---
title: "പരിശീലനത്തിനിടെ ആകാശത്ത് വെച്ച് പൈലറ്റ് പുറത്തേക്ക് ചാടിയപ്പോൾ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത് 22-കാരി,പൈലറ്റ് മരിച്ചു"
english_title: "A 22-year-old safely landed the aircraft after the pilot bailed out mid-air during training; the pilot died."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/371389/a-22-year-old-safely-landed-the-aircraft-after-the-pilot-bailed-out-mid-air-during-training-the-pilot-died"
published_at: "2026-07-09T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f5d7a0ae89_6a4f556ed1e2a_15.jpg"
keywords: []
---

# പരിശീലനത്തിനിടെ ആകാശത്ത് വെച്ച് പൈലറ്റ് പുറത്തേക്ക് ചാടിയപ്പോൾ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത് 22-കാരി,പൈലറ്റ് മരിച്ചു

> **Lead Summary:** പരിശീലന പറക്കലിനിടെ ഫ്ലൈറ്റ് ഇൻസ്ട്രക്ടർ വിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടി മരിച്ചു. അർജന്റീനയിലെ ടോളിഡോയിൽ നടന്ന സംഭവത്തിൽ, വിമാനത്തിലുണ്ടായിരുന്ന ഇരുപത്തിരണ്ടുകാരിയായ വിദ്യാർത്ഥിനി റൊസാരിയോ അസാമാന്യ ധൈര്യം പ്രകടിപ്പിച്ച് വിമാനം സുരക്ഷിതമായി നിലത്തിറക്കി വൻ ദുരന്തം ഒഴിവാക്കി.

## Article Content

പരിശീലന പറക്കലിനിടെ ഫ്ലൈറ്റ് ഇൻസ്ട്രക്ടർ വിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടി മരിച്ചു. അർജന്റീനയിലെ ടോളിഡോയിൽ നടന്ന സംഭവത്തിൽ, വിമാനത്തിലുണ്ടായിരുന്ന ഇരുപത്തിരണ്ടുകാരിയായ വിദ്യാർത്ഥിനി റൊസാരിയോ അസാമാന്യ ധൈര്യം പ്രകടിപ്പിച്ച് വിമാനം സുരക്ഷിതമായി നിലത്തിറക്കി വൻ ദുരന്തം ഒഴിവാക്കി.

> ഫ്ലൈറ്റ് ഇൻസ്ട്രക്ടറായ ലിയാൻഡ്രോ ആൻഡ്രേസ് ബെർട്ടാസോ (42) ആണ് മരിച്ചത്. സെസ്ന 150 ചെറുവിമാനത്തിൽ റൊസാരിയോയ്ക്കൊപ്പം പരിശീലനം നടത്തുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായ സംഭവം. "ഇനി എങ്ങനെ വിമാനം പറത്തണമെന്ന് നിനക്കറിയാം, യാത്ര തുടരുക" എന്ന് മാത്രം പറഞ്ഞ്, ഹെഡ്‌സെറ്റും സീറ്റ് ബെൽറ്റും അഴിച്ചുമാറ്റി വാതിൽ തുറന്ന് ബെർട്ടാസോ പുറത്തേക്ക് ചാടുകയായിരുന്നുവെന്ന് റൊസാരിയോ മൊഴി നൽകി.

മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുകയായിരുന്ന വിമാനത്തിന്റെ വാതിൽ തുറക്കുക എന്നത് അസാധ്യമായ കാര്യമാണെന്നും, പൈലറ്റിന്റെ ഈ പ്രവൃത്തി ഞെട്ടിക്കുന്നതാണെന്നും ഫ്ലൈയിങ് സ്കൂൾ അധികൃതർ പറഞ്ഞു. മരണത്തിന് മുൻപ് മറ്റൊരു വിദ്യാർത്ഥിയോടൊപ്പം അദ്ദേഹം സാധാരണപോലെ വിമാനം പറത്തിയിരുന്നുവെന്നും, മാനസികമായി പ്രശ്നങ്ങളൊന്നും പ്രകടമാക്കിയിരുന്നില്ലെന്നും അവർ വ്യക്തമാക്കി.

സംഭവസമയത്ത് റൊസാരിയോ കടുത്ത മാനസികാഘാതത്തിലായെങ്കിലും, തളരാതെ വിമാനം നിയന്ത്രിക്കുകയും സുരക്ഷിതമായി റൺവേയിൽ ഇറക്കുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഫ്ലൈറ്റ് ഇൻസ്ട്രക്ടർ മേഖലയിൽ ദീർഘകാലത്തെ പരിചയസമ്പത്തുള്ള ആളായിരുന്നു ബെർട്ടാസോ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/371389/a-22-year-old-safely-landed-the-aircraft-after-the-pilot-bailed-out-mid-air-during-training-the-pilot-died)