---
title: "മൊകേരിയിലെ ഷിഗെല്ല ; പഞ്ചായത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ള പരിശോധന നടത്തും"
english_title: "Shigella in Mokeri; Drinking water testing to be conducted in all houses in the panchayath"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/366413/shigella-in-mokeri-drinking-water-testing-to-be-conducted-in-all-houses-in-the-panchayath"
published_at: "2026-06-16T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a31523abf40d_Untitled-2_copy.jpg"
keywords: ["Shigella", "Mokeri", "Drinking Water Testing", "Panchayath"]
---

# മൊകേരിയിലെ ഷിഗെല്ല ; പഞ്ചായത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ള പരിശോധന നടത്തും

> **Lead Summary:** മൊകേരി: മൊകേരി പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ രണ്ടു കുട്ടികൾക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കൂത്തുപറമ്പ് എം എൽ എ പി കെ പ്രവീണിന്റെ അധ്യക്ഷതയിൽ മൊകേരി പഞ്ചായത്ത് ഹാളിൽ അവലോകന യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

## Article Content

മൊകേരി: മൊകേരി പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ രണ്ടു കുട്ടികൾക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കൂത്തുപറമ്പ് എം എൽ എ പി കെ പ്രവീണിന്റെ അധ്യക്ഷതയിൽ മൊകേരി പഞ്ചായത്ത് ഹാളിൽ അവലോകന യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സ്‌ക്വാഡ് രൂപീകരിച്ചു കൊണ്ട് കുടിവെള്ള പരിശോധന നടത്താൻ യോഗം നിർദ്ദേശം നൽകി. രോഗ പ്രതിരോധ മാർഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണം നടത്തുന്നതിനും യോഗം തീരുമാനിച്ചു. സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രത്യേക യോഗങ്ങൾ ചേരും.

മൊകേരി പഞ്ചായത്ത് 11-ാം വാർഡിൽ നാലുവയസുള്ള കുട്ടിക്ക് വയറിളക്കം, ഛർദ്ദി, പനി, മലത്തിൽ രക്തം എന്നിവ കണ്ടതിനെ തുടർന്ന് ജൂൺ എട്ടിനാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പിറ്റേ ദിവസം കുട്ടി അഡ്മിറ്റായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല രോഗം കണ്ടെത്തിയത്.

കുട്ടിയുടെ വീട്ടിൽ ആരോഗ്യ വകുപ്പ് സംഘം സന്ദർശനം നടത്തി. നിലവിൽ കുട്ടിയുടെ വീട്ടിൽ മറ്റാർക്കും ലക്ഷണങ്ങൾ ഇല്ല. കുടുംബാംഗങ്ങൾക്കും സമീപവാസികൾക്കും രോഗപ്രതിരോധ മാർഗങ്ങളെക്കുറിച്ചും സുരക്ഷിത കുടിവെള്ള ഉപയോഗം, വ്യക്തിശുചിത്വം എന്നിവ പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധവത്കരണം നടത്തുകയും ചെയ്തു.

മൊകേരി പഞ്ചായത്തിലെ തന്നെ പത്താം വാർഡിലെ എട്ട് വയസുള്ള കുട്ടിക്ക് പത്താം തീയതിയിലാണ് വയറിളക്കം, പനി, ഛർദി എന്നീ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടികളുടെ വീട്ടിലെ കിണറിൽ നിന്നും വാട്ടർ സാമ്പിൾ ശേഖരിച്ചു. പ്രദേശത്ത് ഫീവർ സർവേ നടത്തി. കിണറുകൾ സൂപ്പർ ക്ലോറിനേഷൻ നടത്തുകയും വീട്ടുകാർക്കും സമീപവാസികൾക്കും ബോധവത്കരണ പരിപാടികൾ നടത്തുകയും ചെയ്തു.

അവലോകന യോഗത്തിൽ മൊകേരി പഞ്ചായത്ത് പ്രസിഡന്റ്‌ കനകം കുനിയിൽ , വൈസ് പ്രസിഡന്റ്‌ ജയപ്രസാദ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി ടി കെ പുഷ്പ, ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ് ഡോ. കെ സി സച്ചിൻ, ജൂനിയർ അഡ്മിനിസ്ട്രേറ്റിവ് മെഡിക്കൽ ഓഫീസർ ഡോ. കെ ടി രമ്യ, ടെക്നിക്കൽ അസിസ്റ്റന്റ് എം ബി മുരളി, ജില്ലാ എപ്പിഡെമോളജിസ്റ്റ് അഖിൽ രാജ്, മൊകേരി എഫ് എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. ദിൽന,എന്നിവർ പങ്കെടുത്തു.

പകർച്ച വ്യാധി പ്രതിരോധം: ഭക്ഷ്യ പാനീയ വിതരണ സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന ശക്തമാക്കി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/366413/shigella-in-mokeri-drinking-water-testing-to-be-conducted-in-all-houses-in-the-panchayath)