---
title: "കോഴിക്കോട് ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറുടെ മുഖത്തടിച്ച് യാത്രക്കാരൻ ; വൻ അപകടം ഒഴിവായത് തലനാരിഴക്ക്"
english_title: "Passenger slaps driver in the face while driving bus in Kozhikode"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/365756/passenger-slaps-driver-in-the-face-while-driving-bus-in-kozhikode"
published_at: "2026-06-13T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d1ac4d912d_Untitled-3_copy.jpg"
keywords: []
---

# കോഴിക്കോട് ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറുടെ മുഖത്തടിച്ച് യാത്രക്കാരൻ ; വൻ അപകടം ഒഴിവായത് തലനാരിഴക്ക്

> **Lead Summary:** പേഴയ്ക്കാപ്പിള്ളിയിൽ വെച്ച് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്ക് നേരെ യാത്രക്കാരന്റെ ക്രൂരമായ ആക്രമണം. കോഴിക്കോട്-അടൂർ സൂപ്പർ ഫാസ്റ്റ് ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ സതീഷിനെയാണ് യാത്രക്കാരൻ മുഖത്തടിച്ചത്.

## Article Content

പേഴയ്ക്കാപ്പിള്ളിയിൽ വെച്ച് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്ക് നേരെ യാത്രക്കാരന്റെ ക്രൂരമായ ആക്രമണം. കോഴിക്കോട്-അടൂർ സൂപ്പർ ഫാസ്റ്റ് ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ സതീഷിനെയാണ് യാത്രക്കാരൻ മുഖത്തടിച്ചത്.

വെള്ളിയാഴ്ച രാവിലെ 5.30-ഓടെയായിരുന്നു സംഭവം. ഡ്രൈവർക്ക് മർദനമേറ്റിട്ടും തളരാതെ ബസ് നിയന്ത്രിച്ചു നിർത്തിയതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. കോട്ടയ്ക്കലിൽ നിന്ന് ബസിൽ കയറിയ യാത്രക്കാരൻ, പേഴയ്ക്കാപ്പിള്ളി എത്തിയപ്പോൾ ബസ് നിർത്തി യാത്രക്കാരെ ഇറക്കുന്നതിനിടെ ബസ് വാഴപ്പിള്ളി എത്തിയോ എന്ന് ചോദിച്ചു.

ബസ് ഇനിയും മുന്നോട്ട് പോകാനുണ്ടെന്ന് കണ്ടക്ടർ മഹേഷ് മറുപടി നൽകിയതിനെത്തുടർന്ന് വാഹനം മുന്നോട്ടെടുത്തു. എന്നാൽ തൊട്ടുപിന്നാലെ ബസ് നിർത്തണമെന്ന് ആവശ്യപ്പെട്ട് ഇയാൾ ബെല്ലടിക്കുകയായിരുന്നു.

ഈ സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറുമായി ഉണ്ടായ വാക്കുതർക്കമാണ് ഒടുവിൽ കയ്യാങ്കളിയിൽ കലാശിച്ചത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനോട്, ഡ്രൈവർ തന്നെ മർദിച്ചുവെന്ന വിചിത്രമായ വാദമാണ് ഇയാൾ ഉന്നയിച്ചത്.

എന്നാൽ, ഡ്രൈവറെ അക്രമിച്ചത് യാത്രക്കാരനാണെന്ന് ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ ഒറ്റക്കെട്ടായി സാക്ഷ്യപ്പെടുത്തിയതോടെ പോലീസ് വെട്ടിലായി. ഇതിന്റെ ദൃശ്യങ്ങൾ ചില യാത്രക്കാർ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/365756/passenger-slaps-driver-in-the-face-while-driving-bus-in-kozhikode)