---
title: "രാഷ്ടിയ പകയാണൊ..? ;  ബജറ്റിൽ  തലശേരിക്കും, ധർമ്മടത്തിനും നയാ പൈസയില്ല"
english_title: "There is no money for Thalassery and Dharmadam in the budget"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/367088/there-is-no-money-for-thalassery-and-dharmadam-in-the-budget"
published_at: "2026-06-20T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a362c3c1418e_Untitled-3_copy.jpg"
keywords: []
---

# രാഷ്ടിയ പകയാണൊ..? ;  ബജറ്റിൽ  തലശേരിക്കും, ധർമ്മടത്തിനും നയാ പൈസയില്ല

> **Lead Summary:** തലശേരി: അർബ്ബുദ ചികിത്സാ രംഗത്ത് രാജ്യത്തെ തന്നെ മികവിന്റെ കേന്ദ്രമായി വളർന്നു വരുന്ന കോടിയേരിയിലെ മലബാർ കാൻസർ സെന്റർ, രാജ്യത്തിനകത്തും പുറത്തുമുള്ള വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന പുതു തലമുറ കോഴ്സുകൾ ഒരു കോംപൗണ്ടിനുള്ളിൽ ലഭ്യമാവുന്ന പിണറായിലെ 285 കോടിയുടെ വിദ്യാഭ്യാസ സമുഛയം, തൊട്ടപ്പുറം പണിതു വരുന്ന 45 കോടിയുടെ സുപ്പർ സ്പെഷ്യാലിറ്റി സെന്റർ, തലശേരിയിലെ പൈതൃക - തീർത്ഥാടന വികസനം, ഇല്ലിക്കുന്ന് ബംഗ്ലാവിലെ സ്റ്റോറി ടെല്ലിംഗ് മ്യൂസിയം, ചാലിൽ ഗോപാലേട്ടയിലെ ഫിംഗർ ജെട്ടി, ജഗന്നാഥ ക്ഷേത്രത്തിലെ നവോത്ഥാന മ്യൂസിയം, ജനറൽ ആശുപത്രി കണ്ടിക്കലിലേക്ക് മാറുന്നത്,

## Article Content

തലശേരി: അർബ്ബുദ ചികിത്സാ രംഗത്ത് രാജ്യത്തെ തന്നെ മികവിന്റെ കേന്ദ്രമായി വളർന്നു വരുന്ന കോടിയേരിയിലെ മലബാർ കാൻസർ സെന്റർ, രാജ്യത്തിനകത്തും പുറത്തുമുള്ള വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന പുതു തലമുറ കോഴ്സുകൾ ഒരു കോംപൗണ്ടിനുള്ളിൽ ലഭ്യമാവുന്ന പിണറായിലെ 285 കോടിയുടെ വിദ്യാഭ്യാസ സമുഛയം, തൊട്ടപ്പുറം പണിതു വരുന്ന 45 കോടിയുടെ സുപ്പർ സ്പെഷ്യാലിറ്റി സെന്റർ, തലശേരിയിലെ പൈതൃക - തീർത്ഥാടന വികസനം, ഇല്ലിക്കുന്ന് ബംഗ്ലാവിലെ സ്റ്റോറി ടെല്ലിംഗ് മ്യൂസിയം, ചാലിൽ ഗോപാലേട്ടയിലെ ഫിംഗർ ജെട്ടി, ജഗന്നാഥ ക്ഷേത്രത്തിലെ നവോത്ഥാന മ്യൂസിയം, ജനറൽ ആശുപത്രി കണ്ടിക്കലിലേക്ക് മാറുന്നത്,

കണ്ടിക്കലിലെ അമ്മയും കുഞ്ഞും ആശുപത്രി, പിണറായി വേങ്ങാട് ഗ്ലോബൽ ഡയറി വില്ലേജ്, കമ്പനി മെട്ടയിലെ പൊതുമരാമത്ത് വിഭാഗം റസ്റ്റ് ഹൌസ്, മുഴപ്പാലയിൽ വരാനിരുന്ന ലോകോത്തര നിലവാരത്തിലുള്ള ഫയർ അക്കാദമി, ഉൾപെടെ ധർമ്മടം, തലശ്ശേരി നിയോജക മണ്ഡലത്തിൽ നിർമ്മാണം തുടങ്ങി വച്ചതും പാതി വഴിയിലുള്ളതും അവസാന ഘട്ടത്തിലെത്തി നിൽക്കുന്നതുമായ നാടിന്റെ സ്വപ്ന പദ്ധതികൾക്ക്, പുതിയ സംസ്ഥാന ബജറ്റിൽ നയാപൈസ വകയിരുത്തിയില്ല.

ഇതോടെ കഴിഞ്ഞ സർക്കാർ, അന്നത്തെ മുഖ്യ മന്ത്രിയുടെയും നിയമസഭാ സ്പീക്കറുടെയും മണ്ഡലത്തിൽ ഒരുക്കി വരുന്ന ജനോപകാരപ്രദമായ പൊതു സ്ഥാപനങ്ങളുടെ പൂർത്തീകരണമെല്ലാം ഒന്നൊന്നായി മുടങ്ങും. കോടികളുടെ പ്രവൃത്തികളാണ് അന്ധമായ രാഷ്ട്രിയ പകയിൽ അനാഥമാവുക.  മലബാർ കാൻസർ സെന്ററിന്റെ  വികസനത്തിനായി എം.സി.സിക്ക് ചുറ്റുമുള്ള 5.95 ഏക്കർ സ്ഥലം കിഫ് ബി മുഖേന വിലക്ക് വാങ്ങാൻ നടപടികൾ പുരോഗമിച്ചു വരികയായിരുന്നു.

തലശ്ശേരി എഞ്ചിനിയറിംഗ് കോളേജിൽ ഫ്യൂച്ചർ ടെക് പാർക്ക്, ഇൻഡസ്ട്രിയൽ പാർക്ക് എന്നിവ ഒരുക്കാൻ 50 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചതും പുതിയ സർക്കാർ കണ്ടില്ല. തലശ്ശേരി കടൽ പാലത്തിന് മുകളിൽ സ്ഥാപിക്കാൻ വിഭാവനം ചെയ്ത എലിവേറ്റഡ് വാക് വേ, മലബാറിന്റെ ടൂറിസം മേഖലയ്ക് രത്ന കിരിടമാവുമായിരുന്നു.

പക്ഷെ ഈഭാഗത്തേക്ക് പുതിയ സർക്കാറിന്റെ ബജറ്റ് തിരിഞ്ഞു നോക്കിയില്ല. തുടർ ഭരണമായാലും ഭരണ മാറ്റമായാലും ഇരു മണ്ഡലങ്ങളിലും വരുന്ന പദ്ധതികൾ പൂർത്തിയാവുമെന്ന പ്രതീക്ഷയാണ് പുതിയ ബജറ്റ് പ്രഖ്യാപനത്തോടെ തകിടം മറിയുന്നത്.- ഇങ്ങനെയുമുണ്ടോ രാഷ്ട്രീയ വൈരാഗ്യമെന്ന ചോദ്യമാണ് മണ്ഡലങ്ങളിൽ ഉയരുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/367088/there-is-no-money-for-thalassery-and-dharmadam-in-the-budget)