---
title: "ഷിനോജ് ചമ്പാടിന്  പ്രീയപ്പെട്ടവൻ ;  കരുതലിന്റെ കൈത്താങ്ങ് തേടി ഒരു ഗ്രാമം മുഴുവനും"
english_title: "Shinoj is beloved by Champad; an entire village seeks his caring hand"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/368039/shinoj-is-beloved-by-champad-an-entire-village-seeks-his-caring-hand"
published_at: "2026-06-24T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b8bd5d1340_Untitled-4_copy.jpg"
keywords: ["Shinoj", "Champad"]
---

# ഷിനോജ് ചമ്പാടിന്  പ്രീയപ്പെട്ടവൻ ;  കരുതലിന്റെ കൈത്താങ്ങ് തേടി ഒരു ഗ്രാമം മുഴുവനും

> **Lead Summary:** ചമ്പാട്: ഗുരുതര വൃക്കരോഗം ബാധിച്ച് ജീവിതത്തോട് പൊരുതുന്ന യുവാവിന്റെ ചികിത്സയ്ക്കായി ഒരു നാട് ഒന്നാകുന്നു. താഴെ ചമ്പാട്ടെ കുങ്കന്റവിടയിലെ ഷിനോജ് ആണ് ഇരുവൃക്കകളും തകരാറിലായി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സ തുടരുന്ന ഷിനോജിന്റെ ജീവൻ രക്ഷിക്കാൻ വലിയ സാമ്പത്തിക സഹായമാണ് ഇനി ആവശ്യമായിരിക്കുന്നത്.

## Article Content

ചമ്പാട്: ഗുരുതര വൃക്കരോഗം ബാധിച്ച് ജീവിതത്തോട് പൊരുതുന്ന യുവാവിന്റെ ചികിത്സയ്ക്കായി ഒരു നാട് ഒന്നാകുന്നു. താഴെ ചമ്പാട്ടെ കുങ്കന്റവിടയിലെ ഷിനോജ് ആണ് ഇരുവൃക്കകളും തകരാറിലായി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സ തുടരുന്ന ഷിനോജിന്റെ ജീവൻ രക്ഷിക്കാൻ വലിയ സാമ്പത്തിക സഹായമാണ് ഇനി ആവശ്യമായിരിക്കുന്നത്.

നാടിന്റെ പൊതുകാര്യങ്ങളിൽ എപ്പോഴും സജീവ സാന്നിധ്യമായിരുന്നു ഷിനോജ്. ഏത് ആവശ്യത്തിനും മുന്നിട്ടിറങ്ങുന്ന, ജാതി-മത-രാഷ്ട്രീയ ഭേദമന്യേ എല്ലാവരോടും സൗഹൃദം പുലർത്തുന്ന, നാട്ടുകാർക്ക് ഏറെ പ്രിയങ്കരനായ യുവാവ്. മറ്റുള്ളവരുടെ കഷ്ടപ്പാടുകളിൽ കൈത്താങ്ങായി നിന്നിരുന്ന ഷിനോജ് ഇന്ന് സ്വന്തം ജീവിതം തിരികെ പിടിക്കാനുള്ള പോരാട്ടത്തിലാണ്.

അധികം വൈകാതെ വന്നെത്തിയ രോഗവാർത്ത കുടുംബത്തെയും സുഹൃത്തുക്കളെയും ഒരുപോലെ തളർത്തി. വൃക്കരോഗം ഗുരുതരമായതോടെ ഇരുവൃക്കകളും പ്രവർത്തനരഹിതമായി. ഇപ്പോൾ സ്ഥിരമായി ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്. തുടർചികിത്സയ്ക്കും വൃക്കമാറ്റ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സാ നടപടികൾക്കുമായി ലക്ഷക്കണക്കിന് രൂപ ചെലവ് വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. സാധാരണ കുടുംബത്തിന് താങ്ങാനാവാത്ത ഈ ചികിത്സാ ചെലവ് കണ്ടെത്താനാണ് നാട്ടുകാർ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് രംഗത്തെത്തിയത്.

ചമ്പാട് പൊടിക്കളം എൽ.പി. സ്കൂളിൽ ചേർന്ന ചികിത്സാ സഹായ കമ്മിറ്റി രൂപീകരണ യോഗം പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് എസ്. സ്നോയ ഉദ്ഘാടനം ചെയ്തു. മൂന്നാം വാർഡ് അംഗം കെ.കെ. ലീല അധ്യക്ഷത വഹിച്ചു. എൻ.എം. മണിലാൽ ഷിനോജിന്റെ രോഗാവസ്ഥയും ചികിത്സയുടെ അടിയന്തര ആവശ്യകതയും വിശദീകരിച്ചു. ഡോ. പി. മുഹമ്മദ് സംസാരിച്ചു. കെ.പി. ശശിധരൻ സ്വാഗതവും ജിഷാന്ത് ചമ്പാട് നന്ദിയും രേഖപ്പെടുത്തി.

യോഗത്തിൽ കെ.കെ. ലീല ടീച്ചറെ ചെയർപേഴ്സണായും, എൻ.എം. മണിലാലിനെ കൺവീനറായും, പ്രേമനന്ദ് ചമ്പാടിനെ ട്രഷററായും തെരഞ്ഞെടുത്തു.

ഷാഫി പറമ്പിൽ എം.പി., കരായി രാജൻ എം.എൽ.എ., പി.കെ. പ്രവീൺ എം.എൽ.എ., പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. പ്രസീത, പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്. സ്നോയ, ജില്ലാ പഞ്ചായത്ത് അംഗം പി. പ്രസന്ന എന്നിവരെ രക്ഷാധികാരികളായും തെരഞ്ഞെടുത്തു.

ഷിനോജിന്റെ ജീവിതത്തിലേക്ക് വീണ്ടും പ്രതീക്ഷയുടെ വെളിച്ചം എത്തിക്കാൻ കേരള ഗ്രാമീൺ ബാങ്കിൽ പ്രത്യേക അക്കൗണ്ട് ആരംഭിച്ച് സുമനസുകളുടെ സഹായം അഭ്യർഥിക്കുകയാണ് ചികിത്സാ സഹായ കമ്മിറ്റി.

> "ഒരിക്കൽ മറ്റുള്ളവരുടെ ആവശ്യങ്ങളിൽ ഓടിയെത്തിയ ഈ യുവാവിനെ ഇനി കൈപിടിച്ചുയർത്തേണ്ടത് നാമാണ്. ഒരു ചെറിയ സഹായം പോലും ഒരു കുടുംബത്തിന്റെ കണ്ണീരൊപ്പാനും ഒരു ജീവന് പുതുജീവൻ നൽകാനും കാരണമായേക്കാം."

സഹായങ്ങൾ അയക്കേണ്ട ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:

Account Number: 40496101073216

IFSC: KLGB0040496

Bank: കേരള ഗ്രാമീൺ ബാങ്ക്.

കരുതലുള്ള മനസ്സുകൾ കൈകോർക്കുമ്പോൾ അസാധ്യമായതൊന്നുമില്ല. ഷിനോജിന്റെ ജീവിതത്തിലേക്ക് പ്രതീക്ഷയുടെ ഒരു കിരണം പകരാൻ നമുക്കും പങ്കാളികളാകാം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/368039/shinoj-is-beloved-by-champad-an-entire-village-seeks-his-caring-hand)