---
title: "തലശ്ശേരി വ്യാപാരി വ്യവസായി ക്ഷേമ സഹകരണ സംഘത്തിലെ തട്ടിപ്പ് സമാനതകളില്ലാത്തത് ; 3 പേരിൽ നിന്ന് മാത്രം സെക്രട്ടറിക്കും, ഗവേണിംഗ് ബോഡിക്കും എതിരെ ഒരു കോടി രൂപക്ക് മുകളിൽ കേസ്"
english_title: "The fraud at the Thalassery Merchants and Industrialists Welfare Cooperative Society is unprecedented; a case involving over one crore rupees has been filed against the secretary and the governing body by just three individuals."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/371265/the-fraud-at-the-thalassery-merchants-and-industrialists-welfare-cooperative-society-is-unprecedented-a-case-involving-over-one-crore-rupees-has-been-filed-against-the-secretary-and-the-governing-body-by-just-three-individuals"
published_at: "2026-07-08T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4e848068de8_6a47b5b81b38c_Untitled-1_copy.jpg"
keywords: ["Thalassery Merchants and Industrialists Welfare Cooperative Society", "Thalassery", "fraud"]
---

# തലശ്ശേരി വ്യാപാരി വ്യവസായി ക്ഷേമ സഹകരണ സംഘത്തിലെ തട്ടിപ്പ് സമാനതകളില്ലാത്തത് ; 3 പേരിൽ നിന്ന് മാത്രം സെക്രട്ടറിക്കും, ഗവേണിംഗ് ബോഡിക്കും എതിരെ ഒരു കോടി രൂപക്ക് മുകളിൽ കേസ്

> **Lead Summary:** അമിതപലിശ വാഗ്ദാനം നല്‍കി തലശേരിയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘത്തിന്റെ പേരില്‍ ലക്ഷങ്ങളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കൂടുതല്‍ പരാതികള്‍.

## Article Content

അമിതപലിശ വാഗ്ദാനം നല്‍കി തലശേരിയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘത്തിന്റെ പേരില്‍ ലക്ഷങ്ങളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കൂടുതല്‍ പരാതികള്‍.

ഒ.വി റോഡില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരി വ്യവസായി വെല്‍ഫെയര്‍ സഹകരണ സംഘത്തിനെതിരേ ആണ് ഒരുകോടി പത്തുലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ് ആരോപിച്ച് മൂന്ന് പരാതികള്‍ തലശേരി പൊലിസ് രജിസ്റ്റര്‍ ചെയ്തത്.

നിക്ഷേപകരില്‍ നിന്ന് വന്‍ തുകകള്‍ കൈപ്പറ്റിയ ശേഷം മുതലോ പലിശയോ നല്‍കാതെ ഓഫിസ് പൂട്ടി മുങ്ങിയ സംഘം സെക്രട്ടറി ജോജിഷ്, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ക്കെതിരേ വിവിധ വകുപ്പുകള്‍ പ്രകാരം വിശ്വാസവഞ്ചനയ്ക്കും ചതിക്കുറ്റത്തിനുമാണ് പൊലിസ് കേസെടുത്തത്. വ്യത്യസ്ത നിക്ഷേപകരില്‍ നിന്നായി വലിയ തുകകള്‍ തട്ടിയെടുത്ത വിവരങ്ങളാണ് ഇപ്പോള്‍ പൊലിസിന് മുന്നിലെത്തിയിട്ടുള്ളത്. തിരുവങ്ങാട് മഞ്ഞോടി പെരിങ്ങളം സ്വദേശിനിയായ കെ.സി ജലജ നല്‍കിയ പരാതിയിലാണ് ഇതില്‍ ഏറ്റവും വലിയ തുകയുടെ തട്ടിപ്പ് പുറത്തുവന്നിട്ടുള്ളത്. 2022 മാര്‍ച്ച് മുതല്‍ 2026 ജൂലൈ വരെയുള്ള കാലയളവില്‍ അമിത പലിശ മോഹിപ്പിച്ച് പല തവണകളായി 55,70,000 രൂപയാണ് പ്രതികള്‍ ഇവരില്‍ നിന്നും ഡെപ്പോസിറ്റായി സ്വീകരിച്ചത്.

സമാനമായ രീതിയില്‍ മുഴപ്പിലങ്ങാട് കുളംകടവ് റോഡ് സ്വദേശിയായ അനുകൂലില്‍ നിന്നും അമിത പലിശ വാഗ്ദാനം ചെയ്ത് 37,95,000 രൂപയും പ്രതികള്‍ തട്ടിയെടുത്തിട്ടുണ്ട്. ഇതിനുപുറമെ മുഴപ്പിലങ്ങാട് എളവന സ്വദേശിനിയായ പി. ജഷിന നല്‍കിയ പരാതിയില്‍ 2026 ജനുവരിയില്‍ രണ്ട് ലക്ഷം രൂപയും മെയ് മാസത്തില്‍ 15 ലക്ഷം രൂപയും ഉള്‍പ്പെടെ മൊത്തം 17 ലക്ഷം രൂപയും ഇതേ സംഘം തട്ടിയെടുത്തതായി പരാതിയില്‍ പറയുന്നു. മൂന്ന് കേസുകളിലുമായി തലശേരി എസ്.ഐമാരായ വി.വി ദീപ്തി, കെ. അശ്വതി, ഇ.കെ സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പൊലിസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/371265/the-fraud-at-the-thalassery-merchants-and-industrialists-welfare-cooperative-society-is-unprecedented-a-case-involving-over-one-crore-rupees-has-been-filed-against-the-secretary-and-the-governing-body-by-just-three-individuals)