---
title: "ചമ്പാട് മേഖലയിൽ തെരുവു നായശല്യം രൂക്ഷം ; നാളെ അബുദാബിയിലേക്ക് പോകാനിരിക്കെ യുവാവിന്റെ കൈക്ക് പൊട്ടൽ"
english_title: "Stray dog ​​harassment is rampant in the Chambad area; young man's hand breaks while he was about to leave for Abu Dhabi tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/367837/stray-dog-harassment-is-rampant-in-the-chambad-area-young-mans-hand-breaks-while-he-was-about-to-leave-for-abu-dhabi-tomorrow"
published_at: "2026-06-23T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a54453b6d7_Untitled-3_copy.jpg"
keywords: []
---

# ചമ്പാട് മേഖലയിൽ തെരുവു നായശല്യം രൂക്ഷം ; നാളെ അബുദാബിയിലേക്ക് പോകാനിരിക്കെ യുവാവിന്റെ കൈക്ക് പൊട്ടൽ

> **Lead Summary:** ചമ്പാട് മേഖലയിൽ തെരുവുനായ ശല്യം രൂക്ഷം. കിഴക്കെ ചമ്പാട് കുറിച്ചിക്കര റേഷൻ പീടികയ്ക്ക് സമീപം തെരുവുനായ അക്രമത്തിൽ യുവാവിന്റെ കൈ ഒടിഞ്ഞു. ബുധനാഴ്ച അബുദാബിയിലേക്ക് പോകേണ്ടിയിരുന്ന നദീറ മൻസിലിൽ നൗഫലിനാണ് തെരുവുനായ അക്രമത്തിൽ പരിക്കേറ്റത്. പ്രദേശത്ത് തെരുവുനായ ശല്യം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം നടത്തി.

## Article Content

ചമ്പാട് മേഖലയിൽ തെരുവുനായ ശല്യം രൂക്ഷം. കിഴക്കെ ചമ്പാട് കുറിച്ചിക്കര റേഷൻ പീടികയ്ക്ക് സമീപം തെരുവുനായ അക്രമത്തിൽ യുവാവിന്റെ കൈ ഒടിഞ്ഞു. ബുധനാഴ്ച അബുദാബിയിലേക്ക് പോകേണ്ടിയിരുന്ന നദീറ മൻസിലിൽ നൗഫലിനാണ് തെരുവുനായ അക്രമത്തിൽ പരിക്കേറ്റത്. പ്രദേശത്ത് തെരുവുനായ ശല്യം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം നടത്തി.

തിങ്കളാഴ്ച രാത്രി പള്ളിയിൽ പോയി വീട്ടിലേക്ക് മടങ്ങിയെത്തിയ നദീറ മൻസിലിൽ നൗഫലിനാണ് അപകടം സംഭവിച്ചത്. മൂന്ന് ദിവസത്തെ അവധിക്കായി നാട്ടിലെത്തിയ നൗഫൽ ബുധനാഴ്ച അബുദാബിയിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതിനിടെയായിരുന്നു സംഭവം. വീട്ടിലെ ഗേറ്റ് തുറക്കുന്നതിനിടെ തെരുവുനായക്കൂട്ടം പാഞ്ഞടുത്തതോടെ രക്ഷപ്പെടാൻ ശ്രമിച്ച നൗഫൽ താഴെ വീഴുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ നായകളെ ഓടിച്ചെങ്കിലും വീഴ്ചയിൽ നൗഫലിന്റെ വലതുകൈയ്ക്ക് ഗുരുതര പരിക്കേറ്റു.

തുടർന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കൈയ്ക്ക് പൊട്ടലുണ്ടെന്ന് കണ്ടെത്തിയത്. ഒരു മാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇതോടെ നൗഫലിന്റെ യാത്രയും തൊഴിൽ സംബന്ധമായ പദ്ധതികളും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് നൗഫലിന്റെ സഹോദരി നദീറയ്ക്കും തെരുവുനായക്കൂട്ടത്തിന്റെ ആക്രമണശ്രമം നേരിടേണ്ടി വന്നിരുന്നു. അന്ന് ഭാഗ്യം കൊണ്ടാണ് അപകടം ഒഴിവായത്. കുന്നോത്ത് പീടികയിൽ നിന്ന് പൂക്കോം ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന ഒരു ബൈക്ക് യാത്രക്കാരനെയും കഴിഞ്ഞ ദിവസങ്ങളിൽ തെരുവുനായകൾ ആക്രമിച്ചതായി പ്രദേശവാസികൾ പറയുന്നു.

ചമ്പാട്, കുറിച്ചിക്കര, പൂക്കോം തുടങ്ങിയ പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ കൂട്ടമായി സഞ്ചരിക്കുന്ന തെരുവുനായകൾ കാൽനടയാത്രക്കാർക്കും വിദ്യാർഥികൾക്കും ഇരുചക്ര വാഹന യാത്രക്കാർക്കും ഭീഷണിയായി മാറിയിരിക്കുകയാണ്. സ്കൂളുകളിലേക്കും ആരാധനാലയങ്ങളിലേക്കും പോകുന്നവർക്കും വയോജനങ്ങൾക്കും സ്ത്രീകൾക്കും വലിയ ആശങ്കയാണ് ഇത് സൃഷ്ടിക്കുന്നത്.

തെരുവുനായ ശല്യം ഇപ്പോൾ ഒരു വ്യക്തിയുടെ പ്രശ്നമോ ഒരു കുടുംബത്തിന്റെ ദുരിതമോ മാത്രമല്ല, പൊതുസമൂഹത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഗൗരവമായ സാമൂഹിക പ്രശ്നമായി മാറിയിരിക്കുകയാണ്. നിരവധി പരാതികൾ ഉയർന്നിട്ടും ശാശ്വത പരിഹാരത്തിനായുള്ള നടപടികൾ കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനായി തെരുവുനായ നിയന്ത്രണ പദ്ധതികൾ ശക്തമാക്കുകയും അപകടസാധ്യത കൂടുതലുള്ള മേഖലകളിൽ അടിയന്തര നടപടി സ്വീകരിക്കുകയും വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് 36 കുടുംബങ്ങളിൽ നിന്നും ഒപ്പ് ശേഖരിച്ച് വാർഡംഗം സി.എച്ച് ഖാദർ പന്ന്യന്നൂർ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/367837/stray-dog-harassment-is-rampant-in-the-chambad-area-young-mans-hand-breaks-while-he-was-about-to-leave-for-abu-dhabi-tomorrow)