---
title: "സഹായം ലഭിച്ചവൻ സഹായകനായി ; ചികിത്സാ ഫണ്ടിൽ നിന്ന് വൃക്കരോഗിക്ക് ₹3.5 ലക്ഷം നൽകി ചമ്പാട്ടുകാരുടെ  രമേശൻ"
english_title: "The one who received help became the helper; Rameshan of Champat gave ₹3.5 lakhs from the treatment fund to a kidney patient"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/367886/the-one-who-received-help-became-the-helper-rameshan-of-champat-gave-35-lakhs-from-the-treatment-fund-to-a-kidney-patient"
published_at: "2026-06-23T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a93d01f542_cvcvcvv.jpg"
keywords: ["Rameshan", "Champat", "Treatment", "kidney patient", "Help"]
---

# സഹായം ലഭിച്ചവൻ സഹായകനായി ; ചികിത്സാ ഫണ്ടിൽ നിന്ന് വൃക്കരോഗിക്ക് ₹3.5 ലക്ഷം നൽകി ചമ്പാട്ടുകാരുടെ  രമേശൻ

> **Lead Summary:** ചമ്പാട്:ജീവിതത്തിന്റെ ഏറ്റവും കഠിനമായ പരീക്ഷണകാലം പിന്നിട്ട് തിരിച്ചെത്തിയപ്പോൾ, തനിക്ക് ലഭിച്ച സ്നേഹവും കരുതലും മറ്റൊരാളുടെ ജീവിതത്തിലേക്ക് പകർന്ന് നൽകി മാതൃകയായി ചമ്പാട് തോട്ടുമ്മലിലെ ഓട്ടോ ഡ്രൈവറായ രമേശൻ. നാട്ടുകാർ കമ്മിറ്റി രൂപീകരിച്ച് തനിക്കായി സ്വരൂപിച്ച പണത്തിൽ നിന്നും മൂന്നര ലക്ഷം രൂപയാണ് തന്റെ വീടിന് തൊട്ടടുത്ത് തന്നെ ഈയിടെ വാടകക്ക് താമസിക്കാനെത്തിയ ബജേഷിന് രമേശൻ കൈമാറിയത്. നാട്ടുകാർ നൽകിയ കരുതലിന്റെ വില മനസിലാക്കി അതിന്റെ ഒരു പങ്ക് മറ്റൊരാളുടെ ജീവിതത്തിലേക്ക് തിരികെ നൽകിയ രമേശന്റെ പ്രവൃത്തി നന്മ ഇപ്പോഴും സമൂഹത്തിൽ ജീവിച്ചിരിപ്പുണ്ടെന്നതിന്റെ തെളിവ് കൂടിയാണ്.

## Article Content

ചമ്പാട്:ജീവിതത്തിന്റെ ഏറ്റവും കഠിനമായ പരീക്ഷണകാലം പിന്നിട്ട് തിരിച്ചെത്തിയപ്പോൾ, തനിക്ക് ലഭിച്ച സ്നേഹവും കരുതലും മറ്റൊരാളുടെ ജീവിതത്തിലേക്ക് പകർന്ന് നൽകി മാതൃകയായി ചമ്പാട് തോട്ടുമ്മലിലെ ഓട്ടോ ഡ്രൈവറായ രമേശൻ. നാട്ടുകാർ കമ്മിറ്റി രൂപീകരിച്ച് തനിക്കായി സ്വരൂപിച്ച പണത്തിൽ നിന്നും മൂന്നര ലക്ഷം രൂപയാണ് തന്റെ വീടിന് തൊട്ടടുത്ത് തന്നെ ഈയിടെ വാടകക്ക് താമസിക്കാനെത്തിയ ബജേഷിന് രമേശൻ കൈമാറിയത്. നാട്ടുകാർ നൽകിയ കരുതലിന്റെ വില മനസിലാക്കി അതിന്റെ ഒരു പങ്ക് മറ്റൊരാളുടെ ജീവിതത്തിലേക്ക് തിരികെ നൽകിയ രമേശന്റെ പ്രവൃത്തി നന്മ ഇപ്പോഴും സമൂഹത്തിൽ ജീവിച്ചിരിപ്പുണ്ടെന്നതിന്റെ തെളിവ് കൂടിയാണ്.

ശ്വാസകോശ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ദീർഘനാൾ ചികിത്സയിലായിരുന്ന രമേശന്റെ ജീവൻ രക്ഷിക്കാൻ നാട്ടുകാർ ഒന്നടങ്കം കൈകോർത്തിരുന്നു. ചികിത്സയ്ക്കാവശ്യമായ വൻതുക കണ്ടെത്തുന്നതിനായി കെ. ബിജു കൺവീനറായും, വാർഡംഗം കെ.കെ. ജീൻഷ ചെയർപേഴ്സണായും, പി. രാജീവൻ ട്രഷററായും ജനകീയ കമ്മിറ്റി രൂപീകരിച്ച് ഫണ്ട് സമാഹരിക്കുകയായിരുന്നു. നാട്ടുകാരുടെയും സുമനസ്സുകളുടെയും സഹായത്തോടെ ലക്ഷക്കണക്കിന് രൂപ ചികിത്സയ്ക്കായി ചെലവഴിച്ചു.

ചികിത്സ വിജയകരമായി പൂർത്തിയായതോടെ ബാക്കിവന്ന ഏകദേശം 12 ലക്ഷം രൂപ കുടുംബത്തിന് കൈമാറുന്ന ചടങ്ങാണ് പിന്നീട് നന്മയുടെ വേദിയായി മാറിയത്. തനിക്ക് ലഭിച്ച സഹായത്തിന്റെ മഹത്വം മനസ്സിലാക്കിയ രമേശൻ, പിതാവ് കൃഷ്ണനൊപ്പം ചേർന്ന് വൃക്കരോഗത്തോട് പോരാടുന്ന തോട്ടുമ്മലിൽ ഈയിടെ വാടകക്ക് താമസിക്കാനെത്തിയ ബജേഷിന് മൂന്നര ലക്ഷം രൂപ കൈമാറി.

> സ്വന്തം ദുരിതത്തിനിടയിലും മറ്റൊരാളുടെ വേദന തിരിച്ചറിഞ്ഞ് നൽകിയ ഈ സഹായം ചടങ്ങിൽ പങ്കെടുത്തവരുടെ ഹൃദയത്തെ സ്പർശിച്ചു. "സഹായം ലഭിച്ചവൻ സഹായകനാകുമ്പോഴാണ് മനുഷ്യസ്നേഹത്തിന്റെ യഥാർത്ഥ സൗന്ദര്യം തെളിയുന്നത്" എന്ന സന്ദേശം രമേശന്റെ പ്രവർത്തി സമൂഹത്തിന് മുന്നിൽ ഉയർത്തിക്കാട്ടി.

പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സ്നോയ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡംഗം കെ.കെ. ജീൻഷ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം പി. പ്രസന്ന, പഞ്ചായത്തംഗം ജസീല, സി.പി. അനീഷ്, പി. രാജീവൻ, യു. അശോകൻ, കെ. സാബിറ, പി. രഞ്ജിനി എന്നിവർ സംസാരിച്ചു. കെ. ബിജു സ്വാഗതം പറഞ്ഞു.

ചടങ്ങിൽ കേരള പൊലീസിൽ നിയമനം നേടിയ ഹെന്ന കെ. ദേവിയെയും വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവരെയും അനുമോദിക്കുകയും ചെയ്തു.

നാട്ടുകാർ നൽകിയ കരുതലിന്റെ വില മനസ്സിലാക്കി, അതിന്റെ ഒരു പങ്ക് മറ്റൊരാളുടെ ജീവിതത്തിലേക്ക് തിരികെ നൽകിയ രമേശന്റെ പ്രവർത്തി നന്മ ഇപ്പോഴും സമൂഹത്തിൽ ജീവിച്ചിരിപ്പുണ്ടെന്നതിന് തെളിവായി മാറുകയാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/367886/the-one-who-received-help-became-the-helper-rameshan-of-champat-gave-35-lakhs-from-the-treatment-fund-to-a-kidney-patient)