---
title: "പതിനാറുകാരിയായ  കോഴിക്കോട് സ്വദേശിനിയെ വീട്ടിൽ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചു ; പോക്‌സോ കേസിലെ മുഖ്യപ്രതി പെരിങ്ങത്തൂരിലെ  സുഹൈൽ മൈസൂരുവിൽ കൊളവല്ലൂർ പൊലീസിന്റെ പിടിയിൽ"
english_title: "A 16-year-old girl from Kozhikode was locked inside a house and subjected to abuse for several days; the prime accused in the POCSO case, Suhail from Peringathur, has been arrested by the Kolavallur police in Mysuru."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/371062/a-16-year-old-girl-from-kozhikode-was-locked-inside-a-house-and-subjected-to-abuse-for-several-days-the-prime-accused-in-the-pocso-case-suhail-from-peringathur-has-been-arrested-by-the-kolavallur-police-in-mysuru"
published_at: "2026-07-07T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4d31f8de1cd_Untitled-2_copy.jpg"
keywords: ["Panoor", "POCSO", "Suhail", "Arrest"]
---

# പതിനാറുകാരിയായ  കോഴിക്കോട് സ്വദേശിനിയെ വീട്ടിൽ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചു ; പോക്‌സോ കേസിലെ മുഖ്യപ്രതി പെരിങ്ങത്തൂരിലെ  സുഹൈൽ മൈസൂരുവിൽ കൊളവല്ലൂർ പൊലീസിന്റെ പിടിയിൽ

> **Lead Summary:** പാനൂർ:പാനൂരിൽ പ്രായപൂർത്തിയാവാത്ത പതിനാറുകാരിയെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ മുഖ്യപ്രതിയായ കണ്ണൂർ ചൊക്ലി സ്വദേശി സുഹൈലിനെ മൈസൂരുവിൽ നിന്ന് കൊളവല്ലൂർ പൊലീസ് പിടികൂടി.

## Article Content

പാനൂർ:പാനൂരിൽ പ്രായപൂർത്തിയാവാത്ത പതിനാറുകാരിയെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ മുഖ്യപ്രതിയായ കണ്ണൂർ ചൊക്ലി സ്വദേശി സുഹൈലിനെ മൈസൂരുവിൽ നിന്ന് കൊളവല്ലൂർ പൊലീസ് പിടികൂടി.

കഴിഞ്ഞ മാസം 24നാണ് പാനൂർ ചെറ്റക്കണ്ടിയിൽ വീട്ടുതടങ്കലിലായിരുന്ന കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയെ പൊലീസ് മോചിപ്പിച്ചത്.

മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊലപാതകക്കേസിലെ പ്രതിയാണ് പുല്ലൂക്കരയിലെ സുഹൈൽ. ഇയാൾ‌ കർണാടകയിൽ ഒളിവിൽ കഴിയുകയായിരുന്നു. വ്യവസായിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ ആന്ധ്ര പൊലീസും ഇയാളെ അന്വേഷിക്കുന്നുണ്ട്.

കേസിൽ പേരാമ്പ്ര സ്വദേശികളായ ആത്മജ് (25), വസീം (25), കണ്ണൂർ ചൊക്ലി സ്വദേശി സുഹൈൽ (35) എന്നിവർക്കെതിരെയാണ് ചേവായൂർ, കണ്ണൂരിലെ കൊളവല്ലൂർ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്.

മേയ് 15ന് രാത്രി 10.30നു കാറിൽ എത്തിയ സംഘം വീടിനു മുന്നിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായാണ് പൊലീസിനു ലഭിച്ച പരാതി. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണണമെന്ന് യുവാവ് ആവശ്യപ്പെട്ടതോടെയാണ് പെൺകുട്ടി രാത്രിയിൽ വീടിനു മുന്നിൽ ഇറങ്ങി നിന്നു.

കാറിലെത്തിയ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. ചേവായൂർ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. തിരച്ചിൽ നോട്ടിസും പുറത്തിറക്കി.

ഇതിനിടെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ നിന്നും പെൺകുട്ടി രക്ഷപ്പെട്ടു. ഈ പെൺകുട്ടി തിരൂരിൽ വച്ച് സുഹൈലിനെ പരിചയപ്പെട്ടു. ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞാണ് സുഹൈൽ പെൺകുട്ടിയെ ചെറ്റക്കണ്ടിയിലെ വാടക വീട്ടിലെത്തിച്ചത്.

തുടർന്ന് വീട്ടിൽ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചു. നിരവധിപ്പേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പൊലീസിനു മൊഴി നൽകിയത്. നിലവിൽ 7 പേർക്കെതിരെയാണ് കേസെടുത്തത്.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലഹരി മരുന്ന് കടത്തുമായി ബന്ധമുള്ള സുഹൈൽ താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്തിയത്. പൊലീസ് വരുന്നത് കണ്ട് വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയെ വീട്ടിൽ കണ്ടെത്തിയത്. കോഴിക്കോട്ടു നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയാണിതെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പെൺകുട്ടി പൊലീസിനു മൊഴി നൽകി. ഇതോടെയാണ് പോക്സോ കേസെടുത്ത് പൊലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചത്. കേസുമായി ബന്ധപ്പെട്ട് മറ്റാരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/371062/a-16-year-old-girl-from-kozhikode-was-locked-inside-a-house-and-subjected-to-abuse-for-several-days-the-prime-accused-in-the-pocso-case-suhail-from-peringathur-has-been-arrested-by-the-kolavallur-police-in-mysuru)