---
title: "വിദ്യാർഥികൾക്കും തൊഴിൽ പരീക്ഷാ ഉദ്യോഗാർഥികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പദ്ധതികൾക്ക് തുടക്കമിട്ട് പാനൂർ ബ്ലോക്ക് പഞ്ചായത്ത്."
english_title: "Panoor Block Panchayath has initiated projects that will benefit students and job exam candidates alike"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/369311/panoor-block-panchayat-has-initiated-projects-that-will-benefit-students-and-job-exam-candidates-alike"
published_at: "2026-06-29T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a42919bbc976_Untitled-2_copy.jpg"
keywords: ["Panoor Block Panchayath", "Job", "Exam"]
---

# വിദ്യാർഥികൾക്കും തൊഴിൽ പരീക്ഷാ ഉദ്യോഗാർഥികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പദ്ധതികൾക്ക് തുടക്കമിട്ട് പാനൂർ ബ്ലോക്ക് പഞ്ചായത്ത്.

> **Lead Summary:** പാനൂർ: ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഒരുക്കിയ വായന കോർണറിന്റെയും സ്ഥിരം പഠനമുറിയുടെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പ്രസീത നിർവഹിച്ചു.

## Article Content

പാനൂർ: ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഒരുക്കിയ വായന കോർണറിന്റെയും സ്ഥിരം പഠനമുറിയുടെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പ്രസീത നിർവഹിച്ചു.

പി.എസ്.സി. ഉൾപ്പെടെയുള്ള മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് സൗകര്യപ്രദമായ പഠനാന്തരീക്ഷം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സ്ഥിരം പഠനമുറി സജ്ജമാക്കിയത്. പഠനത്തിന് ആവശ്യമായ പി.എസ്.സി. പരീക്ഷാ ഗൈഡുകൾ, റഫറൻസ് പുസ്തകങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവയുടെ വിപുലമായ ശേഖരവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

സാമ്പത്തിക പരിമിതികൾ മൂലം പഠനസാമഗ്രികൾ ലഭ്യമാക്കാൻ ബുദ്ധിമുട്ടുന്ന ഉദ്യോഗാർഥികൾക്ക് ഈ സംവിധാനം ഏറെ സഹായകരമാകുമെന്ന് അധികൃതർ അറിയിച്ചു. വായനാ കോർണറിലേക്ക് 100 പുസ്തകങ്ങൾ ഹെഡ് ക്ലർക്ക് പി. രഞ്ജിത്ത് സംഭാവനയായി നൽകി.

ഇതിനോടനുബന്ധിച്ച് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെയും ഓപ്പറേഷൻ തൂഫാന്റെയും ഭാഗമായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. പ്രസീത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എൻ.സുധീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി.വി. കരുണൻ മാസ്റ്റർ, പി. സതി എന്നിവർ സംസാരിച്ചു.

ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ ടി.ഡി തോമസ് സ്വാഗതവും സന്തോഷ് മമ്മാലി നന്ദിയും പറഞ്ഞു. സൈക്കോ സോഷ്യൽ കൗൺസിലറായ സി. സൗമ്യ ലഹരിവസ്തുക്കളുടെ ഉപയോഗം വ്യക്തിയിലും കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങൾ, ലഹരി ഉപയോഗം തിരിച്ചറിയേണ്ട ലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ, യുവജനങ്ങളുടെ ഉത്തരവാദിത്തം എന്നിവയെക്കുറിച്ച് വിശദമായി ക്ലാസെടുത്തു.

വായനാശീലം വളർത്തുന്നതിനും മത്സരപരീക്ഷകൾക്ക് കൂടുതൽ വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിനും ലഹരിവിരുദ്ധ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനുമുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ ഈ സംയോജിത പരിപാടി ശ്രദ്ധേയമായി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/369311/panoor-block-panchayat-has-initiated-projects-that-will-benefit-students-and-job-exam-candidates-alike)