---
title: "ഗിന്നസ് നേട്ടങ്ങൾക്ക് ചൊക്ലിയുടെ  ആദരം ; ഫായിസ് നാസറുടെ പേരിൽ സ്വന്തം നാട്ടിൽ റോഡ്"
english_title: "Chokli pays tribute to Guinness achievements; Road named after Faiz Nasser in his hometown"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/365822/chokli-pays-tribute-to-guinness-achievements-road-named-after-faiz-nasser-in-his-hometown"
published_at: "2026-06-13T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d599ca6d64_Untitled-1_copy.jpg"
keywords: []
---

# ഗിന്നസ് നേട്ടങ്ങൾക്ക് ചൊക്ലിയുടെ  ആദരം ; ഫായിസ് നാസറുടെ പേരിൽ സ്വന്തം നാട്ടിൽ റോഡ്

> **Lead Summary:** ചൊക്ലി: അസാധാരണമായ കഴിവും, അർപ്പണബോധവും കൊണ്ട് 11 തവണ ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയ ഫായിസ് നാസറിന് സ്വന്തം നാട് നൽകിയ ആദരം ശ്രദ്ധേയമായി. ചൊക്ലി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ താമസിക്കുന്ന നാസറിന്റെ മകൻ ഫായിസ് നാസറുടെ പേരിൽ പ്രദേശത്ത് പുതുതായി നിർമ്മിച്ച റോഡിന് നാമകരണം നടത്തി ഉദ്ഘാടനം ചെയ്തു.

## Article Content

ചൊക്ലി: അസാധാരണമായ കഴിവും, അർപ്പണബോധവും കൊണ്ട് 11 തവണ ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയ ഫായിസ് നാസറിന് സ്വന്തം നാട് നൽകിയ ആദരം ശ്രദ്ധേയമായി. ചൊക്ലി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ താമസിക്കുന്ന നാസറിന്റെ മകൻ ഫായിസ് നാസറുടെ പേരിൽ പ്രദേശത്ത് പുതുതായി നിർമ്മിച്ച റോഡിന് നാമകരണം നടത്തി ഉദ്ഘാടനം ചെയ്തു.

സ്വന്തം പരിശ്രമത്തിലൂടെയും, കഴിവിലൂടെയും അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയ ഫായിസ് നാസറിന്റെ നേട്ടങ്ങളെ അംഗീകരിച്ചാണ് റോഡിന് അദ്ദേഹത്തിന്റെ പേര് നൽകാൻ തീരുമാനിച്ചതെന്ന് ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ് പറഞ്ഞു. യുവതലമുറയ്ക്ക് പ്രചോദനമാകുന്ന നേട്ടങ്ങളാണ് ഫായിസ് കൈവരിച്ചതെന്നും, നാട്ടിന്റെ അഭിമാനമായി മാറിയ വ്യക്തികളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

വികാരനിർഭരമായ ചടങ്ങിൽ ഫായിസ് നാസറിനെയും കുടുംബാംഗങ്ങളെയും നാട്ടുകാർ ആദരിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേർന്നു.

വാർഡ് മെമ്പർ ഡോ. എം.സി. ഷിജിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ഉദയൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചു.

ഫായിസ് നാസറിന്റെ നേട്ടങ്ങൾ കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെയെന്നും, ഇനിയും ലോകറെക്കോർഡുകൾ സ്വന്തമാക്കി നാടിനും രാജ്യത്തിനും അഭിമാനമാകട്ടെയെന്നും ചടങ്ങിൽ പങ്കെടുത്തവർ ആശംസിച്ചു.

കെ. ഗിരീഷൻ സ്വാഗതവും വിനീഷ് നന്ദിയും രേഖപ്പെടുത്തി. നാട്ടിന്റെ അഭിമാനമായ ഒരു വ്യക്തിക്ക് സ്വന്തം ഇടം നൽകിയ ഈ ആദരം പ്രദേശവാസികൾക്കിടയിൽ വലിയ സന്തോഷത്തിനും അഭിമാനത്തിനും ഇടയാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/365822/chokli-pays-tribute-to-guinness-achievements-road-named-after-faiz-nasser-in-his-hometown)