---
title: "തെരുവുനായ ഭീതിയിൽ പാനൂർ മേഖല ; നായ കുറുകെ ചാടി ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ്  പല്ലുകൾ നഷ്ടമായ ചമ്പാട് സ്വദേശി നിയമനടപടിക്ക്"
english_title: "Panur region gripped by stray dog ​​menace; Champad native, injured and left toothless after falling off a bike when a dog darted across his path, seeks legal action."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370385/panur-region-gripped-by-stray-dog-menace-champad-native-injured-and-left-toothless-after-falling-off-a-bike-when-a-dog-darted-across-his-path-seeks-legal-action"
published_at: "2026-07-04T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a48b5932b52b_Untitled-7_copy.jpg"
keywords: ["Stray dog", "Panoor", "Champad native"]
---

# തെരുവുനായ ഭീതിയിൽ പാനൂർ മേഖല ; നായ കുറുകെ ചാടി ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ്  പല്ലുകൾ നഷ്ടമായ ചമ്പാട് സ്വദേശി നിയമനടപടിക്ക്

> **Lead Summary:** പാനൂർ:പാനൂർ ടൗണിലും സമീപ പഞ്ചായത്തുകളിലും തെരുവു നായ ശല്യം വർധിക്കുന്നു. കാൽനടയായി പോകുന്നവർക്കും ബൈക്കു യാത്രക്കാർക്കും കടിയേറ്റ സംഭവങ്ങൾ ഒട്ടേറെയാണ്.

## Article Content

പാനൂർ:പാനൂർ ടൗണിലും സമീപ പഞ്ചായത്തുകളിലും തെരുവു നായ ശല്യം വർധിക്കുന്നു. കാൽനടയായി പോകുന്നവർക്കും ബൈക്കു യാത്രക്കാർക്കും കടിയേറ്റ സംഭവങ്ങൾ ഒട്ടേറെയാണ്.

രാവിലെ റോഡിൽ അലഞ്ഞു തിരിഞ്ഞു നടക്കുമെങ്കിലും, രാത്രി കടകൾ അടക്കുന്നതോടെയാണ് കൂട്ടമായി റോഡിൽ ഇറങ്ങുന്നത്. രാത്രി പത്തുമണിയോടെ സാമുഹിക ആരോഗ്യകേന്ദ്രത്തിനു സമീപം, സുമംഗലി ഓഡിറ്റോറിയം പരിസരം, ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിലാണ് കൂടുതലും ശല്യം.

പാലക്കൂൽ യുപി സ്‌കൂൾ പ്രധാനാധ്യാപിക എൻ.കെ.ഷീനക്കു ഭർത്താവിന്റെ കൂടെ ബൈക്കിൽ പോകുമ്പാഴാണ് ബൈക്കിനു നേരെ ചാടിയ നായയുടെ കടിയേറ്റത്. ബൈക്ക് യാത്രക്കാരനായ യുവാവിന് രാത്രി ബസ് സ്റ്റ‌ാൻഡിനു സമീപത്ത് കടിയേറ്റത് ഏതാനും ദിവസം മുൻപാണ്.തെരുവുനായ്ക്കളിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണു കിഴക്കെ ചമ്പാട് കുറിച്ചിക്കര നദീറ മൻസിലിൽ നൗഫലിന് പരുക്കേറ്റത്.

വലതു കൈക്ക് എല്ലിനു ക്ഷതമേറ്റതു കാരണം അടുത്ത ദിവസം അബുദാബിയിലേക്കു പോകേണ്ടിയിരുന്ന നൗ ഫലിന് യാത്ര റദ്ദു ചെയ്യേണ്ടി വന്നു. കഴിഞ്ഞ മാസം 23നായിരുന്നു സംഭവം. കുറ്റേരിയിൽ മദ്രസ പഠനം കഴിഞ്ഞ് രാത്രി വീട്ടിലേക്കു പോകുകയായിരുന്ന വിദ്യാർഥി വീട്ടുമുറ്റത്ത് നായ്ക്കളുടെ അക്രമത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്കാണ്.

ചമ്പാട് അരയാക്കൂലിൽ പച്ചോൾ സതീശന്റെ നൂറോളം കോഴികളെ തെരുവുനായകൾ കൊന്നൊടുക്കി. വീട്ടുകാർ രാവിലെ എത്തിയപ്പോൾ നായകളെ കൊന്ന തെരുവു നായ കൂട്ടിൽ കുടുങ്ങിയ നിലയിലായിരുന്നു. വെറ്റിനറി ഡോക്ടർ ദിവ്യ സ്ഥലത്തെത്തി തെരുവുനായയെ തുറന്നുവിടാൻ നിർദേശിക്കുകയായിരുന്നു.

കഴിഞ്ഞ മാസം ഭാര്യയുമായി ബൈക്കിൽ പോകുമ്പോൾ പന്ന്യന്നൂർ ജംക്‌ഷനിൽ നായ കുറുകെ ചാടി കിഴക്കെ ചമ്പാട് സ്വദേശി ബിജു, ശങ്കറിനും ഭാര്യക്കും

പരിക്കേറ്റു. റോഡിലെ വീഴ്‌ചയിൽ ബിജുവിന് 4 പല്ലുകൾ നഷ്‌ടമായി. ഭാര്യ ജിഷിനയ്ക്കു കാൽ മുട്ടിനു സാരമായി പരുക്കേറ്റു. 3 ആഴ്‌ച ചികിത്സയിലായിരുന്നു. 4 പല്ലും മാറ്റി വയ്ക്കേണ്ടി വന്നു. തെരുവുനായ ശല്യത്തിൽ നിയമ നടപടിക്കൊരുങ്ങുകയാണ് ബിജു.

ഇത്തരത്തിലുള്ള സംഭവങ്ങൾ ഒട്ടേറെയാണ്.

തെരുവുനായ്ക്കളെ നിയന്ത്രിക്കാനുള്ള നടപടി തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പ്രത്യേക പരിപാടികൾക്ക് രൂപംനൽകാൻ സർക്കാരിന്റെ 100 ദിന കർമപദ്ധതിയിൽ നിർദേശമുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370385/panur-region-gripped-by-stray-dog-menace-champad-native-injured-and-left-toothless-after-falling-off-a-bike-when-a-dog-darted-across-his-path-seeks-legal-action)