---
title: "ചെണ്ടയാടിന്റെ ഉറക്കം കെടുത്തി നവോദയക്കുന്നിലെ ചെങ്കൽ ഖനനം ;  വീടുകൾക്ക് ഭീഷണിയെന്ന് കുന്നോത്ത്പറമ്പ് പഞ്ചായത്തിനും, വില്ലേജധികാരികൾക്കും പരാതി."
english_title: "Laterite mining at Navodaya Kunnu is depriving the residents of Chendayad of sleep; complaints have been lodged with the Kunnothparamba Panchayat and village authorities, citing a threat to homes."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/371716/laterite-mining-at-navodaya-kunnu-is-depriving-the-residents-of-chendayad-of-sleep-complaints-have-been-lodged-with-the-kunnothparamba-panchayat-and-village-authorities-citing-a-threat-to-homes"
published_at: "2026-07-10T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50ff31e96ac_Untitled-2_copy.jpg"
keywords: []
---

# ചെണ്ടയാടിന്റെ ഉറക്കം കെടുത്തി നവോദയക്കുന്നിലെ ചെങ്കൽ ഖനനം ;  വീടുകൾക്ക് ഭീഷണിയെന്ന് കുന്നോത്ത്പറമ്പ് പഞ്ചായത്തിനും, വില്ലേജധികാരികൾക്കും പരാതി.

> **Lead Summary:** പാനൂർ:കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ പുത്തൂർ വില്ലേജിലെ നവോദയക്കുന്ന് പ്രദേശത്ത് നടക്കുന്ന ചെങ്കൽ ഖനനം സമീപവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നതായി പരാതി. പ്രദേശവാസികൾ തലശ്ശേരി തഹസിൽദാർക്ക് പരാതി നൽകി.

## Article Content

പാനൂർ:കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ പുത്തൂർ വില്ലേജിലെ നവോദയക്കുന്ന് പ്രദേശത്ത് നടക്കുന്ന ചെങ്കൽ ഖനനം സമീപവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നതായി പരാതി. പ്രദേശവാസികൾ തലശ്ശേരി തഹസിൽദാർക്ക് പരാതി നൽകി.

പുത്തൂർ വില്ലേജിലെ റി.സ. നമ്പറുകൾ 171, 134, 71 എന്നിവയിൽ ഉൾപ്പെട്ട സ്ഥലങ്ങളിലാണ് ഏറെക്കാലമായി ചെങ്കൽ ഖനനം നടക്കുന്നതെന്ന് പരാതിയിൽ പറയുന്നു. ഖനനപ്രവർത്തനം നടക്കുന്ന സ്ഥലത്തിന് സമീപത്തായി നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ടെന്നും, വീടുകളിൽ നിന്ന് ഏകദേശം 200 മീറ്റർ ദൂരപരിധിക്കുള്ളിലാണ് ഖനനം നടക്കുന്നതെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു.

ഖനനം നടക്കുന്ന ഭാഗം കുത്തനെയുള്ള പ്രദേശമായതിനാൽ ശക്തമായ മഴയിൽ മലവെള്ളവും മണ്ണും താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകിയെത്താനുള്ള സാധ്യത നിലനിൽക്കുന്നുവെന്നാണ് നാട്ടുകാരുടെ ആശങ്ക. ക്വാറിക്കുള്ളിൽ വെള്ളം കെട്ടിക്കിടക്കുന്നതും മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തങ്ങൾക്ക് കാരണമാകാമെന്നും അവർ ആരോപിക്കുന്നു.

ഖനനത്തിന് പഞ്ചായത്തിന്റെയോ വില്ലേജ് ഓഫീസിന്റെയോ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെയോ ആവശ്യമായ അനുമതികൾ ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃതമായി ഖനനം നടക്കുന്നുണ്ടെങ്കിൽ ഉടൻ നടപടിയെടുത്ത് പ്രവർത്തനം നിർത്തിവയ്ക്കണമെന്നും, പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു.

പ്രദേശവാസികളാണ് ഉൾപ്പെടെയുള്ളവരാണ് തഹസിൽദാർക്ക് പരാതി നൽകിയത്. പരാതി സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകൾ അന്വേഷണം ആരംഭിക്കുമെന്നാണ് സൂചന

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/371716/laterite-mining-at-navodaya-kunnu-is-depriving-the-residents-of-chendayad-of-sleep-complaints-have-been-lodged-with-the-kunnothparamba-panchayat-and-village-authorities-citing-a-threat-to-homes)