---
title: "ഇതെന്താ കഥ..? ;  ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്  എം.ഡി.എം.എയുമായി അറസ്റ്റിൽ"
english_title: "State president of anti-drug organization arrested with MDMA"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/369418/state-president-of-anti-drug-organization-arrested-with-mdma"
published_at: "2026-06-30T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a435f8c91499_Untitled-2_copy.jpg"
keywords: []
---

# ഇതെന്താ കഥ..? ;  ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്  എം.ഡി.എം.എയുമായി അറസ്റ്റിൽ

> **Lead Summary:**  ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റിൽ. ലഹരിക്കെതിരെ പ്രവർത്തിക്കുന്ന സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് തന്നെ എം.ഡി.എം.എയുമായി പിടിയിലായത് വലിയ വിരോധാഭാസമായി.

## Article Content

 ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റിൽ. ലഹരിക്കെതിരെ പ്രവർത്തിക്കുന്ന സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് തന്നെ എം.ഡി.എം.എയുമായി പിടിയിലായത് വലിയ വിരോധാഭാസമായി.

> ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ "ഓപ്പറേഷൻ തൂഫാൻ" ഭാഗമായി നടത്തിയ പരിശോധനയിലാണ് പെരുമ്പെട്ടി എഴുമറ്റൂർ കൈമല പുത്തൻപുരയ്ക്കൽ വീട്ടിൽ ഷർഫിൻ സെബാസ്റ്റ്യൻ (25) അറസ്റ്റിലായത്.

ഡാൻസാഫ് സംഘവും പെരുമ്പെട്ടി പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് 1.590 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന 'ആന്റി ഡ്രഗ്സ് മൂവ്മെന്റ് ഇൻ നേഷൻ (ADMIN)' എന്ന സംഘടനയുടെ യൂത്ത് മൂവ്മെന്റിന്റെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലുള്ള തിരിച്ചറിയൽ കാർഡും പോലീസ് കണ്ടെടുത്തു.

രഹസ്യവിവരത്തെ തുടർന്ന് ദിവസങ്ങളായി ഷർഫിനെ ഡാൻസാഫ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ വീട്ടിലെത്തിയ പോലീസ് സംഘത്തെ സ്വന്തം മുറി കാണിച്ചുകൊടുക്കാതെ മറ്റൊരു മുറി ചൂണ്ടിക്കാട്ടി തെറ്റിദ്ധരിപ്പിക്കാൻ ഇയാൾ ശ്രമിച്ചതായി പോലീസ് പറഞ്ഞു. എന്നാൽ വിശദമായ പരിശോധനയിൽ വീടിന്റെ എല്ലാ ഭാഗങ്ങളും പരിശോധിച്ച പോലീസ്, പുസ്തകങ്ങൾക്കിടയിൽ ഒരുക്കിയിരുന്ന രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിൽ എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു.

തുടർന്നുള്ള പരിശോധനയിൽ മയക്കുമരുന്ന് ഉപയോഗിക്കാൻ ഉപയോഗിക്കുന്നതായി കരുതുന്ന ഗ്ലാസ് പബ്ലർ, ചൂടാക്കി വലിക്കാൻ ഉപയോഗിക്കുന്ന ഫ്യൂമിംഗ് പൈപ്പുകൾ, സിഗരറ്റ് ഘടിപ്പിച്ച് ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പൈപ്പുകൾ എന്നിവയും പോലീസ് പിടിച്ചെടുത്തു.

നാട്ടിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തി തന്നെ മയക്കുമരുന്ന് കൈവശം വെച്ച കേസിൽ പിടിയിലായത് വലിയ ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.

അറസ്റ്റിലായ ഷർഫിൻ സെബാസ്റ്റ്യൻ മുമ്പും വിവിധ കേസുകളിൽ പ്രതിയാണെന്ന് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് അറിയിച്ചു. എറണാകുളം പാലാരിവട്ടം, എറണാകുളം ടൗൺ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസുകൾക്കും, കോയിപ്പുറം പോലീസ് സ്റ്റേഷനിൽ സ്ത്രീയെ ആക്രമിച്ചതുൾപ്പെടെയുള്ള രണ്ട് ക്രിമിനൽ കേസുകൾക്കും ഇയാൾ പ്രതിയാണ്.

> അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. ലഹരിവ്യാപനത്തിനെതിരായ സംസ്ഥാനവ്യാപക പരിശോധനകളുടെ ഭാഗമായി "ഓപ്പറേഷൻ തൂഫാൻ" കൂടുതൽ ശക്തമായി തുടരുമെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/369418/state-president-of-anti-drug-organization-arrested-with-mdma)