---
title: "പാനൂർ ടൗണിൽ തെരുവുനായ ശല്യം രൂക്ഷം ; സ്കൂളിലേക്ക് ഭർത്താവിനൊപ്പം ബൈക്കിൽ  പോകവെ അധ്യാപികക്ക് കടിയേറ്റു"
english_title: "Stray dog ​​harassment in Panur town; Teacher bitten while riding bike to school with husband"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/366813/stray-dog-harassment-in-panur-town-teacher-bitten-while-riding-bike-to-school-with-husband"
published_at: "2026-06-18T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a33f8f078ca0_Untitled-2_copy.jpg"
keywords: ["Stray dog", "Panoor", "Teacher bitte", "School", "Husband"]
---

# പാനൂർ ടൗണിൽ തെരുവുനായ ശല്യം രൂക്ഷം ; സ്കൂളിലേക്ക് ഭർത്താവിനൊപ്പം ബൈക്കിൽ  പോകവെ അധ്യാപികക്ക് കടിയേറ്റു

> **Lead Summary:** പാനൂർ: പാനൂർ നഗരത്തിൽ തെരുവുനായ ശല്യം ദിനംപ്രതി രൂക്ഷമാകുന്നതിനിടെ സ്കൂളിലേക്ക് പോകുകയായിരുന്ന അധ്യാപികയ്ക്ക് തെരുവുനായയുടെ കടിയേറ്റു. പാലക്കൂൽ യു.പി. സ്കൂളിലെ പ്രധാനാധ്യാപിക എൻ.കെ. ഷീനയ്ക്കാണ് പരിക്കേറ്റത്. ഭർത്താവ് എം. സുഭാഷിനൊപ്പം ബൈക്കിൽ സ്കൂളിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം.

## Article Content

പാനൂർ: പാനൂർ നഗരത്തിൽ തെരുവുനായ ശല്യം ദിനംപ്രതി രൂക്ഷമാകുന്നതിനിടെ സ്കൂളിലേക്ക് പോകുകയായിരുന്ന അധ്യാപികയ്ക്ക് തെരുവുനായയുടെ കടിയേറ്റു. പാലക്കൂൽ യു.പി. സ്കൂളിലെ പ്രധാനാധ്യാപിക എൻ.കെ. ഷീനയ്ക്കാണ് പരിക്കേറ്റത്. ഭർത്താവ് എം. സുഭാഷിനൊപ്പം ബൈക്കിൽ സ്കൂളിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം.

പാനൂർ സുമംഗലി ഓഡിറ്റോറിയത്തിന് മുൻവശത്തെ റോഡിൽ വെച്ചാണ് തെരുവുനായ പെട്ടെന്ന് ബൈക്കിന് നേരെ ചാടി അധ്യാപികയുടെ കാലിൽ കടിച്ചത്. ബൈക്ക് ഓടിച്ചിരുന്ന എം. സുഭാഷിന്റെ സമയോചിതമായ ഇടപെടലും മനഃസാന്നിധ്യവുമാണ് വലിയ അപകടം ഒഴിവാക്കിയത്.

നായയുടെ ആക്രമണത്തെ തുടർന്ന് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യത ഉണ്ടായിരുന്നെങ്കിലും സുഭാഷ് വാഹനം സുരക്ഷിതമായി നിയന്ത്രിച്ച് അപകടം ഒഴിവാക്കുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് അദ്ദേഹത്തിന് കടിയേൽക്കാതിരുന്നതും, അപകടത്തിൽപ്പെടാതിരുന്നതും.

പാനൂർ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം അതിരൂക്ഷമാണെന്നാണ് നാട്ടുകാരുടെ പരാതി. പ്രത്യേകിച്ച് രാവിലെയും വൈകുന്നേരവും ആളുകൾ കൂടുതലായി സഞ്ചരിക്കുന്ന റോഡുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സമീപത്തുമാണ് നായ്ക്കളുടെ കൂട്ടം ഭീഷണിയാകുന്നത്. സ്കൂൾ വിദ്യാർത്ഥികൾ, സ്ത്രീകൾ, വയോധികർ, ഇരുചക്രവാഹന യാത്രക്കാർ എന്നിവരാണ് ഏറെ ആശങ്കയിലായിരിക്കുന്നത്.

ഇതിനിടെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് പാനൂർ ബസ് സ്റ്റാൻഡിന് സമീപം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഒരു യുവാവിനെയും തെരുവുനായ ആക്രമിച്ചിരുന്നു. തുടർച്ചയായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ജനങ്ങളിൽ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.

സംഭവത്തെ തുടർന്ന് പാനൂർ നഗരസഭ സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്. വലിയൊരു ദുരന്തമോ ഗുരുതര അപകടമോ ഉണ്ടാകുന്നതിന് മുമ്പ് തെരുവുനായ നിയന്ത്രണത്തിനായി അടിയന്തരവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു. നഗരത്തിലെ പ്രധാന റോഡുകളിലും പൊതുസ്ഥലങ്ങളിലുമുള്ള തെരുവുനായകളെ പിടികൂടി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനും വാക്സിനേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിനും നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/366813/stray-dog-harassment-in-panur-town-teacher-bitten-while-riding-bike-to-school-with-husband)