---
title: "കൂടാളി വാഹനാപകടത്തിൽ മരിച്ചവരിൽ അലവിൽ, നീലേശ്വരം സ്വദേശികൾ ; വിവാഹത്തിൽ പങ്കെടുക്കാനുള്ള കൂട്ടുകാരുടെ യാത്ര ദുരന്ത യാത്രയായി മാറി."
english_title: "Kootali Car Accident Kannur: 4 Friends Killed on Way to Wedding from Bengaluru"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/371797/kootali-car-accident-kannur-4-killed-bengaluru-friends-wedding"
published_at: "2026-07-11T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a51dd5c658f7_ffrrrfr.jpg"
keywords: ["koodali", "Accident", "Wedding", "Bengaluru"]
---

# കൂടാളി വാഹനാപകടത്തിൽ മരിച്ചവരിൽ അലവിൽ, നീലേശ്വരം സ്വദേശികൾ ; വിവാഹത്തിൽ പങ്കെടുക്കാനുള്ള കൂട്ടുകാരുടെ യാത്ര ദുരന്ത യാത്രയായി മാറി.

> **Lead Summary:** കണ്ണൂർ:ബെംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് വന്ന സുഹൃത്തുക്കള്‍ സഞ്ചരിച്ച കാറാണ് മരത്തില്‍ ഇടിച്ച് അപകടമുണ്ടായത്. അടുത്ത ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അലവില്‍ സ്വദേശിയായ ഷാന്‍ തന്റെ കൂട്ടുകാരുമൊത്ത് നാട്ടിലേക്ക് വരികയായിരുന്നു. ബെംഗളൂരുവില്‍ നിന്ന് വൈകീട്ട് പുറപ്പെട്ട സംഘം വീട്ടിലെത്താന്‍ അര മണിക്കൂര്‍ മാത്രം ശേഷിക്കെയാണ് അപകടമുണ്ടായത്.

## Article Content

കണ്ണൂർ:ബെംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് വന്ന സുഹൃത്തുക്കള്‍ സഞ്ചരിച്ച കാറാണ് മരത്തില്‍ ഇടിച്ച് അപകടമുണ്ടായത്. അടുത്ത ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അലവില്‍ സ്വദേശിയായ ഷാന്‍ തന്റെ കൂട്ടുകാരുമൊത്ത് നാട്ടിലേക്ക് വരികയായിരുന്നു. ബെംഗളൂരുവില്‍ നിന്ന് വൈകീട്ട് പുറപ്പെട്ട സംഘം വീട്ടിലെത്താന്‍ അര മണിക്കൂര്‍ മാത്രം ശേഷിക്കെയാണ് അപകടമുണ്ടായത്.

അഞ്ച് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഒരാള്‍ അപകട സ്ഥലത്ത് വെച്ചും മൂന്ന് പേര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

ഇന്നലെ അര്‍ദ്ധരാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ വഴിയരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. ശബ്ദം കേട്ടെത്തിയ പരിസരവാസികളാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് അഞ്ച് പേരെയും പുറത്തെത്തിച്ചത്. കാര്‍ ഓടിച്ചിരുന്നയാള്‍ ഉറങ്ങിപ്പോയതാണോ അപകടകാരണമെന്ന് പരിശോധിക്കുന്നുണ്ട്.

വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ക്കിടെയാണ് ഷാനിന്റെ ബന്ധുക്കള്‍ വിവരം അറിയുന്നത്. ഷാനും സുഹൃത്തുക്കളും ബെംഗളൂരുവിലെ വിവിധ കമ്പനികളില്‍ ജോലി ചെയ്യുകയാണ്. ഒരുമിച്ച് പഠിച്ച സുഹൃത്തുക്കള്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഒത്തുകൂടുകയായിരുന്നു.

കണ്ണൂർഅലവിൽ സ്വദേശിയായ ഷാനിന് പുറമേ നീലേശ്വരം സ്വദേശികളിലൊരാൾ അപകടത്തിൽ മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരുക്കേറ്റു. മറ്റു രണ്ടു പേർ ന്യൂഡൽഹി, ഹൈദരാബാദ് സ്വദേശികളാണ്. മരിച്ച എല്ലാവരും ബംഗളൂരു ബിഎംഎസ് കൊളജിൽ നിന്ന് ബി ടെക് എയറോ സ്പേസ് എൻജിനിയറിങ് ബിരുദം പൂർത്തിയാക്കിയവരാണ്.

കണ്ണൂർ അലവിൽ കോളനി ഗേറ്റ് മന്നത്തിൽ മൊയ്തീൻ്റെയും ഷംന സിറാജിൻ്റെയും മകനായ ഷാൻ സിറാജ് (21), നീലേശ്വരം മടിക്കൈ കണ്ടംകുട്ടിച്ചാൽ സ്വദേശി റിസ് വാൻ (21) എന്നിവരാണ് മരിച്ച മലയാളികൾ. ന്യൂഡൽഹി സ്വദേശി പരം ഛേത്രി (21), ഹൈദരാബാദ് സ്വദേശി ഹർഷ് സതൂരി (21) എന്നിവരാണ് മരിച്ച മറ്റുള്ളവർ.ബംഗളൂരുവിൽ നിന്ന് കണ്ണൂർ അലവിലിലേക്ക് ഷാൻ്റെ ബന്ധുവിൻ്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ വരുന്നവർ സഞ്ചരിച്ച ഹോണ്ട സിറ്റി കാറാണ് മരത്തിലിടിച്ച് അപകടത്തിൽപ്പെട്ടത്.

ഗുരുതരമായി പരിക്കേറ്റ തൃശൂർ സ്വദേശി ആദിത്യ കൃഷ്ണദീപിനെ കണ്ണൂർ ചാല ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പരം ഛേത്രിയാണ് കാർ ഓടിച്ചിരുന്നതെന്ന് കരുതുന്നു . വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മട്ടന്നൂർ പോലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് കാർ വെട്ടിപൊളിച്ചാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങൾ ബേബി മെമ്മോറിയൽ ആശുപത്രിയിലും ഒരാളുടെ മൃതദേഹം ജില്ലാ ആശുപത്രിയിലുമാണുള്ളത്. കനത്ത മഴയും കാറിൻ്റെ അമിത വേഗതയും അപകടത്തിന് ഇടയാക്കിയെന്നാണ് പൊലിസിൻ്റെ പ്രാഥമിക വിവരം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/371797/kootali-car-accident-kannur-4-killed-bengaluru-friends-wedding)