---
title: "സ്കൂൾ കവാടത്തിൽ സിപിഎം എന്നെഴുതിയതിൽ വിവാദം ; വിവാദത്തെ തുടർന്ന് രാത്രി തന്നെ നീക്കംചെയ്തു."
english_title: "Controversy over writing 'CPM' on school gate; removed overnight following controversy."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/365280/controversy-over-writing-cpm-on-school-gate-removed-overnight-following-controversy"
published_at: "2026-06-11T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a6332941fe_Untitled-2_copy.jpg"
keywords: []
---

# സ്കൂൾ കവാടത്തിൽ സിപിഎം എന്നെഴുതിയതിൽ വിവാദം ; വിവാദത്തെ തുടർന്ന് രാത്രി തന്നെ നീക്കംചെയ്തു.

> **Lead Summary:** കാസർകോട് -ജില്ലയിലെ പുത്തിഗെ ഗ്രാമപഞ്ചായത്തിലെ അംഗഡിമുഗർ ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ കവാടത്തിൽ സിപിഎം പ്രാദേശിക കമ്മിറ്റിയുടെ പേര് രേഖപ്പെടുത്തിയ സംഭവം വിവാദമായി. പ്രതിഷേധം ശക്തമായതിനെ തുടർന്ന് പാർട്ടി നേതൃത്വം ഇടപെട്ട് എഴുത്തുകൾ പിന്നീട് നീക്കം ചെയ്തു.

## Article Content

കാസർകോട് -ജില്ലയിലെ പുത്തിഗെ ഗ്രാമപഞ്ചായത്തിലെ അംഗഡിമുഗർ ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ കവാടത്തിൽ സിപിഎം പ്രാദേശിക കമ്മിറ്റിയുടെ പേര് രേഖപ്പെടുത്തിയ സംഭവം വിവാദമായി. പ്രതിഷേധം ശക്തമായതിനെ തുടർന്ന് പാർട്ടി നേതൃത്വം ഇടപെട്ട് എഴുത്തുകൾ പിന്നീട് നീക്കം ചെയ്തു.

> സിപിഎം നേതാവായിരുന്ന കെ.എസ്. അബ്ദുൽ റഹ്മാന്റെ സ്മരണാർത്ഥമാണ് സ്കൂളിന് പുതിയ കവാടം നിർമിച്ച് നൽകിയതെന്ന് പാർട്ടി വിശദീകരിക്കുന്നു. കവാടത്തിന്റെ തൂണിൽ ചുവപ്പ് നിറത്തിൽ "കെ.എസ്. മെമ്മോറിയൽ ഗേറ്റ് – സിപിഐഎം ബാഡൂർ ലോക്കൽ കമ്മിറ്റി" എന്നെഴുതിയിരുന്നു. സർക്കാർ സ്കൂളിന്റെ കവാടത്തിൽ രാഷ്ട്രീയ പാർട്ടിയുടെ പേര് പ്രദർശിപ്പിച്ചതാണ് വിവാദത്തിന് വഴിവെച്ചത്.

സംഭവം ജില്ലാ പഞ്ചായത്ത് യോഗത്തിലും ചർച്ചയായി. അംഗഡിമുഗർ സ്കൂൾ ഉൾപ്പെടുന്ന ഡിവിഷനിൽ നിന്നുള്ള കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ജെ.എസ്. സോമശേഖർ വിഷയമുയർത്തി. തുടർന്ന് യുഡിഎഫ് അംഗങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി. അതേസമയം, എൽഡിഎഫ് അംഗങ്ങൾ നടപടി ന്യായീകരിച്ചതോടെ യോഗത്തിൽ വാക്കുതർക്കമുണ്ടായതായും റിപ്പോർട്ടുണ്ട്.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് ബാഡൂർ ലോക്കൽ കമ്മിറ്റി സ്കൂളിന് കമാനം നിർമിച്ച് നൽകിയിരുന്നുവെന്നും, റോഡ് നവീകരണത്തെ തുടർന്ന് അത് പൊളിച്ചുമാറ്റേണ്ടി വന്നതിനാൽ ഏകദേശം മൂന്നര ലക്ഷം രൂപ ചെലവഴിച്ച് പുതിയ കവാടം നിർമിച്ചതാണെന്നും പാർട്ടി വിശദീകരിച്ചു.

വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് ജെ.എസ്. സോമശേഖർ പരാതി നൽകുകയും ചെയ്തു. തുടർന്ന് സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട്, കൂടുതൽ വിവാദങ്ങൾ ഒഴിവാക്കുന്നതിനായി കവാടത്തിലെ പാർട്ടി പേരും മറ്റ് എഴുത്തുകളും രാത്രി തന്നെ നീക്കം ചെയ്യുകയായിരുന്നു.

സംഭവം സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രാഷ്ട്രീയനിരപേക്ഷത സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും വഴിവെച്ചിരിക്കുകയാണ്. സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് രാഷ്ട്രീയ സംഘടനകൾ സഹായം നൽകാമെങ്കിലും, അവിടങ്ങളിൽ പാർട്ടി തിരിച്ചറിയൽ പ്രദർശിപ്പിക്കുന്നത് ഉചിതമാണോയെന്ന ചോദ്യവും ഉയരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/365280/controversy-over-writing-cpm-on-school-gate-removed-overnight-following-controversy)