---
title: "കാട്ടാന ശല്യം രൂക്ഷം ; കണ്ണവം വെളുമ്പത്ത് സന്ദർശനം നടത്തി എം എൽ എ മാരായ പി.കെ പ്രവീണും, വി.കെ സനോജും"
english_title: "Wild elephant nuisance is severe; MLAs P.K. Praveen and V.K. Sanoj visited Velumbath in Kannavam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/364117/wild-elephant-nuisance-is-severe-mlas-pk-praveen-and-vk-sanoj-visited-velumbath-in-kannavam"
published_at: "2026-06-05T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22fe1b1fc6b_Untitled-3_copy.jpg"
keywords: []
---

# കാട്ടാന ശല്യം രൂക്ഷം ; കണ്ണവം വെളുമ്പത്ത് സന്ദർശനം നടത്തി എം എൽ എ മാരായ പി.കെ പ്രവീണും, വി.കെ സനോജും

> **Lead Summary:** കണ്ണവം വെളുമ്പത്ത് – കാണിയൂർ മേഖലയിൽ തുടർച്ചയായി കാട്ടാനകളിറങ്ങി ജനവാസ മേഖലകളിൽ ഭീതി വിതയ്ക്കുന്ന സാഹചര്യത്തിൽ എംഎൽഎമാരായ പി.കെ പ്രവീൺ, വി.കെ സനോജ് എന്നിവർ പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വന്യജീവി ശല്യം മൂലം ദുരിതത്തിലായ പ്രദേശവാസികളുമായി സംസാരിച്ച ഇരുവരും പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടെത്തുന്നതിനായി സർക്കാർ തലത്തിൽ ശക്തമായ ഇടപെടൽ നടത്തുമെന്ന് ഉറപ്പുനൽകി.

## Article Content

കണ്ണവം വെളുമ്പത്ത് – കാണിയൂർ മേഖലയിൽ തുടർച്ചയായി കാട്ടാനകളിറങ്ങി ജനവാസ മേഖലകളിൽ ഭീതി വിതയ്ക്കുന്ന സാഹചര്യത്തിൽ എംഎൽഎമാരായ പി.കെ പ്രവീൺ, വി.കെ സനോജ് എന്നിവർ പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വന്യജീവി ശല്യം മൂലം ദുരിതത്തിലായ പ്രദേശവാസികളുമായി സംസാരിച്ച ഇരുവരും പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടെത്തുന്നതിനായി സർക്കാർ തലത്തിൽ ശക്തമായ ഇടപെടൽ നടത്തുമെന്ന് ഉറപ്പുനൽകി.

നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്ത് വെള്ളിയാഴ്ച രാവിലെ 6 മണിക്ക് മടങ്ങിയെത്തിയ എം.എൽ.എമാർ രാവിലെ തന്നെ കണ്ണവം മേഖലയിലെത്തിയാണ് ജനങ്ങളുടെ ആശങ്കകൾ കേട്ടറിഞ്ഞത്. കനത്ത മഴയെ പോലും അവഗണിച്ച് രാവിലെ എട്ടുമണിയോടെ വെളുമ്പത്ത്–കാണിയൂർ പ്രദേശത്തെത്തിയ ജനപ്രതിനിധികൾ കാട്ടാന ഭീഷണിയെത്തുടർന്ന് ദുരിതജീവിതം നയിക്കുന്ന കുടുംബങ്ങളെ സന്ദർശിക്കുകയും അവരുടെ പരാതികൾ നേരിട്ട് സ്വീകരിക്കുകയും ചെയ്തു.

കൂത്തുപറമ്പ്, മട്ടന്നൂർ മണ്ഡലങ്ങളുടെ അതിർത്തി പ്രദേശമായ കണ്ണവം മേഖലയിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി കാട്ടാനകളുടെയും കാട്ടുപന്നികളുടെയും ശല്യം വർധിച്ചിരിക്കുകയാണ്. കൃഷിനാശം, സ്വത്തിനുണ്ടാകുന്ന കേടുപാടുകൾ, രാത്രികാല സഞ്ചാരത്തിനുള്ള ഭീതി എന്നിവയെക്കുറിച്ച് നാട്ടുകാർ എം.എൽ.എമാരെ ബോധ്യപ്പെടുത്തി.

സന്ദർശനത്തിനിടെ സംസാരിച്ച വി.കെ. സനോജ് എം.എൽ.എ, വനാതിർത്തി പങ്കിടുന്ന മണ്ഡലങ്ങളിലെ ജനപ്രതിനിധികളുടെ യോഗം കഴിഞ്ഞ ദിവസം വനംമന്ത്രി ഷിബു ബേബി ജോൺ വിളിച്ചുചേർത്തിരുന്നുവെന്നും ആറളം, കണ്ണവം, വാഴമല ഉൾപ്പെടെയുള്ള മേഖലകളിലെ വന്യജീവി ശല്യം വിശദമായി ചർച്ച ചെയ്തതായും അറിയിച്ചു. പ്രശ്നപരിഹാരത്തിനായി എ.ഐ. അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങൾ, ഫെൻസിംഗ് പദ്ധതികൾ എന്നിവ ഉൾപ്പെടെയുള്ള നിരവധി നിർദേശങ്ങൾ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പ്രദേശവാസികളായ വാച്ചർമാരെ ഉൾപ്പെടുത്തി പ്രത്യേക പരിശീലനം ലഭ്യമാക്കി അതിവേഗ പ്രതികരണ സംഘങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്താനും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി.

ജനങ്ങളുടെ ആശങ്കകൾ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് പി.കെ. പ്രവീൺ എം.എൽ.എ പറഞ്ഞു. കാട്ടാന, കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യജീവി ശല്യവുമായി ബന്ധപ്പെട്ട പരാതികൾ വനംമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും നിലവിലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ-1 വിഭാഗത്തിൽ ഉൾപ്പെട്ട മൃഗങ്ങളുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കുന്നതിൽ ചില നിയമപരമായ പരിമിതികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ശ്രദ്ധ ആകർഷിക്കുന്നതിനായി സംസ്ഥാന സർക്കാറിൽ ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രദേശത്തെ ആദിവാസി വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ട്രൈബൽ സ്കൂൾ വാഹനസൗകര്യം ഒരുക്കുമെന്നും, ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന ജില്ലാ പഞ്ചായത്ത് റോഡ് പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും പി.കെ. പ്രവീൺ ഉറപ്പുനൽകി.

പ്രദേശവാസികൾ തയ്യാറാക്കിയ നിവേദനം ഇരു എം.എൽ.എമാരും സ്വീകരിച്ചു. വന്യജീവി ആക്രമണങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിന് സ്ഥിരം പരിഹാരം വേണമെന്ന ആവശ്യമാണ് നിവേദനത്തിൽ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്.

സന്ദർശനത്തിൽ കണ്ണവം ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുധീർ നെരോത്ത്, പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീപൻ മാസ്റ്റർ, പന്ന്യോടൻ ചന്ദ്രൻ എന്നിവരും വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനാ പ്രതിനിധികളും പ്രദേശവാസികളും പങ്കെടുത്തു.

കാട്ടാന ഭീഷണിയാൽ ആശങ്കയിലായ ജനങ്ങൾക്ക് ജനപ്രതിനിധികളുടെ സന്ദർശനം ആശ്വാസമായെങ്കിലും, ശാശ്വത പരിഹാര നടപടികൾ എത്രയും വേഗം നടപ്പിലാക്കണമെന്ന ആവശ്യമാണ് നാട്ടുകാർ ശക്തമായി ഉന്നയിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/364117/wild-elephant-nuisance-is-severe-mlas-pk-praveen-and-vk-sanoj-visited-velumbath-in-kannavam)