---
title: "അക്ഷരാർത്ഥത്തിൽ 'റെഡ് അലർട്ടിലേക്ക്' തലശേരി ;  നഗരത്തിലുടനീളം വെള്ളക്കെട്ട്, മണവാട്ടി ജംഗ്ഷനിൽ കടകളിൽ വെള്ളം കയറി"
english_title: "Thalassery literally on 'red alert'; waterlogging throughout the city, shops flooded at Manavatti junction"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/364288/thalassery-literally-on-red-alert-waterlogging-throughout-the-city-shops-flooded-at-manavatti-junction"
published_at: "2026-06-06T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23f25a61dea_Untitled-1_copy.jpg"
keywords: []
---

# അക്ഷരാർത്ഥത്തിൽ 'റെഡ് അലർട്ടിലേക്ക്' തലശേരി ;  നഗരത്തിലുടനീളം വെള്ളക്കെട്ട്, മണവാട്ടി ജംഗ്ഷനിൽ കടകളിൽ വെള്ളം കയറി

> **Lead Summary:** തലശേരി: ശനിയാഴ്ച പെയ്ത കനത്ത മഴയിൽ തലശേരി നഗരത്തിലുടനീളം വെള്ളക്കെട്ട്. മണവാട്ടി ജംഗ്ഷനിൽ പത്തോളം കടകളിൽ വെള്ളം ഇരച്ചെത്തി. റോഡ് പണിയിലെ അപാകതയെന്ന് ആരോപിച്ച വ്യാപാരികൾ, നഗരസഭക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.

## Article Content

തലശേരി: ശനിയാഴ്ച പെയ്ത കനത്ത മഴയിൽ തലശേരി നഗരത്തിലുടനീളം വെള്ളക്കെട്ട്. മണവാട്ടി ജംഗ്ഷനിൽ പത്തോളം കടകളിൽ വെള്ളം ഇരച്ചെത്തി. റോഡ് പണിയിലെ അപാകതയെന്ന് ആരോപിച്ച വ്യാപാരികൾ, നഗരസഭക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.

പുതിയ ബസ് സ്റ്റാന്റ്‌, മണവാട്ടി ജംഗ്ഷൻ, ജൂബിലി റോഡ്,റെയിൽവെ സ്റ്റേഷൻ പരിസരം, കുയ്യാലി പഴയ ബസ്റ്റാന്റ്, സ്റ്റേഡിയം പരിസരം, എ.വി.കെനായർ റോഡിലെ മുജാഹിദ് പള്ളി പരിസരം എന്നിവിടങ്ങളിലെല്ലാം വെളളക്കെട്ടുണ്ടായി. പലയിടത്തും ഫുട്പാത്തും, റോഡും തിരിച്ചറിയാനാവാത്ത അവസ്ഥയായിരുന്നു.

മണവാട്ടി ജംഗ്ഷനിൽ റോഡ് പ്രവൃത്തി ഇനിയും പൂർത്തിയാകാത്തതും പ്രശ്നങ്ങൾക്കിടയാക്കുന്നുണ്ട്. ഇവിടെ കെ.ഷാനവാസിന്റെ പൂട്ട് കേർ, മഹമൂദിന്റെ ലിയ കലക്ഷൻസ്, നാസർ നരിപ്പറ്റയുടെ സെൽവ മെഡിക്കൽ സ്,മുബഷിറിന്റെ ഫാ ബോട്ടിക്ക്, റാഹിലിന്റെ ഹായ് ലേഡി ഫാൻസി, റിയാസിന്റെ ഓപ്ഷൻ സ്, ഉവൈസിന്റെ ഹിന്ദുസ്ഥാൻ പെയിന്റ് ഷോപ്പ്, റഫീഖിന്റെ പെയിന്റ് ഹൗസ് എന്നീ കടകളിലേക്കെല്ലാം വെള്ളം ഇരച്ചെത്തി. ഇവിടെ റോഡുയർത്തിയതും, ഓവ് ചാലുകൾ വൃത്തിയാക്കാത്തതും ദുരിതത്തിനാക്കം കൂട്ടിയതായി വ്യാപാരികൾക്ക് ആക്ഷേപമുണ്ട്. തലശേരി ടാക്സി സ്റ്റാന്റിൽ വെള്ളക്കെട്ട് രൂപപെട്ടു. ഇതേ തുടർന്ന് ടാക്സികളെല്ലാം മാറ്റിയിട്ടു. ഈ കോമ്പൗണ്ടിൽ നിർത്തിയിട്ട ഇരുചക്ര വാഹനങ്ങളെല്ലാം വെള്ളത്തിലാണ്. തലശേരി പച്ചക്കറി മത്സ്യ മാർക്കറ്റിലും വെള്ളം കയറി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/364288/thalassery-literally-on-red-alert-waterlogging-throughout-the-city-shops-flooded-at-manavatti-junction)