---
title: "കാളപൂട്ടി നിലമൊരുക്കി, നെൽ വിത്തിട്ട്  തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ  മൂലശേരി ; പൊയിലൂരിൽ ഞാറു നടീൽ ഉത്സവം ശ്രദ്ധേയമായി"
english_title: "Trippangottoor Panchayat President Gafoor Moolassery prepared the land by planting the bullocks and sowing the paddy; The Njaru planting festival in Poilur was remarkable"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/371052/trippangottoor-panchayat-president-gafoor-moolassery-prepared-the-land-by-planting-the-bullocks-and-sowing-the-paddy-the-njaru-planting-festival-in-poilur-was-remarkable"
published_at: "2026-07-07T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4d1e12bbe7e_Untitled-2_copy.jpg"
keywords: []
---

# കാളപൂട്ടി നിലമൊരുക്കി, നെൽ വിത്തിട്ട്  തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ  മൂലശേരി ; പൊയിലൂരിൽ ഞാറു നടീൽ ഉത്സവം ശ്രദ്ധേയമായി

> **Lead Summary:** കൃഷിയുടെ മഹത്വവും പാരമ്പര്യവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന വേറിട്ട കാഴ്ചയായി തൃപ്പങ്ങോട്ടൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പൊയിലൂർ പെരുവൻ വയൽ പാടശേഖരത്തിൽ സംഘടിപ്പിച്ച നടീൽ ഉത്സവം.

## Article Content

കൃഷിയുടെ മഹത്വവും പാരമ്പര്യവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന വേറിട്ട കാഴ്ചയായി തൃപ്പങ്ങോട്ടൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പൊയിലൂർ പെരുവൻ വയൽ പാടശേഖരത്തിൽ സംഘടിപ്പിച്ച നടീൽ ഉത്സവം.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ മൂലശേരി കാളപൂട്ടി വയൽ ഉഴുതി നിലമൊരുക്കിയതാണ് പരിപാടിയുടെ പ്രധാന ആകർഷണമായത്. ജനപ്രതിനിധി നേരിട്ട് കൃഷിയിറങ്ങിയ ദൃശ്യം കർഷകരുടെയും നാട്ടുകാരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

പരമ്പരാഗത നെൽകൃഷിരീതികളെ സംരക്ഷിക്കാനും കൃഷിയോടുള്ള താത്പര്യം സമൂഹത്തിൽ വളർത്താനുമുള്ള ലക്ഷ്യത്തോടെയാണ് നടീൽ ഉത്സവം സംഘടിപ്പിച്ചത്. കാളപൂട്ടി നിലമൊരുക്കുന്ന പഴയ കാർഷികരീതി വീണ്ടും വയലിൽ ജീവൻ പ്രാപിച്ചതോടെ പരിപാടിക്ക് ആഘോഷാന്തരീക്ഷമായി.

പൊയിലൂരിലെ കർഷകരായ കിഴക്കയിൽ ഭാസ്കരൻ മാസ്റ്റർ, ആവിലുള്ള പറമ്പത്ത് കുമാരൻ, നമ്പാളവിട വാസു എന്നിവരാണ് ഈ വർഷത്തെ നെൽകൃഷിക്ക് തുടക്കമിട്ടത്.

പാടശേഖര സമിതി പ്രസിഡന്റ് നമ്പാളവിട വാസു അധ്യക്ഷത വഹിച്ചു. തൃപ്പങ്ങോട്ടൂർ കൃഷി ഓഫീസർ റിയ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. പി. പവിത്രൻ, വാർഡംഗങ്ങളായ കെ. സി. മുകുന്ദൻ, എ. കെ. ഭാസ്കരൻ, പഞ്ചായത്ത് സെക്രട്ടറി വി. പ്രസാദ്, കൃഷി അസിസ്റ്റന്റുമാരായ രംഗസ്വാമി, ഹൃദ്യ, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. പി. അനന്തൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

കർഷകരായ ചന്ദ്രി, ശാന്ത, ദേവി, പത്മിനി, ഉഷ എന്നിവരും മുതിർന്ന കർഷകരായ ഓട്ടാണി ബാലൻ, ഒളവിലക്കാരൻ കുഞ്ഞിക്കണ്ണൻ, കരിപ്പള്ളി കണാരൻ, കാളപൂട്ട് കർഷകനായ നമ്പാളവിട നാരായണൻ എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി.

കിഴക്കയിൽ ഭാസ്കരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.

കൃഷിയെയും കർഷകരെയും ആദരിക്കുന്ന സന്ദേശം സമൂഹത്തിന് നൽകുകയും, പരമ്പരാഗത കാർഷിക സംസ്കാരത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്ത നടീൽ ഉത്സവം തൃപ്പങ്ങോട്ടൂരിൽ ശ്രദ്ധേയമായ കാർഷിക ആഘോഷമായി മാറി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/371052/trippangottoor-panchayat-president-gafoor-moolassery-prepared-the-land-by-planting-the-bullocks-and-sowing-the-paddy-the-njaru-planting-festival-in-poilur-was-remarkable)