---
title: "ജീവിതത്തിലൊരിക്കലും ലഹരി ഉപയോഗിക്കില്ല ;  ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്ത് രക്ഷിതാക്കൾക്ക് കത്തെഴുതി മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കന്ററി സ്കൂളിലെ  വിദ്യാർത്ഥികൾ"
english_title: "Students of Rajiv Gandhi Higher Secondary School, Mokeri, write a letter to their parents, taking an anti-drug pledge to never use drugs in their lives."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/368166/students-of-rajiv-gandhi-higher-secondary-school-mokeri-write-a-letter-to-their-parents-taking-an-anti-drug-pledge-to-never-use-drugs-in-their-lives"
published_at: "2026-06-24T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3bffc9647e6_Untitled-1_copy.jpg"
keywords: []
---

# ജീവിതത്തിലൊരിക്കലും ലഹരി ഉപയോഗിക്കില്ല ;  ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്ത് രക്ഷിതാക്കൾക്ക് കത്തെഴുതി മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കന്ററി സ്കൂളിലെ  വിദ്യാർത്ഥികൾ

> **Lead Summary:** > മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി "രക്ഷിതാവിനൊരു കത്ത്" പരിപാടി സംഘടിപ്പിച്ചു. സ്കൂളിലെ സോഷ്യൽ സർവീസ് സ്കീമിന്റെയും ലഹരിവിരുദ്ധ ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടി.

## Article Content

> മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി "രക്ഷിതാവിനൊരു കത്ത്" പരിപാടി സംഘടിപ്പിച്ചു. സ്കൂളിലെ സോഷ്യൽ സർവീസ് സ്കീമിന്റെയും ലഹരിവിരുദ്ധ ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടി.

ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള അവബോധം വിദ്യാർത്ഥികളിൽ വളർത്തുകയും കുടുംബങ്ങളിലേക്ക് ലഹരിവിരുദ്ധ സന്ദേശം എത്തിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി എട്ടാം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളും ജീവിതത്തിൽ ഒരിക്കലും ലഹരി ഉപയോഗിക്കില്ലെന്ന ദൃഢ പ്രതിജ്ഞയെടുത്ത് സ്വന്തം രക്ഷിതാക്കൾക്ക് കത്തുകൾ എഴുതി. ലഹരിയിൽ നിന്ന് അകന്ന് നിൽക്കാനും ആരോഗ്യകരവും മൂല്യാധിഷ്ഠിതവുമായ ജീവിതം നയിക്കാനുമുള്ള അവരുടെ ഉറച്ച തീരുമാനമാണ് കത്തുകളിലൂടെ പ്രകടമായത്.

സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് അരവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങ് സ്കൂൾ മാനേജർ സുനിൽ കുമാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ വ്യക്തിത്വ രൂപീകരണത്തിൽ കുടുംബത്തിന്റെയും വിദ്യാലയത്തിന്റെയും സംയുക്ത ഇടപെടലുകളുടെ പ്രാധാന്യം അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ലഹരി വിമുക്ത സമൂഹം സൃഷ്ടിക്കുന്നതിൽ കുട്ടികൾ വഹിക്കേണ്ട പങ്കിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ചടങ്ങിൽ എസ്.ആർ.ജി കൺവീനർ സന്ധ്യ ടി.കെ., ഷീജ വി.പി., ഷിജിൽ കെ., പ്രഫുൽ പ്രദീപ്, അഭിലാഷ് പി. രാജൻ എന്നിവർ സംസാരിച്ചു. ലഹരിക്കെതിരായ പോരാട്ടത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുപോലെ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയും അവർ പങ്കുവെച്ചു.

വിദ്യാർത്ഥികളുടെ ആത്മവിശ്വാസവും സാമൂഹിക പ്രതിബദ്ധതയും ഉയർത്തിക്കാട്ടിയ പരിപാടി ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലാകെ വ്യാപിപ്പിക്കുന്നതിൽ ശ്രദ്ധേയമായ ഇടപെടലായി മാറി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/368166/students-of-rajiv-gandhi-higher-secondary-school-mokeri-write-a-letter-to-their-parents-taking-an-anti-drug-pledge-to-never-use-drugs-in-their-lives)