---
title: "തലശേരി വ്യാപാരി വ്യവസായി വെൽഫെയർ സഹകരണ സംഘത്തിൽ വൻ സാമ്പത്തിക തട്ടിപ്പ് ;  സെക്രട്ടറി ഒരു  കോടിയോളം രൂപയുമായി മുങ്ങിയതായി പരാതി, ഓഫീസ് മൂന്ന് ദിവസമായി പൂട്ടിയിട്ട നിലയിൽ"
english_title: "Massive financial fraud at the Thalassery Merchants and Industrialists Welfare Cooperative Society; complaint filed alleging the secretary absconded with around ₹1 crore, and the office has remained locked for three days."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370241/massive-financial-fraud-at-the-thalassery-merchants-and-industrialists-welfare-cooperative-society-complaint-filed-alleging-the-secretary-absconded-with-around-1-crore-and-the-office-has-remained-locked-for-three-days"
published_at: "2026-07-03T18:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a47b290eb510_Untitled-1_copy.jpg"
keywords: ["Fraud", "Thalassery Merchants and Industrialists Welfare Cooperative Society", "Thalassery", "Complaint", "Police"]
---

# തലശേരി വ്യാപാരി വ്യവസായി വെൽഫെയർ സഹകരണ സംഘത്തിൽ വൻ സാമ്പത്തിക തട്ടിപ്പ് ;  സെക്രട്ടറി ഒരു  കോടിയോളം രൂപയുമായി മുങ്ങിയതായി പരാതി, ഓഫീസ് മൂന്ന് ദിവസമായി പൂട്ടിയിട്ട നിലയിൽ

> **Lead Summary:** തലശേരി ഒ.വി. റോഡിൽ പ്രവർത്തിക്കുന്ന വ്യാപാരി വ്യവസായി വെൽഫെയർ സഹകരണ സംഘത്തിൽ നിന്ന് സെക്രട്ടറി ഒരു കോടിയോളം രൂപയുമായി മുങ്ങിയതായാണ് ഗുരുതര പരാതി ഉയർന്നിരിക്കുന്നത്. സംഭവം പുറത്തായതോടെ സംഘത്തിന്റെ ഓഫീസ് കഴിഞ്ഞ മൂന്ന് ദിവസമായി പൂട്ടിയിട്ടിരിക്കുകയാണ്. സെക്രട്ടറിക്കെതിരെ സഹകരണ സംഘം ഭാരവാഹികൾ അസി രജിസ്ത്രാർക്ക് പരാതി നൽകിയിരിക്കയാണ്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

## Article Content

തലശേരി ഒ.വി. റോഡിൽ പ്രവർത്തിക്കുന്ന വ്യാപാരി വ്യവസായി വെൽഫെയർ സഹകരണ സംഘത്തിൽ നിന്ന് സെക്രട്ടറി ഒരു കോടിയോളം രൂപയുമായി മുങ്ങിയതായാണ് ഗുരുതര പരാതി ഉയർന്നിരിക്കുന്നത്. സംഭവം പുറത്തായതോടെ സംഘത്തിന്റെ ഓഫീസ് കഴിഞ്ഞ മൂന്ന് ദിവസമായി പൂട്ടിയിട്ടിരിക്കുകയാണ്. സെക്രട്ടറിക്കെതിരെ സഹകരണ സംഘം ഭാരവാഹികൾ അസി രജിസ്ത്രാർക്ക് പരാതി നൽകിയിരിക്കയാണ്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവം പുറത്തറിഞ്ഞതോടെ സംഘത്തിൽ നിക്ഷേപം നടത്തിയ വ്യാപാരികളും പൊതുജനങ്ങളും ആശങ്കയിലാണ്. നിരവധി പേർ ലക്ഷക്കണക്കിന് രൂപ സംഘത്തിൽ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് വിവരം.

നിക്ഷേപ തുകയുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയെ തുടർന്ന് പലരും സംഘവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഓഫീസ് അടഞ്ഞുകിടക്കുന്നതിനാൽ വ്യക്തമായ വിവരങ്ങൾ ലഭിക്കുന്നില്ല.വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി മുനിസിപ്പൽ കമ്മിറ്റിക്ക് കീഴിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.

അതേസമയം, സഹകരണ സംഘം ഭാരവാഹികൾ സംഭവത്തിൽ നിന്ന് അകലം പാലിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സംഘത്തിന്റെ ഔദ്യോഗിക അറിവോ അനുമതിയോ ഇല്ലാതെ സെക്രട്ടറി സ്വന്തം നിലയ്ക്ക് വിവിധ വ്യക്തികളിൽ നിന്ന് ആറര ശതമാനം പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചെന്നാണ് വ്യാപാരി പ്രതിനിധികൾ വിശദീകരിക്കുന്നത്. ഈ തുകകളാണ് ഇപ്പോൾ തിരികെ ലഭിക്കാത്തതെന്നും അവർ പറയുന്നു.

സെക്രട്ടറി സ്വീകരിച്ച നിക്ഷേപങ്ങളുടെ കൃത്യമായ കണക്കോ, എത്ര പേരിൽ നിന്നാണ് പണം സമാഹരിച്ചതെന്ന വിവരമോ ഇതുവരെ വ്യക്തമായിട്ടില്ല. കൂടുതൽ നിക്ഷേപകർ പരാതിയുമായി മുന്നോട്ട് വരുന്നതോടെ മാത്രമേ തട്ടിപ്പിന്റെ യഥാർഥ വ്യാപ്തി വ്യക്തമാകൂ എന്നാണ് അധികൃതരുടെ വിലയിരുത്തൽ.

സംഭവം തലശേരിയിലെ വ്യാപാര മേഖലയിൽ വലിയ ചർച്ചയായിട്ടുണ്ട്. സഹകരണ സ്ഥാപനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസത്തെ ബാധിക്കുന്ന സംഭവമായതിനാൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

പരാതിക്കാരുടെ മൊഴികളും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും പരിശോധിച്ച ശേഷമേ സംഭവത്തിന്റെ മുഴുവൻ സത്യാവസ്ഥ വ്യക്തമാകൂ. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് വ്യാപാരി നേതാക്കൾ പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370241/massive-financial-fraud-at-the-thalassery-merchants-and-industrialists-welfare-cooperative-society-complaint-filed-alleging-the-secretary-absconded-with-around-1-crore-and-the-office-has-remained-locked-for-three-days)