കൂട്ടിയിട്ടിരിക്കുന്നതിനാൽ ഗുരുതരാവസ്ഥയിലുള്ള രോഗികളെ സ്ട്രെച്ചറിലും വീൽചെയറിലും വാർഡുകളിലേക്ക് കൊണ്ടുപോകാൻ പോലും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ആശുപത്രി ജീവനക്കാരും രോഗികളും ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നുണ്ട്.

സംഭവത്തിൽ ആരോഗ്യ വകുപ്പ് അടിയന്തര അന്വേഷണം നടത്തണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. കോടികളുടെ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കി ശാസ്ത്രീയമായി സൂക്ഷിക്കാനുള്ള സംവിധാനം ആശുപത്രി അധികൃതർ അടിയന്തരമായി ഒരുക്കണമെന്നും ആവശ്യമുയരുന്നുണ്ട്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/372295/medicines-dumped-in-corridor-at-kannur-govt-medical-college-patients-face-hardship)