---
title: "നാടിനും വിദ്യാലയത്തിനും അഭിമാനം ; സംസ്ഥാന സർക്കാറിന്റെ വനമിത്ര അവാർഡ് കരസ്ഥമാക്കി  തിരിച്ചെത്തിയ അധ്യാപകൻ ഡോ. പി.ദിലീപിന് മൊകേരി രാജീവ് ഗാന്ധി എച്ച് എസ് എസിൽ ഉജ്ജ്വല സ്വീകരണം"
english_title: "Pride of the country and the school; Teacher Dr. P. Dilip, who returned after receiving the Vanamitra Award from the state government, received a warm welcome at Mokeri Rajiv Gandhi HSS"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/364682/pride-of-the-country-and-the-school-teacher-dr-p-dilip-who-returned-after-receiving-the-vanamitra-award-from-the-state-government-received-a-warm-welcome-at-mokeri-rajiv-gandhi-hss"
published_at: "2026-06-08T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a267d9092401_Untitled-9_copy.jpg"
keywords: []
---

# നാടിനും വിദ്യാലയത്തിനും അഭിമാനം ; സംസ്ഥാന സർക്കാറിന്റെ വനമിത്ര അവാർഡ് കരസ്ഥമാക്കി  തിരിച്ചെത്തിയ അധ്യാപകൻ ഡോ. പി.ദിലീപിന് മൊകേരി രാജീവ് ഗാന്ധി എച്ച് എസ് എസിൽ ഉജ്ജ്വല സ്വീകരണം

> **Lead Summary:** മൊകേരി: സംസ്ഥാന സർക്കാറിന്റെ 2025-ലെ വനമിത്ര അവാർഡ് കരസ്ഥമാക്കി സ്കൂളിലേക്കെത്തിയ പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ ഡോ. പി. ദിലീപിന് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ഉജ്ജ്വല സ്വീകരണം നൽകി. വടകര എടച്ചേരി പഞ്ചായത്തിലെ കോട്ടേമ്പ്രം സ്വദേശിയും സ്കൂളിലെ സസ്യശാസ്ത്ര അധ്യാപകനുമായ ദിലീപിന്റെ നേട്ടം വിദ്യാലയത്തിന്റെയും നാടിന്റെയും അഭിമാനമായി മാറി.

## Article Content

മൊകേരി: സംസ്ഥാന സർക്കാറിന്റെ 2025-ലെ വനമിത്ര അവാർഡ് കരസ്ഥമാക്കി സ്കൂളിലേക്കെത്തിയ പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ ഡോ. പി. ദിലീപിന് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ഉജ്ജ്വല സ്വീകരണം നൽകി. വടകര എടച്ചേരി പഞ്ചായത്തിലെ കോട്ടേമ്പ്രം സ്വദേശിയും സ്കൂളിലെ സസ്യശാസ്ത്ര അധ്യാപകനുമായ ദിലീപിന്റെ നേട്ടം വിദ്യാലയത്തിന്റെയും നാടിന്റെയും അഭിമാനമായി മാറി.

വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണിൽ നിന്ന് വനമിത്ര അവാർഡ് ഏറ്റുവാങ്ങിയ ദിലീപ്, പരിസ്ഥിതി സംരക്ഷണ രംഗത്ത് വർഷങ്ങളായി നടത്തുന്ന സമർപ്പിത പ്രവർത്തനങ്ങളിലൂടെയാണ് ഈ ബഹുമതിക്ക് അർഹനായത്. കണ്ണൂർ, കോഴിക്കോട് ജില്ലകളിലുൾപ്പെടെ ആയിരക്കണക്കിന് മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനും അവ സംരക്ഷിക്കുന്നതിനുമായി അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കാൻ സാധാരണ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന നിരവധി നൂതന പദ്ധതികൾ രൂപകൽപ്പന ചെയ്ത് വിജയകരമായി നടപ്പാക്കിയതും പുരസ്കാര നേട്ടത്തിന് വഴിയൊരുക്കി.

അധ്യാപന രംഗത്തും പരിസ്ഥിതി പ്രവർത്തന രംഗത്തും ഒരുപോലെ സജീവ സാന്നിധ്യമായ ദിലീപിന് ഇതിനുമുമ്പും നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2022-ൽകേരള ബൈയോഡൈവേർസിറ്റിയുടെ സംസ്ഥാന ഹരിത വ്യക്തി പുരസ്കാരം നേടിയ അദ്ദേഹം, മാതൃഭൂമി സീഡ് കോർഡിനേറ്റർ എന്ന നിലയിലും ശ്രദ്ധേയ പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. സംസ്ഥാന സ്പെഷ്യൽ ജൂറി പുരസ്കാരം, ബെസ്റ്റ് ടീച്ചർ കോർഡിനേറ്റർ അവാർഡ്, ഹരിത ഭൂമിക പുരസ്കാരം, പച്ചത്തുരുത്ത് പരിസ്ഥിതി പുനഃസ്ഥാപന പുരസ്കാരം, നന്മ മരം ഗ്ലോബൽ ഫൗണ്ടേഷന്റെ 2023-ലെ സംസ്ഥാന പരിസ്ഥിതി അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ ഇതിനകം തന്നെ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

സ്കൂളിൽ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ സംസാരിച്ച പ്രിൻസിപ്പൽ കെ. അനിൽകുമാർ, ദിലീപ് മാസ്റ്റർ നേടിയ വനമിത്ര അവാർഡ് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ചരിത്രത്തിലെ അഭിമാന നിമിഷമാണെന്ന് പറഞ്ഞു. വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധം വളർത്തുന്നതിനും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലേക്ക് പുതിയ തലമുറയെ കൈപിടിച്ചുയർത്തുന്നതിനും ദിലീപ് നൽകിയ സംഭാവനകൾ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വീകരണ പരിപാടിയിൽ മാനേജർ എൻ. സുനിൽകുമാർ, പ്രസിഡൻ്റ് പി. അരവിന്ദൻ മാസ്റ്റർ, പ്രധാനാധ്യാപകൻ യൂസഫ് ഒതയോത്ത്, പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങൾ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. പൂച്ചെണ്ടുകളും ഉപഹാരങ്ങളും നൽകി ദിലീപിനെ ആദരിച്ച ചടങ്ങ് ആവേശഭരിതമായ അന്തരീക്ഷത്തിലാണ് നടന്നത്.

പരിസ്ഥിതി സംരക്ഷണത്തിന് ജീവിതം സമർപ്പിച്ച അധ്യാപകന്റെ നേട്ടം വിദ്യാലയ സമൂഹത്തിനും പ്രദേശവാസികൾക്കും പ്രചോദനമാകുന്നതാണ്. വനമിത്ര അവാർഡിലൂടെ ലഭിച്ച ഈ അംഗീകാരം കൂടുതൽ ഹരിത പ്രവർത്തനങ്ങൾക്ക് ഊർജം പകരുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/364682/pride-of-the-country-and-the-school-teacher-dr-p-dilip-who-returned-after-receiving-the-vanamitra-award-from-the-state-government-received-a-warm-welcome-at-mokeri-rajiv-gandhi-hss)