---
title: "കണ്ണീർക്കടലായി വളയം ;  ബൈക്കപകടത്തിൽ മരിച്ച രാഹുലിന്റെ പോസ്റ്റുമോർട്ട  നടപടികൾ തുടങ്ങി"
english_title: "Valayam Mourns: 28-Year-Old Rahul Dies in Bike Accident Near Nadapuram"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/372111/valayam-mourns-28-year-old-rahul-dies-in-bike-accident-near-nadapuram"
published_at: "2026-07-13T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a548239c5706_valayam-bike-accident-rahul-dies-nadapuram.jpg"
keywords: ["Rahul Niravummal", "Valayam News", "Road Accident Kerala", "Kozhikode Medical College"]
---

# കണ്ണീർക്കടലായി വളയം ;  ബൈക്കപകടത്തിൽ മരിച്ച രാഹുലിന്റെ പോസ്റ്റുമോർട്ട  നടപടികൾ തുടങ്ങി

> **Lead Summary:** വളയം: നാദാപുരത്തിനടുത്ത് വളയം ഗ്രാമം കണ്ണീർക്കടലായി. മോട്ടോർ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.നിരവുമ്മൽ സ്വദേശി വള്ളിൽ രാഹുൽ 28 ആണ് മരിച്ചത്. ഇന്നലെ രാത്രി 8.30-ഓടെ വളയം നീലാണ്ടുമ്മൽ വെച്ചാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

## Article Content

വളയം: നാദാപുരത്തിനടുത്ത് വളയം ഗ്രാമം കണ്ണീർക്കടലായി. മോട്ടോർ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.നിരവുമ്മൽ സ്വദേശി വള്ളിൽ രാഹുൽ 28 ആണ് മരിച്ചത്. ഇന്നലെ രാത്രി 8.30-ഓടെ വളയം നീലാണ്ടുമ്മൽ വെച്ചാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

ചുഴലി ഭാഗത്ത് നിന്ന് നിരവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബൈക്കിൽ നിന്ന് തെറിച്ച് റോഡിലേക്ക് വീണ രാഹുലിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവസ്ഥലത്ത് വെച്ച് തന്നെ രാഹുൽ മരിച്ചു.

ബൈക്ക് ഓടിച്ച യുവാവിന് കാലിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ഉടൻ നാട്ടുകാർ വളയം കെയർ ആൻഡ് ക്യൂർ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാഹുലിനെ രക്ഷിക്കാനായില്ല.

വളയം കുറ്റിക്കാട്ടിൽ സിപി സൺസ് ലൈറ്റ് ആൻഡ് സൗണ്ടിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. രാഹുലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിക്കും.അമ്മ: ലീല. പിതാവ്: പരേതനായ രവീന്ദ്രൻ. സഹോദരി: രമ്യ.

28 വയസ്സുകാരന്റെ പെട്ടെന്നുള്ള വേർപാട് വളയം നിരവുമ്മൽ മേഖലയെ മുഴുവൻ ദുഃഖത്തിലാഴ്ത്തി. നാട്ടുകാർ ഒന്നടങ്കം രാഹുലിന് ആദരാഞ്ജലി അർപ്പിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/372111/valayam-mourns-28-year-old-rahul-dies-in-bike-accident-near-nadapuram)