---
title: "ദുരൂഹതകൾക്ക് അവസാനം ; കണ്ണൂർ വാണിയപ്പാറയിലെ കല്ലറയിൽ വിലങ്ങാട് സ്വദേശിയുടെ മൃതദേഹമില്ല,   പരിശോധനയിൽ കണ്ടെത്തിയത് രണ്ട് മൃതദേഹങ്ങൾ മാത്രം"
english_title: "End of mysteries; No body of Vilangad native found in Kannur Vaniyappara grave, only two bodies found during inspection"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/368014/end-of-mysteries-no-body-of-vilangad-native-found-in-kannur-vaniyappara-grave-only-two-bodies-found-during-inspection"
published_at: "2026-06-24T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b7a64397f9_6a3b7776b895f_PALLIKALLARA.jpg"
keywords: ["Kannur Vaniyappara", "No body", "End of mysteries", "Two bodies"]
---

# ദുരൂഹതകൾക്ക് അവസാനം ; കണ്ണൂർ വാണിയപ്പാറയിലെ കല്ലറയിൽ വിലങ്ങാട് സ്വദേശിയുടെ മൃതദേഹമില്ല,   പരിശോധനയിൽ കണ്ടെത്തിയത് രണ്ട് മൃതദേഹങ്ങൾ മാത്രം

> **Lead Summary:** കണ്ണൂർ: കണ്ണൂർ വാണിയപ്പാറ ഉണ്ണിയേശു പള്ളിയിലെ കല്ലറയെ ചൊല്ലി നാട്ടുകാർക്കിടയിൽ നിലനിന്നിരുന്ന ആശങ്കകൾക്ക് വിരാമം. പള്ളിയിലെ 38-ാം നമ്പർ കല്ലറയിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ, ഔദ്യോഗിക രേഖകൾ ശരിയാണെന്നും കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ മാത്രമാണുള്ളതെന്നും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

## Article Content

കണ്ണൂർ: കണ്ണൂർ വാണിയപ്പാറ ഉണ്ണിയേശു പള്ളിയിലെ കല്ലറയെ ചൊല്ലി നാട്ടുകാർക്കിടയിൽ നിലനിന്നിരുന്ന ആശങ്കകൾക്ക് വിരാമം. പള്ളിയിലെ 38-ാം നമ്പർ കല്ലറയിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ, ഔദ്യോഗിക രേഖകൾ ശരിയാണെന്നും കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ മാത്രമാണുള്ളതെന്നും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

റവന്യൂ, പൊലീസ്, ഫോറൻസിക് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത് . പള്ളിയുടെ ഔദ്യോഗിക രേഖകളിൽ പറയുന്ന 2006ലും 2015ലുമായി അടക്കം ചെയ്ത മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ മാത്രമാണ് കല്ലറയിലുള്ളതെന്ന് അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ ജൂൺ 13നാണ് നാടകീയമായ സംഭവങ്ങൾക്ക് തുടക്കമാകുന്നത്. പള്ളിയിലെ 38-ാം നമ്പർ കല്ലറയിൽ പുതിയൊരു മൃതദേഹം കൂടി സംസ്കരിക്കുന്നതിനായി സ്ലാബ് മാറ്റിയപ്പോൾ ഉള്ളിൽ അസ്വാഭാവികമായ രീതിയിൽ മറ്റൊരു ശവപ്പെട്ടി കൂടി അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

എന്നാൽ, 2015ൽ അടക്കം ചെയ്ത ജയിംസ് എന്നയാളുടെ ശവപ്പെട്ടി ദ്രവിച്ചുപോവുകയും, അതിലുണ്ടായിരുന്ന മൃതദേഹാവശിഷ്ടങ്ങൾ പുറത്തേക്ക് വന്നതുമാണ് പുതിയൊരു അവശിഷ്ടം കൂടിയുണ്ടെന്ന സംശയത്തിന് ഇടയാക്കിയതെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായി.

സാധാരണഗതിയിൽ ഒരേ കല്ലറയിൽ വീണ്ടും സംസ്കാരം നടത്തുമ്പോൾ പഴയ അവശിഷ്ടങ്ങൾ മാറ്റി മരപ്പൊടിയിട്ട് പട്ടുവിരിച്ച ശേഷമാണ് പുതിയ പെട്ടി വെക്കാറുള്ളത്. എന്നാൽ ഇവിടെ അവശിഷ്ടങ്ങൾ ചിതറിക്കിടന്നതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്. പള്ളി രേഖകൾ പ്രകാരം 2006ൽ അടക്കം ചെയ്ത മറിയക്കുട്ടി, 2015ൽ അടക്കം ചെയ്ത ജയിംസ് എന്നിവരുടെ മൃതദേഹങ്ങൾ മാത്രമാണ് ഈ കല്ലറയിലുള്ളത്.

കല്ലറയിൽ ഔദ്യോഗിക രേഖകളിൽ ഇല്ലാത്ത മൂന്നാമതൊരു മൃതദേഹം കൂടി ഉണ്ടെന്ന സംശയം ഉയർന്നതോടെ പള്ളി വികാരിയും വിശ്വാസികളും പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് സെമിത്തേരിക്ക് ചുറ്റും ടാർപോളിൻ കെട്ടി മറച്ച് പൊലീസ് കാവൽ ഏർപ്പെടുത്തി.

തലശ്ശേരി ആർഡിഒ, പേരാവൂർ ഡിവൈഎസ്പി, ഫോറൻസിക് വിദഗ്ധർ, പൊലീസ് സർജൻ എന്നിവരടങ്ങിയ പ്രത്യേക സംഘം ഒൻപത് സാക്ഷികളുടെ സാന്നിധ്യത്തിൽ കല്ലറ തുറന്ന് പരിശോധിക്കുകയായിരുന്നു. വിശദമായ പരിശോധനയിൽ പുറത്തുനിന്നുള്ള യാതൊരു അവശിഷ്ടങ്ങളും ഇതിലില്ലെന്ന് ഉറപ്പാക്കി. ഇതോടെ ദിവസങ്ങളായി നിലനിന്നിരുന്ന വലിയൊരു ആശങ്കയ്ക്കാണ് വിരാമമായത്.

കല്ലറയിൽ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹം ശക്തമായതോടെ, പന്ത്രണ്ട് വർഷം മുൻപ് കോഴിക്കോട് വിലങ്ങാട് നിന്നും കാണാതായ സിജോ സ്കറിയ എന്ന യുവാവിന്റേതാണോ ഈ അവശിഷ്ടങ്ങൾ എന്ന സംശയവുമായി അദ്ദേഹത്തിന്റെ കുടുംബം രംഗത്തെത്തിയിരുന്നു.

ഇതേത്തുടർന്ന് കോഴിക്കോട് നിന്നുള്ള പൊലീസ് സംഘം പള്ളിയിലെത്തി വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. എന്നാൽ സിജോയ്ക്ക് വാണിയപ്പാറയുമായി യാതൊരു ബന്ധവുമില്ലെന്നും കല്ലറയിലുള്ളത് അദ്ദേഹമാകാൻ വഴിയില്ലെന്നും സിജോയുടെ ഭാര്യ നിഖില പറഞ്ഞിരുന്നു. ഔദ്യോഗിക പരിശോധനാ ഫലം പുറത്തുവന്നതോടെ ആ അഭ്യൂഹങ്ങൾക്കും പൂർണമായും തിരശ്ശീല വീണു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/368014/end-of-mysteries-no-body-of-vilangad-native-found-in-kannur-vaniyappara-grave-only-two-bodies-found-during-inspection)