---
title: "യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്നും   രക്ഷിക്കണം ;  ആഹ്വാനവുമായി ചെറുവാഞ്ചേരി  പാട്യം ഗോപാലൻ മെമ്മോറിയൽ ഗവ ഹയർ സെക്കന്ററി സ്കൂൾ"
english_title: "Cheruvanchery Patyam Gopalan Memorial Government Higher Secondary School appeals to save the younger generation from the clutches of drug addiction"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/368973/cheruvanchery-patyam-gopalan-memorial-government-higher-secondary-school-appeals-to-save-the-younger-generation-from-the-clutches-of-drug-addiction"
published_at: "2026-06-28T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40b83e65612_Untitled-2_copy.jpg"
keywords: []
---

# യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്നും   രക്ഷിക്കണം ;  ആഹ്വാനവുമായി ചെറുവാഞ്ചേരി  പാട്യം ഗോപാലൻ മെമ്മോറിയൽ ഗവ ഹയർ സെക്കന്ററി സ്കൂൾ

> **Lead Summary:** ചെറുവാഞ്ചേരി: ചെറുവാഞ്ചേരി പാട്യം ഗോപാലൻ മെമ്മോറിയൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനം വൈവിധ്യമാർന്ന ബോധവൽക്കരണ പരിപാടികളോടെ ആചരിച്ചു. സമൂഹത്തെ ഗുരുതരമായി ബാധിക്കുന്ന ലഹരി ഉപയോഗത്തിന്റെ ദോഷഫലങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിലും പൊതുസമൂഹത്തിലും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു വേറിട്ട പരിപാടികൾ സംഘടിപ്പിച്ചത്.

## Article Content

ചെറുവാഞ്ചേരി: ചെറുവാഞ്ചേരി പാട്യം ഗോപാലൻ മെമ്മോറിയൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനം വൈവിധ്യമാർന്ന ബോധവൽക്കരണ പരിപാടികളോടെ ആചരിച്ചു. സമൂഹത്തെ ഗുരുതരമായി ബാധിക്കുന്ന ലഹരി ഉപയോഗത്തിന്റെ ദോഷഫലങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിലും പൊതുസമൂഹത്തിലും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു വേറിട്ട പരിപാടികൾ സംഘടിപ്പിച്ചത്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.എ ബഷീർ ഉദ്ഘാടനം നിർവഹിച്ചു. ലഹരി ഉപയോഗം വ്യക്തിയുടെ ജീവിതം മാത്രമല്ല, കുടുംബത്തെയും സമൂഹത്തെയും ഒരുപോലെ തകർത്തെറിയുന്ന സാമൂഹിക വിപത്താണെന്ന് അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരായ പോരാട്ടത്തിൽ വിദ്യാർത്ഥികളുടെ ജാഗ്രതയും ധൈര്യവുമാണ് ഏറ്റവും വലിയ ആയുധമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പി.ടി.എ പ്രസിഡന്റ് കെ. കെ. സമീർ അധ്യക്ഷത വഹിച്ചു.

കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ കെ. കെ. ഷെഫീർ, പി. ജിഷ, അധ്യാപകരായ വി. പി. ആയിഷ, ജി സുഗിഷ, വി സി. നിദ, കെ. പി. അബ്ദുള്ള എന്നിവർ സംസാരിച്ചു. പ്രധാനധ്യാപകൻ ജെ. ജിതേഷ് സ്വാഗതം പറഞ്ഞു. ലഹരിയുടെ നിയമവശങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ, സാമൂഹിക പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് വിശദമായി ബോധവൽക്കരണം നടത്തി.

പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ദിന പ്രതിജ്ഞ എടുത്തു. ലഹരിക്കെതിരായ ശക്തമായ സന്ദേശം പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിനായി ഫ്ലാഷ് മോബ് സംഘടിപ്പിച്ചതും ശ്രദ്ധേയമായി. ലഹരി ഒരിക്കലും ഉപയോഗിക്കില്ല എന്ന സന്ദേശം ഉൾക്കൊള്ളിച്ചു കൊണ്ട് രക്ഷിതാക്കൾക്ക് സ്വന്തം കൈപ്പടയിൽ വിദ്യാർത്ഥികൾ കത്തെഴുതി അയക്കുന്ന പരിപാടിയും സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം പരിപാടിക്ക് കൂടുതൽ പ്രസക്തിയും ഊർജവും നൽകി.

ലഹരി ഉപയോഗം യുവതലമുറയുടെ ഭാവിയെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിൽ, ഇത്തരം ബോധവൽക്കരണ പ്രവർത്തനങ്ങൾ സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ സഹായകമാകുമെന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/368973/cheruvanchery-patyam-gopalan-memorial-government-higher-secondary-school-appeals-to-save-the-younger-generation-from-the-clutches-of-drug-addiction)