---
title: "പാനൂരിൽ കുഴിമന്തി കഴിച്ച 3 വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ ; ഹോട്ടൽ ആരോഗ്യ വകുപ്പ് പൂട്ടിച്ചു"
english_title: "3 students get food poisoning after eating kuzhimanthi in Panur; Hotel closed by health department"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/368568/3-students-get-food-poisoning-after-eating-kuzhimanthi-in-panur-hotel-closed-by-health-department"
published_at: "2026-06-26T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e3e917f417_vcvcvcv.jpg"
keywords: []
---

# പാനൂരിൽ കുഴിമന്തി കഴിച്ച 3 വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ ; ഹോട്ടൽ ആരോഗ്യ വകുപ്പ് പൂട്ടിച്ചു

> **Lead Summary:** പാനൂർ:പാനൂരിൽ കുഴിമന്തി കഴിച്ചതിനെ തുടർന്ന് മൂന്ന് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ആരോഗ്യ വകുപ്പ് ഹോട്ടൽ താൽക്കാലികമായി അടച്ചുപൂട്ടിച്ചു.

## Article Content

പാനൂർ:പാനൂരിൽ കുഴിമന്തി കഴിച്ചതിനെ തുടർന്ന് മൂന്ന് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ആരോഗ്യ വകുപ്പ് ഹോട്ടൽ താൽക്കാലികമായി അടച്ചുപൂട്ടിച്ചു.

പാനൂർ പൂക്കോം റോഡിലെ സഫ്രാൻ മന്തി ഹോട്ടലിൽ നിന്നാണ് വിദ്യാർത്ഥികൾ കുഴിമന്തി വാങ്ങി കഴിച്ചത്. ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്കകം ഇവർക്ക് ഛർദ്ദിയും കടുത്ത ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു.

അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥികൾ പാനൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. സംഭവത്തെ തുടർന്ന് വിദ്യാർത്ഥികളുടെ കുടുംബങ്ങൾ പോലീസിലും ആരോഗ്യവകുപ്പിലും പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ രാത്രി തന്നെ ആരോഗ്യ വകുപ്പ് അടിയന്തര പരിശോധനയ്ക്ക് രംഗത്തെത്തി.

പാനൂർ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എ. വിസിയയുടെ നേതൃത്വത്തിൽ നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരായ ശാമിൽ, നൗഷാദ്, അനിൽ എന്നിവർ ഹോട്ടലിൽ പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് കൂടുതൽ പരിശോധന ആവശ്യമായ സാഹചര്യത്തിൽ ഹോട്ടൽ താൽക്കാലികമായി അടച്ചുപൂട്ടാൻ നിർദേശം നൽകുകയായിരുന്നു.

ഹോട്ടലിൽ നിന്നുള്ള ഭക്ഷണസാമ്പിളുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച ആരോഗ്യ വകുപ്പ്, തുടർനടപടികൾക്കായി ഫുഡ് സേഫ്റ്റി ഓഫീസർക്ക് റിപ്പോർട്ട് കൈമാറി. വിശദമായ പരിശോധനാ റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും തുടർ നിയമനടപടികളും ഹോട്ടൽ വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളും സ്വീകരിക്കുക. ഭക്ഷ്യവിഷബാധയുടെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/368568/3-students-get-food-poisoning-after-eating-kuzhimanthi-in-panur-hotel-closed-by-health-department)