---
title: "ചമ്പാട് വീട്ടുകാരുടെ കണ്ണുവെട്ടിച്ച് രണ്ടുവയസുകാരി അരക്കിലോമീറ്ററോളം നടന്നെത്തിയത് തിരക്കേറിയ റോഡിൽ ; തുണയായത് ഗ്യാസ് സിലിണ്ടർ  വിതരണക്കാരന്റെ ജാഗ്രത"
english_title: "Two-year-old girl walks half a kilometer on busy road, in Chambad; gas supplier's vigilance helps"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/369203/two-year-old-girl-walks-half-a-kilometer-on-busy-road-in-chambad-gas-suppliers-vigilance-helps"
published_at: "2026-06-29T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a422d7babbe1_Untitled-2_copy.jpg"
keywords: ["Chambad", "Two-year-old girl", "Walks", "kilometer", "Gas supplier"]
---

# ചമ്പാട് വീട്ടുകാരുടെ കണ്ണുവെട്ടിച്ച് രണ്ടുവയസുകാരി അരക്കിലോമീറ്ററോളം നടന്നെത്തിയത് തിരക്കേറിയ റോഡിൽ ; തുണയായത് ഗ്യാസ് സിലിണ്ടർ  വിതരണക്കാരന്റെ ജാഗ്രത

> **Lead Summary:** ചമ്പാട്: വീട്ടുകാരുടെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയ രണ്ടുവയസുകാരി അരക്കിലോമീറ്ററോളം നടന്നെത്തിയത് തിരക്കേറിയ റോഡിൽ. ഗ്യാസ് സിലിണ്ടർ വിതരണക്കാരന്റെ സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്.താഴെ ചമ്പാട് വെളിയൻപീടികയ്ക്ക് സമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.

## Article Content

ചമ്പാട്: വീട്ടുകാരുടെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയ രണ്ടുവയസുകാരി അരക്കിലോമീറ്ററോളം നടന്നെത്തിയത് തിരക്കേറിയ റോഡിൽ. ഗ്യാസ് സിലിണ്ടർ വിതരണക്കാരന്റെ സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്.താഴെ ചമ്പാട് വെളിയൻപീടികയ്ക്ക് സമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.

താഴെ ചമ്പാട്ടെ ഭാരത് ഗ്യാസ് സിലിണ്ടർ വിതരണക്കാരനായ താഴെ ചമ്പാട്ടെ കെ.പി സത്യൻ ജോലിയുടെ ഭാഗമായി വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് റോഡ് മുറിച്ചുകടക്കാനെന്ന രീതിയിൽ ഒറ്റയ്ക്ക് നിൽക്കുന്ന കൊച്ചുകുട്ടിയെ ശ്രദ്ധയിൽപ്പെട്ടത്. വാഹനങ്ങളുടെ തിരക്കേറിയ റോഡിൽ കുട്ടി അപകടാവസ്ഥയിലാണെന്ന് മനസ്സിലാക്കിയ സത്യൻ ഉടൻ വാഹനം നിർത്തി പുറത്തിറങ്ങി കുട്ടിയെ സുരക്ഷിതമായി എടുത്തുമാറ്റി.

തുടർന്ന് സമീപത്തെ വീടുകളിലെത്തിച്ച് കുട്ടിയെക്കുറിച്ച് അന്വേഷിച്ചെങ്കിലും ആർക്കും തിരിച്ചറിയാനായില്ല. വിവരം ഉടൻ പൊലീസിനെ അറിയിക്കുകയും ചെയ്തു. ഇതിനിടെ പാനൂർ പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.

അൽപസമയത്തിനകം വിവരമറിഞ്ഞ് കുട്ടിയുടെ ഉമ്മയും, ബന്ധുക്കളും നിലവിളിച്ചുകൊണ്ട് സംഭവസ്ഥലത്തെത്തുകയായിരുന്നു. വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടാതെ പുറത്തിറങ്ങിയ കുട്ടി അരക്കിലോമീറ്ററോളം നടന്ന് തിരക്കേറിയ റോഡിലെത്തുകയായിരുന്നു. നിരവധി തെരുവുനായകൾ ഉളള പ്രദേശം കൂടിയാണിത്. തുടർന്ന് എസ്.ഐമാരായ ആന്റണി ഡിക്രൂസ്, കെ.എം. സുജോയ് എന്നിവരുടെ സാന്നിധ്യത്തിൽ കുട്ടിയെ ബന്ധുക്കൾക്ക് സുരക്ഷിതമായി കൈമാറി.

സമയോചിതമായി ഇടപെട്ട് കുട്ടിയെ രക്ഷപ്പെടുത്തിയ ഗ്യാസ് വിതരണക്കാരൻ സത്യന്റെ ജാഗ്രതയെ നാട്ടുകാർ അഭിനന്ദിച്ചു. ഏതാനും നിമിഷങ്ങൾ വൈകിയിരുന്നെങ്കിൽ വലിയ അപകടത്തിന് ഇടയാകുമായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/369203/two-year-old-girl-walks-half-a-kilometer-on-busy-road-in-chambad-gas-suppliers-vigilance-helps)