---
title: "വിവാഹാഭ്യർത്ഥന നിരസിച്ചു ; ആളുകൾ നോക്കിനിൽക്കെ യുവതിയെ കുത്തിക്കൊന്ന് ആൺസുഹൃത്ത്"
english_title: "Man stabs young woman to death in front of people after rejecting marriage proposal"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/369455/man-stabs-young-woman-to-death-in-front-of-people-after-rejecting-marriage-proposal"
published_at: "2026-06-30T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4379221da16_Untitled-1_copy.jpg"
keywords: []
---

# വിവാഹാഭ്യർത്ഥന നിരസിച്ചു ; ആളുകൾ നോക്കിനിൽക്കെ യുവതിയെ കുത്തിക്കൊന്ന് ആൺസുഹൃത്ത്

> **Lead Summary:** വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യത്തിൽ 23-കാരിയായ യുവതിയെ ആൺസുഹൃത്ത് ആളുകൾ നോക്കിനിൽക്കെ കുത്തിക്കൊന്ന ദാരുണ സംഭവം ബെംഗളൂരുവിൽ.

## Article Content

വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യത്തിൽ 23-കാരിയായ യുവതിയെ ആൺസുഹൃത്ത് ആളുകൾ നോക്കിനിൽക്കെ കുത്തിക്കൊന്ന ദാരുണ സംഭവം ബെംഗളൂരുവിൽ.

ഞായറാഴ്ച രാത്രി 9.30ഓടെ മഹാലക്ഷ്മി ലേഔട്ടിന് സമീപത്തെ പൈപ്പ് ലൈൻ റോഡിലായിരുന്നു കൊലപാതകം.സംഭവത്തിൽ രാജീവ് എന്ന യുവാവിനെ മഹാലക്ഷ്മി ലേഔട്ട് പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടത് അഞ്ജലി (23)യാണ്.

കഴിഞ്ഞ നാല് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. അഞ്ജലിയെ വിവാഹം കഴിക്കാൻ രാജീവിന് താൽപര്യമുണ്ടായിരുന്നെങ്കിലും ഇയാൾക്കെതിരെയുള്ള ചില ക്രിമിനൽ കേസുകളെ തുടർന്ന് അഞ്ജലിയുടെ കുടുംബം ബന്ധത്തെ ശക്തമായി എതിർത്തിരുന്നു. ഇതോടെ അഞ്ജലി രാജീവിൽ നിന്ന് അകലം പാലിക്കാൻ ശ്രമിക്കുകയായിരുന്നു.

ഞായറാഴ്ച രാത്രി അത്താഴം കഴിക്കാമെന്ന വ്യാജേന അഞ്ജലിയെ രാജീവ് പൈപ്പ് ലൈൻ റോഡിലേക്ക് വിളിച്ചുവരുത്തി. അവിടെ വീണ്ടും വിവാഹക്കാര്യം ഉന്നയിച്ചെങ്കിലും അഞ്ജലി കർശനമായി നിരസിച്ചു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.

ഇതിനിടെ കൈയിൽ കരുതിയിരുന്ന കത്തി പുറത്തെടുത്ത രാജീവ്, ആളുകൾ നോക്കിനിൽക്കെ അഞ്ജലിയുടെ കഴുത്തിൽ ആഞ്ഞുകുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഞ്ജലിയെ നാട്ടുകാർ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നാലെ പ്രതിയെ മഹാലക്ഷ്മി ലേഔട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/369455/man-stabs-young-woman-to-death-in-front-of-people-after-rejecting-marriage-proposal)