---
title: "ചമ്പാട്  തെരുവുനായ അക്രമം ; കൂട് പൊളിച്ച് കയറി 100-ഓളം നാടൻ കോഴികളെ കൊന്നൊടുക്കി, അരലക്ഷത്തോളം രൂപയുടെ നഷ്ടം"
english_title: "Street dog attacks in Champad; breaks into a cage and kills around 100 local chickens, causing a loss of around half a lakh rupees"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/369878/street-dog-attacks-in-champad-breaks-into-a-cage-and-kills-around-100-local-chickens-causing-a-loss-of-around-half-a-lakh-rupees"
published_at: "2026-07-02T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a45f7265d7ad_Untitled-3_copy.jpg"
keywords: ["Street dog", "Attack", "Champad", "Chicken"]
---

# ചമ്പാട്  തെരുവുനായ അക്രമം ; കൂട് പൊളിച്ച് കയറി 100-ഓളം നാടൻ കോഴികളെ കൊന്നൊടുക്കി, അരലക്ഷത്തോളം രൂപയുടെ നഷ്ടം

> **Lead Summary:** ചമ്പാട്: ചമ്പാട് അരയാക്കൂൽ പ്രദേശത്ത് തെരുവുനായ ശല്യം വീണ്ടും രൂക്ഷമായതോടെ കർഷകർ ആശങ്കയിൽ. ചമ്പാട് അരയാക്കൂലിലെ പച്ചോൾ സതീശന്റെ കോഴിവളർത്തൽ കേന്ദ്രത്തിൽ പുലർച്ചെയുണ്ടായ തെരുവുനായ ആക്രമണത്തിൽ 100-ഓളം നാടൻ കോഴികൾ ചത്തൊടുങ്ങി. സംഭവത്തിൽ ഏകദേശം അരലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി സതീശൻ പറഞ്ഞു.

## Article Content

ചമ്പാട്: ചമ്പാട് അരയാക്കൂൽ പ്രദേശത്ത് തെരുവുനായ ശല്യം വീണ്ടും രൂക്ഷമായതോടെ കർഷകർ ആശങ്കയിൽ. ചമ്പാട് അരയാക്കൂലിലെ പച്ചോൾ സതീശന്റെ കോഴിവളർത്തൽ കേന്ദ്രത്തിൽ പുലർച്ചെയുണ്ടായ തെരുവുനായ ആക്രമണത്തിൽ 100-ഓളം നാടൻ കോഴികൾ ചത്തൊടുങ്ങി. സംഭവത്തിൽ ഏകദേശം അരലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി സതീശൻ പറഞ്ഞു.

ഇന്ന്പുലർച്ചെ രണ്ട് മണിയോടെയാണ് തെരുവുനായകൾ കോഴിക്കൂട് തകർത്ത് അകത്ത് കടന്നത്. കൂട്ടമായി എത്തിയ നായകൾ ഏതാനും നിമിഷങ്ങൾക്കുള്ളിൽ കോഴികളെ ആക്രമിച്ച് കൊന്നൊടുക്കുകയായിരുന്നു. രാവിലെ കോഴിക്കൂട് പരിശോധിക്കാനെത്തിയപ്പോഴാണ് ചത്തുകിടക്കുന്ന കോഴികളെ കണ്ടത്. നിരവധി കോഴികളുടെ ശരീരഭാഗങ്ങൾ ചിതറിക്കിടന്ന നിലയിലായിരുന്നു.

സതീശന്റെ പ്രധാന വരുമാനമാർഗങ്ങളിലൊന്നാണ് നാടൻ കോഴി വളർത്തൽ. പ്രതിദിനം ഏകദേശം 70 മുട്ടകൾ ലഭിച്ചിരുന്നതായും, ആക്രമണത്തെ തുടർന്ന് വരും ദിവസങ്ങളിലെ വരുമാനവും പൂർണമായും നിലച്ച സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴികളുടെ വില മാത്രമല്ല, ഭാവിയിൽ ലഭിക്കേണ്ടിരുന്ന മുട്ട ഉൽപ്പാദനത്തിലും വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവമറിഞ്ഞ് വെറ്റിനറി ഡോക്ടർ ദിവ്യ സ്ഥലത്തെത്തി പരിശോധന നടത്തി. നഷ്ടം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയും തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് റിപ്പോർട്ട് നൽകുമെന്നും അറിയിച്ചു.

അരയാക്കൂൽ മേഖലയിൽ തെരുവുനായ ശല്യം ഏറെക്കാലമായി രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. രാത്രികാലങ്ങളിൽ കൂട്ടമായി സഞ്ചരിക്കുന്ന തെരുവുനായകൾ വളർത്തുമൃഗങ്ങൾക്കും കോഴികൾക്കും നിരന്തരം ആക്രമണം നടത്തുന്നതായും, വിദ്യാർത്ഥികളും വയോധികരും ഉൾപ്പെടെയുള്ള കാൽനടയാത്രക്കാരും ഭീതിയോടെയാണ് സഞ്ചരിക്കുന്നതെന്നും പ്രദേശവാസികൾ ആരോപിച്ചു.

തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളും അധികൃതരും അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/369878/street-dog-attacks-in-champad-breaks-into-a-cage-and-kills-around-100-local-chickens-causing-a-loss-of-around-half-a-lakh-rupees)