---
title: "തലശേരിയിൽ മത്സ്യ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു"
english_title: "Fisherman dies after collapsing while hauling in fishing net in Thalassery; Disaster Response Force volunteer Basheer"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/365724/fisherman-dies-after-collapsing-while-hauling-in-fishing-net-in-thalassery-disaster-response-force-volunteer-basheer"
published_at: "2026-06-13T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d00ff4927b_Untitled-4_copy.jpg"
keywords: ["Fisherman", "Dead", "Thalassery", "Force volunteer"]
---

# തലശേരിയിൽ മത്സ്യ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** മത്സ്യവലയുടെ കമ്പക്കെട്ടുകൾ വലിച്ചുപരിശോധിക്കുന്നതിനിടെ മത്സ്യതൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. ഗോപാൽപേട്ട സ്വദേശിയും നിലവിൽ മുഴപ്പിലങ്ങാട് ബദർ പള്ളിക്ക് സമീപത്തെ ദീപ്തി റോഡിലെ റസീലാസിൽ താമസക്കാരനുമായ കെ.കെ. ബഷീർ ആണ് മരണപ്പെട്ടത്.

## Article Content

മത്സ്യവലയുടെ കമ്പക്കെട്ടുകൾ വലിച്ചുപരിശോധിക്കുന്നതിനിടെ മത്സ്യതൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. ഗോപാൽപേട്ട സ്വദേശിയും നിലവിൽ മുഴപ്പിലങ്ങാട് ബദർ പള്ളിക്ക് സമീപത്തെ ദീപ്തി റോഡിലെ റസീലാസിൽ താമസക്കാരനുമായ കെ.കെ. ബഷീർ ആണ് മരണപ്പെട്ടത്.

ഇന്ന് രാവിലെ 7 മണിയോടെ തലശേരി ജനറൽ ആശുപത്രിക്ക് പിറകിലുള്ള ജവഹർ ഘട്ടിന് സമീപത്തെ മുനമ്പത്ത് വച്ചായിരുന്നു സംഭവം. മത്സ്യബന്ധന പ്രവർത്തനങ്ങളുടെ ഭാഗമായി വലയുടെ കമ്പക്കെട്ടുകൾ വലിച്ചുനോക്കുന്നതിനിടെയാണ് ബഷീർ പെട്ടെന്ന് കുഴഞ്ഞുവീണത്. സമീപത്തുണ്ടായിരുന്ന സഹപ്രവർത്തകരും നാട്ടുകാരും ഉടൻ തന്നെ സഹായത്തിനെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മത്സ്യതൊഴിലാളി എന്ന നിലയിൽ മാത്രമല്ല, സാമൂഹിക രംഗത്തും സജീവ സാന്നിധ്യമായിരുന്നു ബഷീർ. കാലവർഷക്കെടുതികൾ, കടൽക്ഷോഭം, വെള്ളപ്പൊക്കം തുടങ്ങി വിവിധ അത്യാഹിത ഘട്ടങ്ങളിൽ പോലീസിനും അഗ്നിരക്ഷാസേനയ്ക്കുമൊപ്പം പ്രവർത്തിച്ചിരുന്ന ദുരന്തനിവാരണ സേനയിലെ സന്നദ്ധ പ്രവർത്തകനായിരുന്നു അദ്ദേഹം. രക്ഷാപ്രവർത്തനങ്ങളിലും ദുരന്തസമയങ്ങളിലെ സേവനങ്ങളിലും സജീവമായി പങ്കെടുത്തിരുന്ന ബഷീറിന്റെ അപ്രതീക്ഷിത വേർപാട് സഹപ്രവർത്തകർക്കും നാട്ടുകാർക്കും വലിയ ദുഃഖമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഭാര്യ: റഹ്മത്ത്.മക്കൾ: റാഷിദ്, റഫീല.മൃതദേഹം തലശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഖബറടക്കം ഇന്ന് വൈകിട്ട് മുഴപ്പിലങ്ങാട് ബദർ പള്ളി ഖബർസ്ഥാനിൽ നടക്കും.

ദുരന്തസമയങ്ങളിൽ നിസ്വാർത്ഥ സേവനവുമായി മുന്നിട്ടിറങ്ങിയിരുന്ന ബഷീറിന്റെ വിയോഗത്തിൽ മത്സ്യതൊഴിലാളി സമൂഹവും ദുരന്തനിവാരണ സേനാ പ്രവർത്തകരും വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളും അനുശോചനം രേഖപ്പെടുത്തി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/365724/fisherman-dies-after-collapsing-while-hauling-in-fishing-net-in-thalassery-disaster-response-force-volunteer-basheer)