---
title: "സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ കയ്യാങ്കളി ;  മതിൽ ചാടിയ വിദ്യാർത്ഥിയുടെ പൃഷ്ഠഭാഗത്ത് കമ്പി തുളച്ചുകയറി ഗുരുതര പരിക്ക്"
english_title: "School students clash; student jumps over wall, seriously injured after wire pierces back"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/367208/school-students-clash-student-jumps-over-wall-seriously-injured-after-wire-pierces-back"
published_at: "2026-06-20T18:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a368ee2e06f8_6a365ae262f03_tvm.jpg"
keywords: []
---

# സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ കയ്യാങ്കളി ;  മതിൽ ചാടിയ വിദ്യാർത്ഥിയുടെ പൃഷ്ഠഭാഗത്ത് കമ്പി തുളച്ചുകയറി ഗുരുതര പരിക്ക്

> **Lead Summary:** തിരുവനന്തപുരത്തെ ഒരു പ്രമുഖ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പത്താം ക്ലാസുകാരന് ദാരുണമായ അപകടം.

## Article Content

തിരുവനന്തപുരത്തെ ഒരു പ്രമുഖ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പത്താം ക്ലാസുകാരന് ദാരുണമായ അപകടം.

സ്കൂളിന് സമീപമുള്ള പട്ടം എൽ.ഐ.സി ലൈനിലെ ഒരു വീടിന്റെ മതിൽ ചാടിക്കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിദ്യാർത്ഥിയുടെ പൃഷ്ഠഭാഗത്ത് ഗേറ്റിലെ ഇരുമ്പുകമ്പി തുളച്ചുകയറിയത്.

കുട്ടികൾ തമ്മിലുള്ള തർക്കം സംഘർഷത്തിലേക്ക് വഴിമാറിയതിനെത്തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. വീടിന്റെ സൺഷെയ്ഡിലൂടെ ഓടി താഴേക്ക് ചാടുന്നതിനിടയിലാണ് ഗേറ്റിലെ ഇരുമ്പുകമ്പിയിൽ കുട്ടി കുടുങ്ങിയത്.

ഏകദേശം 25 സെന്റിമീറ്ററോളം ആഴത്തിൽ കമ്പി ശരീരത്തിനുള്ളിലേക്ക് തുളച്ചുകയറിയതോടെ കുട്ടി അനങ്ങാൻ കഴിയാത്ത അവസ്ഥയിലായി. വിവരമറിഞ്ഞ് തിരുവനന്തപുരം ഫയർ സ്റ്റേഷനിൽ നിന്ന് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷെഹീന്റെ നേതൃത്വത്തിലുള്ള സംഘം ഉടൻ സ്ഥലത്തെത്തി.

ഏകദേശം അരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഹെഡ്രോളിക് ഷിയേഴ്സ് അടക്കമുള്ള അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് കമ്പി മുറിച്ചുമാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

ഉടൻ തന്നെ ഫയർഫോഴ്സിന്റെ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച വിദ്യാർത്ഥി ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/367208/school-students-clash-student-jumps-over-wall-seriously-injured-after-wire-pierces-back)