---
title: "പന്തക്കൽ സ്കൂൾ ഗ്രൗണ്ടിൽ ശ്രമദാനം; കാടുവളർച്ച നീക്കി പരിസരം ശുചീകരിച്ചു"
english_title: "Shramadan was organized at Panthakkal school ground; the area was cleaned by removing the forest growth."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/365900/shramadan-was-organized-at-panthakkal-school-ground-the-area-was-cleaned-by-removing-the-forest-growth"
published_at: "2026-06-14T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e4c6459380_VGVGVG.jpg"
keywords: []
---

# പന്തക്കൽ സ്കൂൾ ഗ്രൗണ്ടിൽ ശ്രമദാനം; കാടുവളർച്ച നീക്കി പരിസരം ശുചീകരിച്ചു

> **Lead Summary:** പന്തക്കൽ സ്കൂൾ ഗ്രൗണ്ടിന്റെയും പരിസര പ്രദേശങ്ങളുടെയും ശോചനീയാവസ്ഥയെ തുടർന്ന് വ്യാപക ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഗ്രൗണ്ടിന് ചുറ്റുമുള്ള ഭാഗങ്ങളിൽ കാടുവളർച്ച വ്യാപകമായതും പാമ്പുകൾ ഉൾപ്പെടെയുള്ള വിഷജന്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതും പ്രദേശവാസികളിലും വിദ്യാർത്ഥികളുടെ രക്ഷിതാക്കളിലും ആശങ്ക സൃഷ്ടിച്ചിരുന്നു.

## Article Content

പന്തക്കൽ സ്കൂൾ ഗ്രൗണ്ടിന്റെയും പരിസര പ്രദേശങ്ങളുടെയും ശോചനീയാവസ്ഥയെ തുടർന്ന് വ്യാപക ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഗ്രൗണ്ടിന് ചുറ്റുമുള്ള ഭാഗങ്ങളിൽ കാടുവളർച്ച വ്യാപകമായതും പാമ്പുകൾ ഉൾപ്പെടെയുള്ള വിഷജന്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതും പ്രദേശവാസികളിലും വിദ്യാർത്ഥികളുടെ രക്ഷിതാക്കളിലും ആശങ്ക സൃഷ്ടിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച പന്തക്കൽ പോലീസ് സ്റ്റേഷനിൽ നടന്ന പീപ്പിൾസ് ഫോറത്തിൽ പരാതി ഉയർന്നിരുന്നു. പരാതിയുടെ ഗൗരവം മനസിലാക്കിയ മാഹി സർക്കിൾ ഇൻസ്‌പെക്ടർ അനിൽകുമാർ അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശം നൽകി.

തുടർന്ന് പന്തക്കൽ എസ്.ഐ ടി. തമിഴ്അരസൻ, എ.എസ്.ഐ റഷീദ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സേനാംഗങ്ങൾ, സ്കൂൾ അധികൃതർ, പ്രദേശവാസികൾ, വിവിധ സന്നദ്ധ പ്രവർത്തകർ എന്നിവർ ചേർന്ന് ഗ്രൗണ്ട് പരിസരത്ത് ശ്രമദാന പ്രവർത്തനങ്ങൾ നടത്തി. കാടുപിടിച്ച ഭാഗങ്ങൾ വെട്ടിമാറ്റുകയും മാലിന്യങ്ങൾ നീക്കം ചെയ്യുകയും വിഷജന്തുക്കൾ ഒളിഞ്ഞിരിക്കാനിടയുള്ള സ്ഥലങ്ങൾ ശുചീകരിക്കുകയും ചെയ്തു.

വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇത്തരത്തിലുള്ള പൊതുപ്രശ്നങ്ങൾ പൊലീസും, ജനങ്ങളും, അധികൃതരും ഒരുമിച്ച് ഇടപെട്ട് പരിഹരിക്കുന്നത് സമൂഹത്തിന് മാതൃകാപരമാണെന്നും പ്രദേശവാസികൾ അഭിപ്രായപ്പെട്ടു.

സ്കൂൾ ഗ്രൗണ്ടും പരിസരവും സ്ഥിരമായി പരിപാലിച്ച് ശുചിത്വം ഉറപ്പാക്കുന്നതിനുള്ള തുടർനടപടികളും സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/365900/shramadan-was-organized-at-panthakkal-school-ground-the-area-was-cleaned-by-removing-the-forest-growth)