---
title: "കണ്ണൂരിലെ കാറപകടം ;  അഞ്ചാമത്തെയാളും മരിച്ചു                                                      "
english_title: "Kannur Car Accident: 5th Victim Dies, 5 Students Killed on Way to Wedding"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/371971/kannur-car-accident-5-students-die-on-way-to-wedding"
published_at: "2026-07-12T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5320ea92f39_6a51a5c5b70c0_6a519cebe3170_accident.jpg"
keywords: []
---

# കണ്ണൂരിലെ കാറപകടം ;  അഞ്ചാമത്തെയാളും മരിച്ചു                                                      

> **Lead Summary:** വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന കാർ കുംഭത്ത് മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽപ്പെട്ട അഞ്ചാമത്തെയാളും മരിച്ചു.

## Article Content

വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന കാർ കുംഭത്ത് മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽപ്പെട്ട അഞ്ചാമത്തെയാളും മരിച്ചു.

തൃശ്ശൂർ തിരുവമ്പാടി സ്വദേശി ആദിത്യ കൃഷ്ണദീപ് (21) ആണ് ശനിയാഴ്ച രാത്രി വൈകി മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചാലയിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു.

തൃശ്ശൂർ പൂങ്കുന്നം അസ്സറ്റ് പ്ലാറ്റിന ഫ്‌ലാറ്റിൽ താമസിക്കുന്ന നാവികസേന ഉദ്യോഗസ്ഥൻ എ പി പ്രദീപിന്റെയും ഹണിയുടെയും മകനാണ്. സഹോദരൻ: ആർണവ് കൃഷ്ണദീപ്.

കണ്ണൂർ അലവിൽ കോളനി ഗേറ്റിന് സമീപം മന്നത്ത് ഹൗസിൽ ഷാൻ സിറാജ് (22), കാഞ്ഞങ്ങാട് അരയി കണ്ടം കുട്ടിച്ചാൽ സ്വദേശി മുഹമ്മദ് റിസ്വാൻ (23), ഉത്തർപ്രദേശ് നോയിഡയിലെ പരം ഛേത്രി (22), ഹൈദരാബാദ് സ്വദേശി ഹർഷ സത്തുരി (22) എന്നിവർ അപകടം നടന്ന വെള്ളിയാഴ്ച തന്നെ മരിച്ചിരുന്നു.

വെള്ളിയാഴ്ച രാത്രി 11.20-ഓടെ മട്ടന്നൂർ-കണ്ണൂർ വിമാനത്താവളം റോഡിൽ കുംഭം കുന്നുമ്മൽ മടപ്പുരയ്ക്ക് സമീപമാണ് അപകടമുണ്ടായത്.

ഷാനിന്റെ പിതാവിന്റെ സഹോദരന്റെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി ബെംഗളൂരുവിൽ നിന്ന് ഉച്ചയോടെ പുറപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്. ആഘോഷത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ദുരന്തവാർത്ത ബന്ധുക്കളെ തേടിയെത്തിയത്.

ബെംഗളൂരുവിലെ ബി എം എസ് കോളേജിൽ ബി ടെക് എയ്റോസ്‌പേസ് എൻജിനിയറിങ് അവസാന വർഷ വിദ്യാർഥികളായ ഇവരിൽ ഷാൻ സിറാജ് കാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ രണ്ട് മാസം മുൻപാണ് ബെംഗളൂരുവിലെ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചത്.

പഠനകാലം മുതൽ അടുത്ത സുഹൃത്തുക്കളായിരുന്നു ഇവർ. നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിച്ച് പൂർണമായും തകർന്നു. അപകട ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം തുടങ്ങിയത്.

തുടർന്ന് മട്ടന്നൂർ പോലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി കാർ വെട്ടിപ്പൊളിച്ചാണ് അഞ്ച് പേരെയും പുറത്തെടുത്തത്. ഒരാൾ സംഭവ സ്ഥലത്ത് വച്ചും മറ്റുള്ളവർ ആസ്പത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്.

കാർ ഓടിച്ചിരുന്നത് പരം ഛേത്രിയാണെന്ന് പോലീസ് പറഞ്ഞു. മരിച്ച ഷാൻ സിറാജ് അലവിൽ കോളനി ഗേറ്റിലെ സിറാജിന്റെയും ഷംനയുടെയും മകനാണ്. സഹോദരി സമീൻ വിദ്യാർഥിയാണ്.

മുഹമ്മദ് റിസ്വാൻ കാഞ്ഞങ്ങാട് അരയികണ്ടം കുട്ടിച്ചാൽ സ്വദേശി ബഷീറിന്റെയും റീനത്തിന്റെയും മകനാണ്. സഹോദരങ്ങൾ: ഷെബിൻ ഫയാസ് (മംഗളൂരു യേനപ്പോയ കോളേജ് നഴ്‌സിങ് വിദ്യാർഥി), ഹിന ഫാത്തിമ.

സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്തു. കൂത്തുപറമ്പ് എ സി പി സിബി ടോമിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. വാഹനത്തിന്റെ അമിത വേഗമാണോ ഡ്രൈവർ ഉറങ്ങിപ്പോയതാണോ അപകടത്തിന് ഇടയാക്കിയത് എന്നതിൽ വ്യക്തത വരാനുണ്ടെന്ന് പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/371971/kannur-car-accident-5-students-die-on-way-to-wedding)