---
title: "കുറ്റ്യാടിക്ക് ദുരന്തങ്ങളുടെ 'ശനി' ; മണിക്കൂറുകൾക്കിടെ കുഞ്ഞും, അമ്മയും മകനും മരിച്ചു"
english_title: "Kuttiadi experiences 'Saturday' of tragedies; Baby, mother and son die within hours"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/364417/kuttiadi-experiences-saturday-of-tragedies-baby-mother-and-son-die-within-hours"
published_at: "2026-06-07T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a24fa11e4334_Untitled-2_copy.jpg"
keywords: []
---

# കുറ്റ്യാടിക്ക് ദുരന്തങ്ങളുടെ 'ശനി' ; മണിക്കൂറുകൾക്കിടെ കുഞ്ഞും, അമ്മയും മകനും മരിച്ചു

> **Lead Summary:** ശനിയാഴ്ച കുറ്റ്യാടി മേഖലയിൽ ഉണ്ടായ രണ്ട് വ്യത്യസ്ത ദുരന്തങ്ങളിൽ നാലുമാസം പ്രായമായ പെൺകുഞ്ഞും ഏഴ് വയസുകാരനും, അമ്മയും മരിച്ചതോടെ പ്രദേശം ദുഃഖത്തിലായി.

## Article Content

ശനിയാഴ്ച കുറ്റ്യാടി മേഖലയിൽ ഉണ്ടായ രണ്ട് വ്യത്യസ്ത ദുരന്തങ്ങളിൽ നാലുമാസം പ്രായമായ പെൺകുഞ്ഞും ഏഴ് വയസുകാരനും, അമ്മയും മരിച്ചതോടെ പ്രദേശം ദുഃഖത്തിലായി.

ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ നാലുമാസം പ്രായമായ മകൾ ഇനായയാണ് പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.

പാൽ നൽകിയതിന് പിന്നാലെ കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെടുകയും ഉടൻ കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഉള്ള്യേരിയിലെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയുമായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ കുഞ്ഞ് മരണത്തിന് കീഴടങ്ങി.

ഇതിനിടെ കുറ്റ്യാടിയിൽ മറ്റൊരു ദുരന്തവും അരങ്ങേറി. പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായ പാലേരി സ്വദേശി തൊട്ടത്തിൽക്കണ്ടി സുധീഷിന്റെ മകൻ ശിവനന്ദിന്റെ (7) മൃതദേഹം നാല് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി. കുന്നശ്ശേരി എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ശിവനന്ദ്.

തോട്ടത്താംകണ്ടി ഭാഗത്ത് അലക്കുന്നതിനായി പോയിരുന്ന രമ്യ (35) മക്കൾക്കൊപ്പം ഉണ്ടായിരിക്കെയാണ് അപകടം സംഭവിച്ചത്. കാൽവഴുതി വെള്ളത്തിൽ വീണ ശിവനന്ദിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അമ്മ രമ്യയും ഒഴുക്കിൽപ്പെടുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലിൽ രമ്യയുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിലാണ് ശിവനന്ദിന്റെ മൃതദേഹവും കണ്ടെത്തിയത്.

കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേന, ചേലക്കാട്, പേരാമ്പ്ര എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ, നാട്ടുകാർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനവും തിരച്ചിലും നടത്തിയത്.

ഒരേ ദിവസം നടന്ന ഈ ദുരന്തങ്ങളിൽ മൂന്ന് ജീവനുകൾ നഷ്ടമായത് കുറ്റ്യാടിയെയും പരിസര പ്രദേശങ്ങളെയും കണ്ണീരിലാഴ്ത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/364417/kuttiadi-experiences-saturday-of-tragedies-baby-mother-and-son-die-within-hours)