---
title: "കണ്ണൂരിൽ ഡിജിറ്റൽ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തി വയോധികനിൽ നിന്നും 90 ലക്ഷം രൂപ കവർന്നു."
english_title: "Kannur Elderly Man Loses Rs 90.35 Lakh in Digital Arrest Scam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/372220/kannur-elderly-man-loses-rs-9035-lakh-in-digital-arrest-scam"
published_at: "2026-07-13T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5504eed2c78_kannur-elayavoor-digital-arrest-scam.jpg"
keywords: ["Digital Arrest", "Cyber Police Kerala", "Scam", "Kannur"]
---

# കണ്ണൂരിൽ ഡിജിറ്റൽ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തി വയോധികനിൽ നിന്നും 90 ലക്ഷം രൂപ കവർന്നു.

> **Lead Summary:** കണ്ണൂർ: ഡിജിറ്റൽ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തി കണ്ണൂർ എളയാവൂർ സൗത്ത് സ്വദേശിയായ 72 കാരനിൽ നിന്ന് 90,35,564 രൂപ തട്ടിയെടുത്തു. സംഭവത്തിൽ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

## Article Content

കണ്ണൂർ: ഡിജിറ്റൽ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തി കണ്ണൂർ എളയാവൂർ സൗത്ത് സ്വദേശിയായ 72 കാരനിൽ നിന്ന് 90,35,564 രൂപ തട്ടിയെടുത്തു. സംഭവത്തിൽ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കുട്ടികൾക്ക് അശ്ലീല ചിത്രം അയച്ചു കൊടുത്തതിന്റെ പേരിൽ ബാംഗ്ലൂരിൽ കേസെടുത്തിട്ടുണ്ടെന്നും ഡിജിറ്റൽ അറസ്റ്റിലാണെന്നും പറഞ്ഞാണ് തട്ടിപ്പ് സംഘം വയോധികനെ ഭീഷണിപ്പെടുത്തിയത്. പോലീസ് ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഫോൺ വിളികൾ.

ഈ വർഷം മാർച്ച് മുതൽ ജൂലൈ 9 വരെയുള്ള കാലയളവിൽ നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നു. നേരിട്ടുള്ള അറസ്റ്റ് ഒഴിവാക്കണമെങ്കിൽ സെക്യൂരിറ്റി ഡപ്പോസിറ്റ് നൽകണമെന്നും ആവശ്യപ്പെട്ടു. അറസ്റ്റ് വാറണ്ട് അടക്കമുള്ള വ്യാജരേഖകൾ വാട്‌സാപ്പ് വഴി അയച്ചു കൊടുത്തതോടെ പരാതിക്കാരൻ ഭയന്ന് പോയി.

ഗത്യന്തരമില്ലാതെ ഒരു മാസത്തിനുള്ളിൽ പ്രതികൾ നൽകിയ വിവിധ ബാങ്ക് അക്കൗണ്ട് നമ്പറുകളിലേക്ക് പല തവണകളായാണ് വയോധികൻ പണം കൈമാറിയത്. പണം നഷ്ടമായതോടെയാണ് തട്ടിപ്പിൽ അകപ്പെട്ടതാണെന്ന് മനസിലാവുകയും സൈബർ പോലീസിൽ പരാതി നൽകുകയും ചെയ്തത്.

കേസെടുത്ത സൈബർ പോലീസ് ബാങ്ക് ഇടപാടുകളും ഫോൺ കോളുകളും കേന്ദ്രീകരിച്ച് ഊർജ്ജിതമായ അന്വേഷണം നടത്തുന്നുണ്ട്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/372220/kannur-elderly-man-loses-rs-9035-lakh-in-digital-arrest-scam)